ദീപീന്ദർ ഗോയലിന്‍റെ ട്വീറ്റിന് പിന്നാലെ പഴയൊരു പരസ്യം കുത്തിപ്പൊക്കി എക്സില്‍ ആളുകള്‍, അതിന് സൊമാറ്റോ സിഇഒയുടെ മറുപടിയും എത്തി
നോയിഡ: 'എഐയെ രണ്ടാം തലച്ചോറായി ഉപയോഗിക്കുന്നയാളാണോ നിങ്ങള്‍? എങ്കില്‍ സുപ്രധാന ചുമതലയിലേക്ക് ജോലിക്കായി അപേക്ഷിക്കാം'... ഇന്ത്യയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തെ പ്രധാന ആപ്പുകളിലൊന്നായ സൊമാറ്റോയുടെ സിഇഒയായ ദീപീന്ദർ ഗോയലാണ് ഇങ്ങനെയൊരു കാര്യം പരസ്യം ചെയ്തിരിക്കുന്നത്. എഐ വളരെയധികം ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തില്‍ ഈ പരസ്യം വൈറലാവുകയും ചെയ്തു.
ഇതിനകം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ രണ്ടാം തലച്ചോറായി ഉപയോഗിക്കുന്ന ബിസിനസ്, പ്രൊഡക്ട് ലീഡര്‍മാരെ എനിക്ക് ആവശ്യമുണ്ട്. അങ്ങനെയുള്ളയാളാണ് നിങ്ങളെങ്കില്‍ എനിക്ക് d@zomato.com എന്ന വിലാസത്തിലേക്ക് നേരിട്ട് എഴുതൂ. ഐ ഹാവ് എ സെക്കന്‍ഡ് ബ്രെയിന്‍ എന്ന് സബ്‌ജക്റ്റ് വെക്കാന്‍ മറക്കണ്ട- എന്നുമാണ് ദീപീന്ദർ ഗോയലിന്‍റെ ട്വീറ്റ്. എന്നാല്‍ എന്ത് ചുമതലയിലേക്കാണ് ആളെയെടുക്കുന്നത് എന്ന് ഗോയല്‍ വ്യക്തമാക്കിയിട്ടില്ല. എഐയെ രണ്ടാം തലച്ചോറ് എന്ന് വിശേഷിപ്പിച്ച ദീപീന്ദർ ഗോയലിന്‍റെ ക്രിയേറ്റിവിറ്റിയെ പലരും കമന്‍റ് ബോക്‌സില്‍ പ്രശംസിച്ചു. എഐ എന്‍റെ പ്രൊഡക്റ്റിവിറ്റി വര്‍ധിപ്പിച്ചു എന്നാണ് ഈ മറുപടികളോട് ഗോയലിന്‍റെ പ്രതികരണം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുതിയ ജീവനക്കാരെ തെരഞ്ഞെടുക്കാന്‍ മുമ്പും പരസ്യം ചെയ്തിട്ടുള്ളയാളാണ് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയല്‍. ചീഫ് ഓഫ് സ്റ്റാഫിനെ തേടിയുള്ള ദീപീന്ദറിന്‍റെ 2024 നവംബറിലെ പരസ്യം ശ്രദ്ധേയമായിരുന്നു. ഇതിന്‍റെ അപ്‌ഡേറ്റ് എന്തായി എന്ന് ഗോയലിനോട് ട്വിറ്ററില്‍ ചോദിക്കുന്നവരെയും കാണാം. 18,000ത്തിലേറെ അപേക്ഷകള്‍ തനിക്ക് ലഭിച്ചു. 150ലേറെ അതുല്യ പ്രതിഭകളുമായി അഭിമുഖം നടത്തി. ഇവരില്‍ നിന്ന് 30 പേര്‍ക്ക് ഓഫര്‍ ലെറ്റര്‍ നല്‍കുകയും 18 പേര്‍ ഇതിനകം സൊമാറ്റോയില്‍ ജോലിയില്‍ പ്രവേശിച്ചുവെന്നുമാണ് ദീപീന്ദര്‍ ഗോയലിന്‍റെ മറുപടി.
Read more: ജീവനക്കാരെ പിഴിയാനില്ല, അവരുടെ ആരോഗ്യം മുഖ്യം; വേറിട്ട ചുവടുമായി സൊമാറ്റോ
