ലണ്ടൻ ആസ്ഥാനമായ നത്തിംഗ്, പുതിയ ഫോൺ 4a, 4a പ്രോ മോഡലുകൾ മാർച്ച് 5-ന് പുറത്തിറക്കും. പ്രധാന സവിശേഷത ഒമ്പത് മിനി-എൽഇഡികളുള്ള 'ഗ്ലിഫ് ബാർ' എന്ന പുതിയ ലൈറ്റിംഗ് ഇന്റർഫേസാണ്.

ലണ്ടന്‍: ലണ്ടൻ ആസ്ഥാനമായ സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ നത്തിംഗ് പുതിയ ഫോൺ 4a സീരീസ് മാർച്ച് 5ന് പുറത്തിറക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫോൺ 4എ, ഫോൺ 4എ പ്രോ മോഡലുകളെക്കുറിച്ചുള്ള ടീസറുകൾ കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ, ഈ സീരീസിൽ ആദ്യമായി അവതരിപ്പിക്കുന്ന 'ഗ്ലിഫ് ബാർ' എന്ന പുതിയ ലൈറ്റിംഗ് ഇന്‍റർഫേസിന്‍റെ ദൃശ്യങ്ങൾ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നത്തിംഗ് ഫോൺ 4a സീരീസ്

എക‌്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയിൽ, പുതിയ ഗ്ലിഫ് ബാർ നിർമ്മിക്കുന്ന പ്രക്രിയയാണ് കാണിക്കുന്നത്. ഒമ്പത് മിനി-എൽഇഡി ലൈറ്റുകൾ ഉൾക്കൊള്ളുന്ന സംവിധാനമാണിതെന്ന് നത്തിംഗ് പറയുന്നു. ഓരോ മിനി-എൽഇഡിയും വ്യക്തിഗതമായി നിയന്ത്രിക്കാനും ഇഷ്ടാനുസരണം ക്രമീകരിക്കാനും സാധിക്കും. മുൻ (എ) സീരീസിനേക്കാൾ 40 ശതമാനം കൂടുതൽ പ്രകാശമുള്ളതാണ് പുതിയ ഗ്ലിഫ് ബാർ എന്നതാണ് കമ്പനിയുടെ അവകാശവാദം.

ടീസറിൽ കാണുന്നത് ഏഴ് എൽഇഡി യൂണിറ്റുകളാണെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിൽ ഒമ്പത് യൂണിറ്റുകളാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒരു എൽഇഡി ചുവപ്പ് നിറത്തിലും ബാക്കിയുള്ളവ വെള്ള നിറത്തിലുമാണ് ദൃശ്യമാകുന്നത്. അന്തിമ മോഡലിൽ നിറങ്ങൾ മാറ്റാനാവുമോ എന്നത് വ്യക്തമല്ല. മുൻപ് പുറത്തിറങ്ങിയ ഫോൺ 3a സീരീസിലെ ഗ്ലിഫ് ലൈറ്റുകൾക്കും ഫോൺ 3ൽ അവതരിപ്പിച്ച ഗ്ലിഫ് മാട്രിക്‌സിനും പകരമാണ് പുതിയ ഗ്ലിഫ് ബാർ.

പുതിയ നിറങ്ങളിൽ ഫോൺ 4എ സീരീസ് എത്തുമെന്ന് ടീസറുകൾ സൂചിപ്പിക്കുന്നു. നീലയും പിങ്കും ഉൾപ്പെടുന്ന വർണങ്ങളിൽ മോഡലുകൾ ലഭ്യമാകാനാണ് സാധ്യത. സുതാര്യ ഡിസൈൻ നിലനിർത്തിയുള്ള പുതുമയാർന്ന രൂപകൽപ്പനയാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. നത്തിംഗ് സിഇഒ കാർൽ പേയ് മുൻപ് പറഞ്ഞത് പോലെ, ഫോൺ 4a സീരീസ് “ഫ്ലാഗ്ഷിപ്പ് നിലവാരത്തിലുള്ള” അനുഭവം നൽകുമെന്നാണ് വിലയിരുത്തൽ.

നത്തിംഗ് ഫോൺ 4a: മറ്റ് വിവരങ്ങള്‍

നത്തിംഗ് ഫോൺ 4a-യിൽ സ്‍നാപ്‌ഡ്രാഗൺ 7s ജെൻ 4 ചിപ്പ് ഉണ്ടായേക്കുമെന്നാണ് ലീക്കുകള്‍. പ്രോ മോഡലിൽ സ്‍നാപ്‌ഡ്രാഗൺ 7 ജെൻ 4 ലഭ്യമാകാനാണ് സാധ്യത. 6.7 ഇഞ്ച് 1.5K അമോലെഡ് ഡിസ്പ്ലേയോടെയാണ് ഇരുപ്രധാന മോഡലുകളും എത്തുക. പ്രോ മോഡലിൽ 144Hz റിഫ്രെഷ് റേറ്റ് ലഭിക്കുമ്പോൾ സാധാരണ മോഡലിൽ 120Hz ആയിരിക്കും. 50 മെഗാപിക്സൽ 3.5x പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസോടുകൂടിയ ട്രിപ്പിൾ ക്യാമറ സംവിധാനവും പ്രോ മോഡലിൽ പ്രതീക്ഷിക്കുന്നു. ഐപി65 ഡസ്റ്റ്, സ്പ്ലാഷ് റെസിസ്റ്റൻസും ഫോണുകളിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ജർമ്മനിയിലും സ്പെയിനിലും ഫോൺ 4 എയുടെ വില 389 യൂറോ മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രോ മോഡൽ 479 യൂറോ മുതൽ ലഭ്യമാകാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming