എഐ ടൂളുകള്‍ ഉപയോഗിക്കാന്‍ അറിയാവുന്ന ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വരുംകാലത്ത് കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ടെന്നും പെര്‍പ്ലെക്സിറ്റി എഐ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ്
കാലിഫോര്‍ണിയ: യുവ സമൂഹത്തോട് ഇന്‍സ്റ്റഗ്രാമില്‍ സമയം ചിലവിടുന്നത് കുറയ്ക്കാനും എഐ ടൂളുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധപതിപതിപ്പിക്കാനും ആവശ്യപ്പെട്ട് പെര്‍പ്ലെക്സിറ്റി എഐ സഹസ്ഥാപകന്‍ അരവിന്ദ് ശ്രീനിവാസ്. എഐ ടൂളുകള്‍ ഉപയോഗിക്കാന്‍ അറിയാവുന്ന ആളുകള്‍ക്കാണ് വരും കാലത്ത് കൂടുതല്‍ തൊഴില്‍ സാധ്യതയെന്നും എഐ ഉപയോഗിക്കാന്‍ അറിയാത്തവര്‍ തൊഴില്‍ മേഖലയില്‍ പിന്നോട്ടുപോവുമെന്നും ഒരു അഭിമുഖത്തില്‍ അരവിന്ദ് ശ്രീനിവാസ് മുന്നറിയിപ്പ് നല്‍കി. ഇത്രത്തോളം അതിവേഗം പുതിയൊരു സാങ്കേതികവിദ്യയുമായി താതാത്മ്യപ്പെടേണ്ട ചരിത്രം മനുഷ്യകുലത്തിന് മുമ്പുണ്ടായിട്ടില്ലെന്നും, ഓരോ മൂന്നുമാസം അല്ലെങ്കില്‍ ആറ് മാസം കൂടുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യ പുതിയ തലത്തിലേക്ക് എത്തുകയാണെന്നും പെര്‍പ്ലെക്‌സിറ്റി സിഇഒ കൂട്ടിച്ചേര്‍ത്തു.
എഐ സാങ്കേതികവിദ്യ വലിയ തൊഴില്‍ നഷ്‌ടം സൃഷ്ടിക്കുന്നു എന്ന ആശങ്കകള്‍ക്കിടെയാണ് പെര്‍പ്ലെക്സിറ്റി സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ് തന്‍റെ കാഴ്‌ചപ്പാടുകള്‍ വ്യക്തമാക്കിയത്. എഐ കാരണം തൊഴില്‍ നഷ്‌ടപ്പെടുന്നവര്‍ പുതിയ സംരംഭകരായി മാറണമെന്ന് അദേഹം നിര്‍ദ്ദേശിച്ചു. എഐ രംഗത്ത് തരംഗമായിരിക്കുന്ന കമ്പനികളിലൊന്നാണ് അരവിന്ദ് ശ്രീനിവാസ് സഹസ്ഥാപകനായ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്സിറ്റി. നിലവിൽ 14 ബില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന എഐ സ്റ്റാർട്ടപ്പ് ആണ് പെർപ്ലെക്സിറ്റി. പെർപ്ലെക്സിറ്റിയെ ഏറ്റെടുക്കാന്‍ ആപ്പിള്‍ അടക്കമുള്ള വന്‍കിട ടെക് കമ്പനികള്‍ താത്പര്യം കാണിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 'കോമറ്റ്' എന്ന പേരില്‍ സ്വന്തം എഐ വെബ് ബ്രൗസര്‍ അടുത്തിടെ പെര്‍പ്ലെക്‌സിറ്റി അവതരിപ്പിച്ചിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്കായി ജോലികള്‍ ചെയ്യാന്‍ കഴിയുന്ന ഏജന്‍റ് എന്ന നിലയിലാണ് കോമറ്റിനെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് പെര്‍പ്ലെക്സിറ്റി പറയുന്നത്.
എഐ സെര്‍ച്ച് എഞ്ചിനായ പെര്‍പ്ലെക്‌സിറ്റിയുടെ പ്രോ വേര്‍ഷന്‍ ഒരു വര്‍ഷക്കാലം എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും സൗജന്യമായി ഉപയോഗിക്കാമെന്ന പ്രഖ്യാപനം അടുത്തിടെ കമ്പനി നടത്തിയിരുന്നു. പെര്‍പ്ലെക്‌സിറ്റിയുമായി സഹകരിച്ച് എയര്‍ടെല്‍ 12 മാസത്തേക്ക് 17,000 രൂപ വിലയുള്ള സബ്‌സ്‌ക്രിപ്ഷനാണ് ഉപഭോക്താക്കള്‍ക്ക് ഫ്രീയായി നല്‍കുന്നത്. എയര്‍ടെല്ലിന്‍റെ മൊബൈല്‍, വൈ-ഫൈ, ഡിടിഎച്ച് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് തത്സമയവും കൃത്യവും ആഴത്തില്‍ ഗവേഷണം ചെയ്തതുമായ പ്രതികരണങ്ങള്‍ നല്‍കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്‌ഠിത സെര്‍ച്ച് എഞ്ചിനാണ് പെര്‍പ്ലെക്‌സിറ്റി. എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ ലോഗിന്‍ ചെയ്ത് എല്ലാ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കും പെര്‍പ്ലെക്‌സിറ്റി പ്രോ ഒരു വര്‍ഷക്കാലം സൗജന്യമായി ഉപയോഗിക്കാം.



