ഏറെ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഷവോമി റെഡ്മി നോട്ട് 4 ഫോണ്‍ പൊട്ടിത്തെറിച്ചത് വിവാദമാകുന്നു. ബംഗളുരുവിലെ ഒരു കടയില്‍വെച്ചാണ് പുതിയ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചത്. ബോക്‌സ് പൊട്ടിച്ച കടയുടമ, ഫോണില്‍ സിം ഇടാന്‍ ശ്രമിക്കവെ, ഉപഭോക്താവിന്റെ മുന്നില്‍വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ ഫോണ്‍ പൂര്‍ണമായും കത്തിനശിച്ചു. സാധാരണഗതിയില്‍ അമിതമായി ചൂടാവുകയോ, ചാര്‍ജ് ചെയ്യുമ്പോഴോ ആണ് ഫോണ്‍ പൊട്ടിത്തെറിക്കാറുള്ളത്. ഇത്തരമൊരു സംഭവം ഇന്ത്യയില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഷവോമി കമ്പനി വക്താവ് അറിയിച്ചു. ഉപഭോക്താവിന് കത്തിനശിച്ച ഫോണിന് പകരം പുതിയത് നല്‍കുമെന്നും എന്‍ഡിടിവിയോട് കമ്പനി വക്താവ് പ്രതികരിച്ചു. ഏതായാലും ഷവോമി ഫോണ്‍ പൊട്ടിത്തെറിച്ചെന്ന വാര്‍ത്ത ഉപഭോക്താക്കളില്‍ വന്‍ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.