വിവിധ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്ന സോളോ ട്രാവലര്‍മാരായ സ്ത്രീകളുടെ എണ്ണം ഇന്ന് വര്‍ധിച്ചുവരികയാണ്.
ഒറ്റയ്ക്ക് യാത്ര ചെയ്യുകയെന്ന് പറയുന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. സോളോ ട്രാവലര്‍ എന്നാണ് ഇത്തരക്കാരെ പൊതുവെ പറയുന്നത്. സോളോ ട്രാവലര്‍മാരായ സ്ത്രീകളും പുരുഷൻമാരുമുണ്ട്. മറ്റ് രാജ്യങ്ങളിലേയ്ക്ക് സോളോ ട്രാവൽ ചെയ്യുകയെന്ന് പറയുന്നത് സോളോ ട്രാവലര്‍മാര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ച് അൽപ്പം റിസ്കുള്ള കാര്യമാണ്.
പല രാജ്യങ്ങളിലും സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ വിമൻ ഡേഞ്ചര്‍ ഇൻഡക്സ് വ്യക്തമാക്കുന്നത്. അത്തരത്തിൽ സ്ത്രീ സുരക്ഷയിൽ പ്രശ്നങ്ങളുള്ള 5 രാജ്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഈ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ പദ്ധതിയുള്ള സ്ത്രീകൾ പ്രത്യേകം ജാഗ്രത പാലിക്കുകയും വേണം.
1. ദക്ഷിണാഫ്രിക്ക

ലിംഗാധിഷ്ഠിത അതിക്രമങ്ങൾ വളരെ ഉയര്‍ന്ന തോതിൽ നടക്കുന്നതിനാൽ സ്ത്രീകൾക്ക് സുരക്ഷിതമാല്ലാത്ത രാജ്യമായാണ് ദക്ഷിണാഫ്രിക്ക കണക്കാക്കപ്പെടുന്നത്. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയിൽ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ദക്ഷിണാഫ്രിക്കയില്‍ സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിൽ ഒന്നാണ്.
2. ബ്രസീൽ

സ്ത്രീകളുടെ സുരക്ഷിതത്വം വലിയ വെല്ലുവിളി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. ബ്രസീലിലെ നഗര മേഖലകളിൽ നിരന്തരമായി സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കുന്ന സ്ത്രീകളിൽ മൂന്നിലൊന്ന് പേര്‍ക്ക് മാത്രമേ സുരക്ഷിതത്വം അനുഭവപ്പെടാറുള്ളൂവെന്നാണ് കണക്കുകൾ പറയുന്നത്.
3. മെക്സിക്കോ

മെക്സിക്കോയിൽ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ വലിയ രീതിയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലഹരി ഉപയോഗവും ഇവിടെ കൂടുതലാണ്. ലഹരിയുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളാണ് ഏറെയും. അതിനാൽ തന്നെ സ്ത്രീകളുടെ സുരക്ഷയും വലിയ പ്രതിസന്ധിയാണ് മെക്സിക്കോയിൽ നേരിടുന്നത്. ഇവിടേയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ജാഗ്രത പുലര്‍ത്തണം.
4. ഡൊമിനിക്കൻ റിപ്പബ്ലിക്

കവര്‍ച്ച, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ വലിയ രീതിയിൽ നടക്കുന്ന രാജ്യമാണ് ഡൊമിനിക്കൻ റിപ്പബ്ലിക്. ഇത് വിനോദസഞ്ചാരികളായ സ്ത്രീകളെ ദോഷകരമായി ബാധിക്കും. ടൂറിസ്റ്റുകൾ നിരവധിയെത്തുന്ന സ്ഥലങ്ങളില്‍ പോലും കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. അതിനാൽ തന്നെ ഇവിടെയെത്തുന്ന സ്ത്രീകൾ, പ്രത്യേകിച്ച് ഒറ്റയ്ക്കാണെങ്കിൽ ജാഗ്രത പാലിക്കണം.
5. ഇറാൻ

കര്‍ശനമായ നിയമങ്ങൾ ഇറാനിൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് പരിമിതി കൽപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ ഒറ്റയ്ക്കുള്ള യാത്ര പോലും സ്ത്രീകൾക്ക് ഇറാനിൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. മാത്രമല്ല, ഇറാനിൽ സ്ത്രീകൾ കര്‍ശനമായ വസ്ത്രധാരണ രീതികള്‍ പിന്തുടരേണ്ടതുണ്ട്. ഇറാൻ സന്ദർശിക്കുമ്പോൾ സ്ത്രീകൾ മുടിയും കഴുത്തും മറയ്ക്കാൻ ശിരോവസ്ത്രം ധരിക്കണം. കൈകാലുകൾ മൂടുന്ന അയഞ്ഞ വസ്ത്രങ്ങൾ വേണം തിരഞ്ഞെടുക്കാൻ. അല്ലാത്ത പക്ഷം, പൊതുസ്ഥലങ്ങളിൽ വെച്ച് പോലും സ്ത്രീകൾ ചോദ്യം ചെയ്യപ്പെട്ടേക്കാം. ഈ നിയമങ്ങൾ കർശനമാണെങ്കിലും വിനോദസഞ്ചാരികളോട് ഇറാൻ പൊതുവെ സഹിഷ്ണുത പ്രകടിപ്പിക്കാറുണ്ട്.


