ജൂലൈ 21 മുതൽ യൂട്യൂബിൽ ട്രെന്‍ഡിംഗ് പേജ് ഫീച്ചർ നഷ്‍ടമാകും, 2015-ലായിരുന്നു ട്രെന്‍ഡിംഗ് പേജ് ഫീച്ചര്‍ അവതരിപ്പിച്ചത്

വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് അതിന്‍റെ പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കള്‍ കണ്ടന്‍റുകൾ കണ്ടെത്തുന്ന രീതിയിൽ വലിയ മാറ്റം വരുത്തുകയാണ്. ജൂലൈ 21 മുതൽ ട്രെൻഡിംഗ് പേജും ട്രെൻഡിംഗ് നൗ ലിസ്റ്റും നീക്കം ചെയ്യും. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് 2015-ൽ ആദ്യമായി അവതരിപ്പിച്ച ഫീച്ചറാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്. അവയുടെ സ്ഥാനത്ത് പുതുതായി യൂട്യൂബ് കാറ്റഗറി ചാർട്ടുകൾ അവതരിപ്പിക്കും. വ്യത്യസ്ത വിഭാഗങ്ങളിലെ ഏറ്റവും ജനപ്രിയമായ ഉള്ളടക്കം ഈ ചാർട്ടുകൾ ഹൈലൈറ്റ് ചെയ്യും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ട്രെൻഡിംഗ് പേജിലേക്കുള്ള സന്ദർശനങ്ങൾ വലിയ രീതിയിൽ കുറഞ്ഞുവെന്ന് കമ്പനി പറയുന്നു. ഉപയോക്താക്കൾ പ്ലാറ്റ്‌ഫോമിൽ മറ്റ് പല വഴികളിലൂടെയും കണ്ടെന്‍റ് കണ്ടെത്തുന്നു എന്നതാണ് ഇതിന് കാരണമായി യൂട്യൂബ് പറയുന്നത്.

2025 ജൂലൈ 21 മുതൽ തങ്ങളുടെ ട്രെൻഡിംഗ് പേജ് അവസാനിപ്പിക്കുമെന്ന് യൂട്യൂബ് അധികൃതര്‍ അറിയിച്ചു. പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ട്രെൻഡിംഗ് വീഡിയോകൾ ഇവിടെയാണ് കാണിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഷോർട്ട്സ്, സെർച്ച് നിർദ്ദേശങ്ങൾ, കമന്‍റുകൾ, കമ്മ്യൂണിറ്റി പോസ്റ്റുകൾ തുടങ്ങിയ ഓപ്ഷനുകൾ വഴി ആളുകൾ ഇപ്പോൾ ട്രെൻഡിംഗ് വീഡിയോകൾ ആക്‌സസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് യൂട്യൂബ് അവരുടെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഇക്കാരണത്താൽ ട്രെൻഡിംഗ് പേജിന്‍റെ ഉപയോഗക്ഷമത ക്രമേണ കുറയാനും കമ്പനി അത് അടച്ചുപൂട്ടാനും തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.

ട്രെൻഡിംഗ് വീഡിയോകൾ കാണാൻ ഇനി മുതൽ യൂട്യൂബ് ചാർട്ടുകൾ ഉപയോഗിക്കാമെന്ന് യൂട്യൂബ് അറിയിച്ചു. നിലവിൽ ഈ ചാർട്ടുകൾ യൂട്യൂബ് മ്യൂസിക്കിന് മാത്രമേ ലഭ്യമാകൂ. അവിടെ ഉപയോക്താക്കൾക്ക് ട്രെൻഡിംഗ് മ്യൂസിക് വീഡിയോകൾ, മികച്ച പോഡ്‌കാസ്റ്റ് ഷോകൾ, ട്രെൻഡിംഗ് മൂവി ട്രെയിലറുകൾ എന്നിവ കാണാൻ കഴിയും. ഭാവിയിൽ കൂടുതൽ വിഭാഗങ്ങൾ ഇതിലേക്ക് ചേർക്കും. ഗെയിമിംഗ് വീഡിയോകൾക്കായി, ഗെയിമിംഗ് എക്സ്പ്ലോർ പേജിൽ ഉപയോക്താക്കൾക്ക് ഇപ്പോഴും ട്രെൻഡിംഗ് വീഡിയോകൾ കാണാൻ കഴിയും.

നിരവധി കണ്ടന്‍റ് ക്രിയേറ്റേഴ്സ് തങ്ങളുടെ ജനപ്രീതി അളക്കുന്നതിനും പുതിയ ട്രെൻഡുകൾ മനസിലാക്കുന്നതിനും ട്രെൻഡിംഗ് പേജ് ഉപയോഗിച്ചിരുന്നു. അതേസമയം, യൂട്യൂബ് സ്റ്റുഡിയോയുടെ ഇൻസ്പിരേഷൻ ടാബിൽ കണ്ടന്‍റ് ക്രിയേറ്റേഴ്സ് ഇപ്പോൾ പേഴ്സണലൈസ് ആശയങ്ങൾ ലഭിക്കുമെന്നും ഇത് ഉള്ളടക്ക ആസൂത്രണത്തിൽ അവരെ സഹായിക്കുമെന്നും യൂട്യൂബ് അറിയിച്ചു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News