ഗ്രോക്ക് എഐ ചാറ്റ്ബോട്ട് അടുത്തിടെ ചില ഉപയോക്താക്കൾക്ക് മറുപടി നൽകുമ്പോൾ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും, ജൂതന്മാർക്കെതിരെ അഭിപ്രായങ്ങൾ പറഞ്ഞുവെന്നും, നാസി ഏകാധിപതി അഡോൾഫ് ഹിറ്റ്ലറെ പ്രശംസിച്ചു എന്നുമായിരുന്നു പരാതികള്‍

ടെക്‌സസ്: ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്‌കിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനിയായ എക്സ്എഐ, അവരുടെ ചാറ്റ്ബോട്ടായ ഗ്രോക്കിലെ തകരാറിന് ക്ഷമാപണം നടത്തി. അടുത്തിടെയാണ് ഹിറ്റ്‌ലറെ പ്രശംസിച്ചും ജൂതവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചും ഗ്രോക്ക് വിവാദത്തിൽ കുടുങ്ങിയത്. ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരിയിരിക്കുകയാണ് ഗ്രോക്ക് എഐ ചാറ്റ്‌ബോട്ടിന്‍റെ നിര്‍മ്മാതാക്കളായ എക്‌സ്എഐ.

ഗ്രോക്ക് ചാറ്റ്‌ബോട്ടിനോട് ലളിതമായ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ചാറ്റ്ബോട്ട് അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും വംശീയ പരാമർശങ്ങൾ നടത്തിയെന്നും പല ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നു. മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറെ നല്ല മനുഷ്യനായി അവതരിപ്പിച്ചുവെന്നും നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം പരാതിപ്പെടുകയുണ്ടായി. ഈ സംഭവങ്ങളുടെ സ്ക്രീൻഷോട്ടുകളും വീഡിയോകളും വൈറലായിരുന്നു. ഇതോടെ, ഗ്രോക്കും എക്സ്എഐയും കടുത്ത വിമർശനത്തിന് വിധേയമാകാൻ തുടങ്ങി. ഇതേത്തുടര്‍ന്നാണ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് എക്‌സ്എഐ എക്സിൽ ക്ഷമാപണം പോസ്റ്റ് ചെയ്തത്. തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കാരണം ചാറ്റ്ബോട്ടിന്‍റെ കോർ ലാംഗ്വേജ് മോഡൽ മൂലമല്ല, മറിച്ച് ഗ്രോക്ക് ബോട്ടിന്‍റെ അപ്‌സ്ട്രീം കോഡിലെ പഴയതും തെറ്റായതുമായ ഒരു അപ്‌ഡേറ്റ് മൂലമാണെന്ന് കമ്പനി വ്യക്തമാക്കി.

പ്രശ്നം ചാറ്റ്ബോട്ടിന്‍റെ ഭാഷാ മോഡലിൽ അല്ല, മറിച്ച് എക്സ് ഉപയോക്താക്കളുടെ പോസ്റ്റുകൾ പ്രോസസ്സ് ചെയ്യുന്ന സംവിധാനത്തിലാണെന്ന് എക്‌സ്എഐ കമ്പനി പറയുന്നു. പഴയ കോഡ് 16 മണിക്കൂർ സജീവമായി തുടർന്നുവെന്നും അതിനാലാണ് ഗ്രോക്ക് എഐ ചില സെമിറ്റിക് വിരുദ്ധ പോസ്റ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതെന്നും പിന്നീട് അത് ആവർത്തിക്കാൻ തുടങ്ങിയെന്നും എക്സ്എഐ ക്ഷമാപണത്തില്‍ വിശദീകരിക്കുന്നു. ഈ തകരാർ കണ്ടെത്തിയ ഉടൻ തന്നെ പഴയ കോഡ് നീക്കം ചെയ്തെന്നും എക്സ്എഐ പറയുന്നു. ഇതിനുശേഷം, സിസ്റ്റം പുനഃക്രമീകരിച്ചു. ഇതിനുപുറമെ, ഭാവിയിൽ ഇത്തരം തകരാർ വീണ്ടും നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കാൻ നിരവധി പുതിയ സുരക്ഷാ നടപടികളും അവതരിപ്പിച്ചിട്ടുണ്ടെന്നും എക്സ്എഐ അവകാശപ്പെട്ടു.

മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺഎഐ, ആൽഫബെറ്റിന്‍റെ ഗൂഗിള്‍ എന്നിവയെ വെല്ലുവിളിച്ച് 2023-ൽ ഇലോണ്‍ മസ്‌ക് സ്ഥാപിച്ച കമ്പനിയാണ് എക്സ്എഐ. ഈ എക്‌സ്എഐ വികസിപ്പിച്ച ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചാറ്റ്ബോട്ട് ആണ് ഗ്രോക്ക്. മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള എക്‌സ് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചിരിക്കുകയാണ് ഗ്രോക്ക്. 

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News