ആരുടെയെങ്കിലും പോസ്റ്റിന് നിങ്ങൾ ലൈക്ക് ചെയ്താൽ അക്കാര്യം മറ്റാരും അറിയില്ല, പ്രഖ്യാപനവുമായി മസ്‌ക് 

ന്യൂയോര്‍ക്ക്: സാമൂഹ്യമാധ്യമമായ എക്‌സില്‍ ഇനി പോസ്റ്റുകൾക്ക് നല്‍കുന്ന ലൈക്കുകൾ ഒളിപ്പിച്ചുവെക്കാനാകും. പുതിയ ഫീച്ചറിനെക്കുറിച്ച് ഇന്നലെയാണ് എക്‌സ് സിഇഒ എലോണ്‍ മസ്‌ക് ടെക് ലോകത്തെ അറിയിച്ചത് എന്ന് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഫാൾട്ടായി എല്ലാ എക്സ് ഉപഭോക്താക്കളുടെയും ലൈക്കുകൾ ഹൈഡ് ചെയ്യുന്നതാണ് സംവിധാനം. ചുരുക്കി പറഞ്ഞാൽ പ്രൈവറ്റ് ലൈക്കുകളാകും ഇനിയുണ്ടാകുക. ആരുടെയെങ്കിലും പോസ്റ്റിന് നിങ്ങൾ ലൈക്ക് ചെയ്താൽ അക്കാര്യം മറ്റാരും അറിയില്ല. ഇതുവഴി സ്വതന്ത്രമായും സ്വകാര്യമായും പോസ്റ്റുകൾ ലൈക്ക് ചെയ്യാനാകും. ലൈക്ക് ചെയ്തെന്ന പേരിലുണ്ടാകുന്ന സൈബർ ആക്രമണം തടയാൻ ഇതുവഴിയാകും.

മറ്റുള്ളവരുടെ പ്രതികരണത്തെ പേടിച്ച് ലൈക്ക് ചെയ്യാൻ മടിക്കുന്നുണ്ട്. അതിനുളള പരിഹാരം കൂടിയാണ് ഇതെന്ന് എക്സ് പ്രതിനിധി പ്രതികരിച്ചു. പുതിയ മാറ്റം അനുസരിച്ച് പോസ്റ്റ് ഷെയർ ചെയ്തയാൾക്ക് മാത്രമേ ആരാണ് ലൈക്ക് ചെയ്തതെന്ന് അറിയാനാകൂ. ലൈക്കിനെ കൂടാതെ ആരെല്ലാം റീ പോസ്റ്റ് ചെയ്തിട്ടുണ്ടോന്നോ, ബുക്ക്‌മാർക്ക് ചെയ്തിട്ടുണ്ടെന്നോ മറ്റുള്ളവർക്ക് കാണാനാവില്ല. എന്നാൽ എത്ര ലൈക്കുകൾ പോസ്റ്റുകൾക്ക് ലഭിച്ചിട്ടുണ്ടെന്ന എണ്ണം എല്ലാവർക്കും കാണാനാകും.

Read more: വാട്‌സ്‌ആപ്പ് ബിസിനസ് ആപ്പില്‍ വെരിഫൈഡ് ബാഡ്‌ജുകള്‍; പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റ

കഴിഞ്ഞ ദിവസമാണ് എലോണ്‍ മസ്‌ക് കണ്ടന്‍റ് മോഡറേഷനിൽ മാറ്റം കൊണ്ടുവന്നത്. പ്രായപൂർത്തിയായ ഉപഭോക്താക്കൾക്ക് അഡൾട്ട്, ഗ്രാഫിക് കണ്ടന്‍റുകൾ പോസ്റ്റ് ചെയ്യാനാകുന്ന തരത്തിലാണ് മാറ്റം. ലൈംഗികത വിഷയമായി വരുന്ന കണ്ടന്‍റുകളാണ് അഡൾട്ട് കണ്ടന്‍റുകളിൽ ഉൾപ്പെടുന്നത്. അക്രമം, അപകടങ്ങൾ, ക്രൂരമായ ദൃശ്യങ്ങൾ പോലുള്ളവ ഉൾപ്പെടുന്നവയാണ് ഗ്രാഫിക് കണ്ടന്‍റുകളിൽപ്പെടുന്നത്. നേരത്തെയും അഡൾട്ട് കണ്ടന്‍റുകൾ പോസ്റ്റ് ചെയ്യാനാകുമെങ്കിലും ഔദ്യോഗികമായി കമ്പനി അനുവാദം നൽകിയിരുന്നില്ല. 

സമ്മതത്തോടെ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ലൈംഗികത വിഷയമായിവരുന്ന ഉള്ളടക്കങ്ങൾ കാണാനും ഷെയർ ചെയ്യാനും ഉപഭോക്താക്കൾക്ക് കഴിയണമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നാണ് കമ്പനിയുടെ സപ്പോർട്ട് പേജിലെ അഡൾട്ട് കണ്ടന്റ് പോളിസിയിൽ പറയുന്നത്. പോണോഗ്രഫി കാണാൻ ആഗ്രഹിക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും എക്‌സിൽ അവ ദ്യശ്യമാവില്ലെന്നും പേജിൽ പറയുന്നു. 18 വയസിൽ താഴെയുള്ള ഉപഭോക്താക്കൾക്ക് വേണ്ടിയും പ്രായം വെളിപ്പെടുത്താത്തവർക്ക് വേണ്ടിയുമുള്ള പ്രത്യേക നയങ്ങളും കമ്പനിക്കുണ്ട്.

Read more: ശബ്ദം ത്രീഡിയില്‍, ഫോണ്‍ വിളിക്കുന്നയാള്‍ അടുത്തെത്തിയതുപോലെ! വിപ്ലവ പരീക്ഷണവുമായി നോക്കിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം