വാട്‍സ്ആപ്പ് ചാനൽ അഡ്‌മിൻമാർക്കായി "ചാനൽ സ്റ്റാറ്റസ്" എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഇത് വഴി അഡ്‌മിൻമാർക്ക് ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയടങ്ങിയ താൽക്കാലിക അപ്‌ഡേറ്റുകൾ 24 മണിക്കൂർ നേരത്തേക്ക് സ്റ്റാറ്റസായി പങ്കിടാൻ സാധിക്കും.
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‍സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇപ്പോഴിതാ ചാനൽ അഡ്‌മിൻമാർക്കായി “ചാനൽ സ്റ്റാറ്റസ്” എന്ന പുതിയ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ. ഈ ഫീച്ചർ വഴി ചാനൽ ഉടമകൾക്ക് താൽക്കാലികമായി ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് അടക്കമുള്ള അപ്‌ഡേറ്റുകൾ സ്റ്റാറ്റസ് രൂപത്തിൽ പങ്കിടാൻ കഴിയും.
വാട്‌സ്ആപ്പില്‍ പുത്തന്‍ സവിശേഷത
നിലവിൽ വ്യക്തിഗത ഉപയോക്താക്കൾക്കാണ് വാട്‌സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാനുള്ള സൗകര്യമുള്ളത്. എന്നാൽ പുതിയ മാറ്റത്തോടെ ചാനൽ അഡ്‌മിൻമാർക്കും അവരുടെ ഫോളോവേഴ്‌സുമായി കൂടുതൽ വേഗത്തിലും എളുപ്പത്തിലും ആശയവിനിമയം നടത്താൻ അവസരം ലഭിക്കും. വാബീറ്റഇൻഫോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഈ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ 24 മണിക്കൂറിന് ശേഷം സ്വയം അപ്രത്യക്ഷമാകും. അതിനാൽ സ്ഥിരമായ പോസ്റ്റുകൾക്ക് പകരം താൽക്കാലിക അറിയിപ്പുകൾ പങ്കിടാൻ ഈ സംവിധാനം കൂടുതൽ അനുയോജ്യമാകും.
ചാനൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നതിനായി ആദ്യം അഡ്‌മിൻ സ്വന്തം ചാനൽ തുറന്ന് ക്രിയേറ്റ് സ്റ്റാറ്റസ് ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവ ചേർക്കാൻ സാധിക്കും. സ്റ്റാറ്റസ് എഡിറ്റിംഗ് വിഭാഗത്തിൽ ടെക്സ്റ്റ്, സ്റ്റിക്കർ, മറ്റ് ഗ്രാഫിക് ഘടകങ്ങൾ എന്നിവ ഉൾപ്പെടുത്തി കൂടുതൽ ആകർഷകമാക്കാനും കഴിയും. ഒന്നിലധികം ചാനലുകൾ കൈകാര്യം ചെയ്യുന്നവർക്ക് ഏത് ചാനലിലേക്കാണ് സ്റ്റാറ്റസ് പങ്കിടേണ്ടതെന്ന് തിരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. എന്നാൽ ഒരേസമയം ഒരു ചാനലിൽ മാത്രമേ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാൻ സാധിക്കൂ.
ഫോളോവേഴ്‌സിനും ഈ ഫീച്ചറിലൂടെ കൂടുതൽ ഇടപെടൽ സാധ്യമാകും. സ്റ്റാറ്റസുകൾക്ക് ലൈക്ക് നൽകുക, അവ സ്വന്തം വാട്‍സ്ആപ്പ് സ്റ്റാറ്റസിലേക്ക് ഷെയർ ചെയ്യുക തുടങ്ങിയ സംവിധാനങ്ങളും പരീക്ഷണഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. വ്യക്തിഗത സ്റ്റാറ്റസുകളിൽ നിന്ന് വ്യത്യസ്തമാക്കാൻ ചാനൽ സ്റ്റാറ്റസ് എന്ന ലേബലോടെ ആയിരിക്കും ഇവ പ്രദർശിപ്പിക്കുക.
ഇവന്‍റ് റിമൈൻഡറുകൾ, പ്രധാന അറിയിപ്പുകൾ, പ്രമോഷൻ വിവരങ്ങൾ തുടങ്ങിയ താൽക്കാലിക ഉള്ളടക്കങ്ങൾ പങ്കിടാൻ ഈ ഫീച്ചർ ഏറെ സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ ആൻഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ഘട്ടംഘട്ടമായാണ് ഫീച്ചർ പുറത്തിറക്കുന്നത്. വരും ആഴ്‌ചകളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



