2021-ൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ആക്ഷൻ ചിത്രം നോബഡിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 

ഹോളിവുഡ്: 2021 ല്‍ പുറത്തിറങ്ങി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ആക്ഷന്‍ ചിത്രം നോബഡിയുടെ രണ്ടാം ഭാഗം എത്തുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ബോബ് ഓഡെൻകിർക്കിന്‍റെ കഥാപാത്രം കുടുംബത്തോടൊപ്പം ഒരു അവധിക്കാലത്തിന് പോകുന്നതും, അവിടെ സംഭവിക്കുന്ന സാഹസികമായ ആക്ഷനുമാണ് ചിത്രത്തിന്‍റെ പ്രമേയം

യൂണിവേഴ്സൽ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധായകൻ ടിമോ ജജാന്‍റോയാണ്. വരുന്ന ഓഗസ്റ്റ് 15 നാണ് ചിത്രം ആഗോള വ്യാപകമായി തിയേറ്ററുകളിൽ റിലീസ് ചെയ്യുക. ഷാരോൺ സ്റ്റോൺ, കോളിൻ ഹാങ്ക്സ്, ജോൺ ഓർട്ടിസ് എന്നിവർ ഈ ഭാഗത്തില്‍ പുതുതായി എത്തുന്ന താരങ്ങളാണ്.

ബോബ് ഒഡെൻകിർക്ക്, കോണി നീൽസൺ, ആർ‌സെഡ്‌എ, മൈക്കൽ ഐറൺസൈഡ്, കോളിൻ സാൽമൺ, ബില്ലി മക്‌ലെല്ലൻ, ഗേജ് മൺറോ, പെയ്‌സ്ലി കാഡോറത്ത്, ക്രിസ്റ്റഫർ ലോയ്ഡ് എന്നിവര്‍ ചിത്രത്തില്‍ വീണ്ടും എത്തുന്നുണ്ട്.

നോബഡി 2 ൽ ഒഡെൻകിർക്ക് ഹച്ച് മാൻസെൽ എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നു. റിട്ടേര്‍ഡ് ചെയ്ത പ്രൊഫഷണല്‍ കൊലയാളിയായ ഇദ്ദേഹം ഇപ്പോള്‍ കുടുംബനാഥനാണ്. ഭാര്യ ബെക്കയെയും (കോണി നീൽസൺ) കുട്ടികളെയും ഒരു വേനൽക്കാല വിനോദയാത്രയ്ക്ക് ഒരു തീം പാർക്കിലേക്ക് ഇദ്ദേഹം കൊണ്ടുപോകുന്നു. എന്നാല്‍ അഴിമതിക്കാരനായ അവിടുത്തെ പൊലീസുകാരനോടും, അയാളെ സഹായിക്കുന്ന ക്രിമിനല്‍ ഗ്യാംങിനോടും ഇദ്ദേഹത്തിന് പൊരുതേണ്ടി വരുന്നു. ഇതാണ് ട്രെയിലറിന്‍റെ രത്ന ചുരുക്കം. 

YouTube video player

ഒന്നാം പതിപ്പ് പോലെ തന്നെ വന്‍ ആക്ഷന്‍ ചിത്രമാണ് നോബഡി 2ഉം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 
ആദ്യ ചിത്രത്തിന്റെ രചയിതാവായ ഡെറക് കോൾസ്റ്റാഡിനും ആരോൺ റാബിനും ഈ ചിത്രത്തിലും തിരക്കഥ എഴുതുന്നു. ബോബ് ഓഡൻകിർക്ക്, കെല്ലി മക്കോർമിക്, ഡേവിഡ് ലീച്ച്, മാർക്ക് പ്രൊവിസിയോറോ, ബ്രാഡൻ ആഫ്റ്റർഗുഡ് എന്നിവരാണ് നോബഡി 2 നിർമ്മാതാക്കൾ.

സംവിധായകൻ ഇല്യ നൈഷുള്ളറുടെ ഒറിജിനൽ നോബഡി സിനിമ 2020ലാണ് റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് കാരണം 2021 മാർച്ചിലാണ് തിയേറ്ററുകളിൽ എത്തിയത്. ആദ്യ വാരാന്ത്യത്തിൽ തന്നെ ചിത്രം ആഭ്യന്തര ബോക്സ് ഓഫീസിൽ വന്‍ മുന്നേറ്റമാണ് നടത്തിയത്.