ഗൂഗിൾ തങ്ങളുടെ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ എഐ നിർമ്മിത ഉള്ളടക്കങ്ങൾ തിരിച്ചറിയാൻ പുതിയ സംവിധാനം അവതരിപ്പിച്ചു. ഇതനുസരിച്ച്, ഫോട്ടോറിയലിസ്റ്റിക് എഐ വീഡിയോകൾക്ക് യൂട്യൂബ് സ്വമേധയാ ലേബലുകൾ ചേർക്കും, ഇത് ഉപയോക്താക്കൾക്ക് ഉള്ളടക്കത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തത നൽകാൻ സഹായിക്കും. 

കാലിഫോര്‍ണിയ: ഗൂഗിൾ തങ്ങളുടെ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിൽ എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന കോണ്ടന്‍റുകൾ തിരിച്ചറിയുന്നത് എളുപ്പമാക്കുന്നതിനായി വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഗൂഗിൾ I/O 2026-ൽ അവതരിപ്പിച്ച പുതിയ പദ്ധതിയുടെ ഭാഗമായി, ഫോട്ടോറിയലിസ്റ്റിക് എഐ ഉപയോഗം കൂടുതലായി കണ്ടെത്തുമ്പോൾ യൂട്യൂബ് സ്വയം ലേബലുകൾ ചേർക്കുമെന്ന് കമ്പനി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതുവരെ, എഐ ഉപയോഗിച്ചുള്ള ഉള്ളടക്കം ക്രിയേറ്റർമാർ തന്നെ രേഖപ്പെടുത്തണം എന്നതായിരുന്നു പ്രധാന നിയമം. എന്നാൽ ഇനി അത് മാത്രം ആശ്രയിക്കാതെ, യൂട്യൂബ് സ്വന്തം ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ച് എഐ സൃഷ്‌ടികൾ തിരിച്ചറിയുകയും ആവശ്യമായപ്പോൾ സ്വമേധയാ ലേബൽ ചേർക്കുകയും ചെയ്യും. ഇതിന്‍റെ പ്രധാന ലക്ഷ്യം ഉപയോക്താക്കളെ അവർ കാണുന്ന ഉള്ളടക്കം യഥാർഥമാണോ എഐ സൃഷ്ടമാണോ എന്ന് കൂടുതൽ വ്യക്തമായി അറിയിക്കുക എന്നതാണ്.

കമ്പനിയുടെ പുതിയ സംവിധാനത്തിൽ, വീഡിയോയിൽ വലിയ തോതിൽ ഫോട്ടോറിയലിസ്റ്റിക് എഐ ഉപയോഗം കണ്ടെത്തിയാൽ യൂട്യൂബ് സ്വയം ലേബൽ നൽകും. ക്രിയേറ്റർ മറന്നുപോയാലും അല്ലെങ്കിൽ അറിയിക്കാതിരുന്നാലും ഈ സംവിധാനം പ്രവർത്തിക്കും. തെറ്റായി ലേബൽ ചേർത്തതായി തോന്നുന്ന സാഹചര്യങ്ങളിൽ ക്രിയേറ്റർമാർക്ക് അത് തിരുത്താൻ അപേക്ഷിക്കാനും കഴിയും. എന്നാൽ ഗൂഗിളിന്‍റെ സ്വന്തം എഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾക്ക്, പ്രത്യേകിച്ച് വിയോ, ഡ്രീം സ്‍ക്രീൻ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ ഉള്ളടക്കങ്ങൾക്ക്, ലേബൽ സ്ഥിരമായിരിക്കാം. അവ നീക്കം ചെയ്യാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

ലേബലുകളുടെ ദൃശ്യവിന്യാസത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുമ്പ് ഈ വിവരങ്ങൾ കൂടുതലായും വീഡിയോ വിവരണത്തിൽ മാത്രം കാണപ്പെട്ടിരുന്നു. ഇനി മുതൽ ദൈർഘ്യമുള്ള വീഡിയോകളിൽ പ്ലെയറിന് താഴെയും ഷോർട്സ് വീഡിയോകളിൽ ഓവർലേ രൂപത്തിലും ലേബലുകൾ കാണിക്കും. കൂടാതെ, C2PA എന്ന സാങ്കേതിക മാനദണ്ഡം ഉപയോഗിച്ച് എഐ നിർമ്മിതമാണെന്ന് സ്ഥിരീകരിക്കുന്ന വീഡിയോകൾക്ക് സ്ഥിരമായ ലേബലിംഗ് ഉണ്ടാകും. എഐ ഉള്ളടക്കത്തിന്റെ സുതാര്യത വർധിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

അതേസമയം, ഈ ലേബലുകൾ വീഡിയോയുടെ ശുപാർശകളെയോ വരുമാന സാധ്യതയെയോ ബാധിക്കില്ല എന്നാണ് യൂട്യൂബ് വ്യക്തമാക്കുന്നത്. ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തതയും വിശ്വാസ്യതയും നൽകുക എന്നതാണ് ഈ മാറ്റങ്ങളുടെ പ്രധാന ഉദ്ദേശം എന്നും കമ്പനി പറയുന്നു . എഐ വീഡിയോ നിർമ്മാണം വേഗത്തിൽ വികസിക്കുന്ന സാഹചര്യത്തിൽ, യഥാർഥവും കൃത്രിമവുമായ ഉള്ളടക്കം വേർതിരിക്കുന്നത് കൂടുതൽ പ്രയാസകരമാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News