യുകെയിൽ നിന്നുള്ള സഞ്ചാരികൾ ഏറ്റവും കൂടുതൽ തെരഞ്ഞ 10 ഡെസ്റ്റിനേഷനുകളിൽ ഒന്നായാണ് തിരുവനന്തപുരം ഇടം നേടിയത്. 

2025 ലെ ട്രെൻഡിംഗ് ലക്ഷ്യസ്ഥാനങ്ങൾ വെളിപ്പെടുത്തി ജനപ്രിയ ട്രാവൽ സെർച്ച് പ്ലാറ്റ്ഫോമായ സ്‍കൈസ്‍കാനർ. സ്‍കൈസ്‍കാനറിൻ്റെ പുതിയ റിപ്പോർട്ടിൽ അടുത്തവർഷം (2025) ൽ യുകെയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ താൽപ്പര്യപ്പെടുന്ന ലോകത്തെ ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായാണ് തിരുവനന്തപുരം സ്ഥാനം പിടിച്ചിരിക്കുന്നത്. ഓരോ വർഷവും യുകെയിലെയും യുഎസിലെയും വിനോദസഞ്ചാരികളുടെ ഓൺലൈൻ തിരയലുകളെ അടിസ്ഥാനമാക്കി ഏറ്റവും ജനപ്രീതി കൂടിയ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക ഈ പ്ലാറ്റ്ഫോം പ്രസിദ്ധീകരിക്കുന്നു. ഇതിൽ യുകെയിൽ നിന്നുള്ള സഞ്ചാരികൾ ഏറ്റവും കൂടുതൽ തെരഞ്ഞ 10 ഡെസ്റ്റിനേഷനുകളിൽ ഒന്നായാണ് തിരുവനന്തപുരം ഇടം നേടിയത്. 

യുകെയിൽ നിന്നുള്ള സഞ്ചാരികളുടെ താൽപ്പര്യം, കൂടുതലായി അറിയപ്പെടാത്തതും ചെലവുകുറഞ്ഞതുമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തിരിയുന്നതായി സ്‌കൈസ്‌കാനറിൻ്റെ ഗവേഷണത്തിൽ കണ്ടെത്തി. ഇറ്റലിയിലെ റെജിയോ കാലാബ്രിയയാണ് യുകെ യാത്രക്കാരുടെ ഏറ്റവും മികച്ച ട്രെൻഡിംഗ് ലക്ഷ്യസ്ഥാനം. ഇങ്ങോട്ടുള്ള തിരയലുകൾ 541 ശതമാനം വർധിച്ചു. അതേസമയം തിരുവനന്തപുരത്തിന് 66 ശതമാനം തെരച്ചിൽ വർദ്ധനവ് ഉണ്ടായി. രണ്ടാംസ്ഥാനത്തുള്ള എസ്റ്റോണിയയിലെ ടാർട്ടുവിന് 294 ശതമാനമാണ് തിരച്ചിൽ വർദ്ധനവ്. കഴിഞ്ഞ 12 മാസത്തെ സഞ്ചാരികളുടെ ഓൺലൈൻ സെർച്ചിനെ അടിസ്ഥാനമാക്കിയാണ് സ്‌കൈസ്‌കാനർ ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 

സ്കൈസ്‌കാനർ പറയുന്നതനുസരിച്ച്, യുകെ യാത്രക്കാർക്കിടയിൽ 2025 ലെ ഏറ്റവും ട്രെൻഡിംഗ് ലക്ഷ്യസ്ഥാനങ്ങൾ ഇവയാണ്

1 റെജിയോ കാലാബ്രിയ, ഇറ്റലി
2 ടാർട്ടു, എസ്റ്റോണിയ
3 സീം റീപ്പ്, കംബോഡിയ
4 ബാൾട്ടിമോർ, യുഎസ്എ
5 പോർട്ട്സ്മൗത്ത്, ഡൊമിനിക്ക
6 കോർഡോബ, സ്പെയിൻ
7 ട്രോംസോ, നോർവേ 
8 പംഗ്ലാവോ ബോഹോൾ, ഫിലിപ്പീൻസ് 
9 സ്റ്റട്ട്ഗാർട്ട്, ജർമ്മനി 
10 തിരുവനന്തപുരം, ഇന്ത്യ 

സ്കൈസ്‌കാനർ പറയുന്നതനുസരിച്ച്, 2025-ലെ യുഎസ് യാത്രക്കാർക്കിടയിൽ ഏറ്റവും ട്രെൻഡിംഗ് ലക്ഷ്യസ്ഥാനങ്ങൾ ഇവയാണ്

1 ഗ്രാൻഡ് ടർക്ക് ദ്വീപ്, ടർക്സ്, കൈക്കോ
2 ക്യൂപോസ്, കോസ്റ്റാറിക്ക
3 ട്രോംസോ, നോർവേ
4 ടുകുമാൻ പ്രവിശ്യ, അർജൻ്റീന
5 ക്രാബി, തായ്‌ലൻഡ്
6 ലുവാങ് പ്രബാംഗ്, ലാവോസ്
7 ആൻ്റ്വെർപ്പ്, ബെൽജിയം
8 സുവ, ഫിജി
9 റോട്ടർഡാം, നെതർലാൻഡ്സ്
10 പാഗോ പാഗോ, അമേരിക്കൻ സമോവ, യുഎസ്എ

സ്‍കൈസ്‍കാനർ എന്നാൽ

ഫ്ലൈറ്റ് നിരക്കുകൾ, ഹോട്ടൽ താമസസൗകര്യങ്ങൾ, കാർ വാടകയ്ക്ക് നൽകൽ തുടങ്ങിയവ കണ്ടെത്താനും താരതമ്യം ചെയ്യാനുമൊക്കെ വിനോദസഞ്ചാരികളെ സഹായിക്കുന്ന ഒരു ജനപ്രിയ യാത്രാ തിരയൽ പ്ലാറ്റ് ഫോമാണ് സ്കൈസ്‍കാനർ. സ്‌കോട്‌ലൻഡിലെ എഡിൻബർഗിലാണ് സ്കൈസ്‌കാനറിൻ്റെ ആസ്ഥാനം. 2003-ൽ സ്ഥാപിതമായ ഈ കമ്പനി പിന്നീട് ഒരു പ്രമുഖ ആഗോള ട്രാവൽ സെർച്ച് എഞ്ചിനായി വളർന്നു. നിങ്ങളുടെ പുറപ്പെടൽ, എത്തിച്ചേരൽ ലൊക്കേഷനുകൾ, യാത്രാ തീയതികൾ, മുൻഗണനകൾ തുടങ്ങിയവ നൽകി സ്‍കൈസ്‍കാനറിൽ നിങ്ങൾക്ക് മികച്ച യാത്രാ ഡീലുകൾക്കായി തിരയാൻ സാധിക്കും. വിവിധ എയർലൈനുകളിൽ നിന്നും ട്രാവൽ ഏജൻസികളിൽ നിന്നുമുള്ള വിവരങ്ങൾ പ്ലാറ്റ്ഫോം സമാഹരിക്കുന്നു. സഞ്ചാരികൾക്ക് മികച്ച ഓപ്ഷനുകൾ കണ്ടെത്തുന്നതും സ്‍കൈസ്‍കാന‍ർ എളുപ്പമാക്കുന്നു.