Asianet News MalayalamAsianet News Malayalam

പൊതുവിടങ്ങളിൽ ഭിന്നശേഷിക്കാർക്ക് പ്രവേശനക്ഷമത നടപ്പാക്കുന്നതിനായി വീല്‍ച്ചെയറില്‍ ഹസ്സന്‍ ഇമാമിന്‍റെ ഭാരതയാത്ര

റാംപുകൾ ഇല്ലെന്ന ഒറ്റ കാരണത്താൽ വീൽ ചെയറുകളിൽ ഇരുന്ന് തങ്ങളുടെ നിസ്സഹായാവസ്ഥ ഓർത്ത് സ്വയം പരിതപിക്കേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് ഓർത്തിട്ടുണ്ടോ ? വളരെ വേദനാജനകമാണത്," ഹസ്സൻ പറയുന്നു.

Hassan Imams Bharath yatra in wheelchair to implement accessibility for the differently abled in public spaces
Author
First Published Dec 27, 2022, 10:12 AM IST


തിരുവനന്തപുരം: പൊതുവിടങ്ങളിൽ ഭിന്നശേഷിക്കാർക്ക് പ്രവേശനക്ഷമത നടപ്പാക്കുന്നതിന് വേണ്ടി കന്യാകുമാരിയിൽ നിന്നും ലഡാക്കിലെ സിയാച്ചിൻ ഗ്ലേസിയർ വരെ വീൽ ചെയറിൽ ഭാരത് യാത്ര തിരിച്ചിരിക്കുകയാണ് ഇരുപത്തിയഞ്ചുകാരനായ ഹസ്സൻ ഇമാം എന്ന ബീഹാർ സ്വദേശി. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്നും റഷ്യൻ ഭാഷയിൽ ബിരുദധാരിയായ ഹസ്സൻ മുന്നോട്ട് വയ്ക്കുന്ന ആശയം സമകാലീന ലോകത്ത് വളരെയധികം ശ്രദ്ധയാകർഷിക്കപ്പെടേണ്ട ഒന്ന് കൂടിയാണ്.

പൊതു ഇടങ്ങളും സർക്കാർ സംവിധാനങ്ങളും ഭിന്നശേഷി സൗഹൃദമാക്കാൻ ജുഡീഷ്യൽ തലത്തിലും സർക്കാർ തലത്തിലും പദ്ധതികൾ ഒട്ടനവധി ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും അതെല്ലാം പത്രത്താളുകളിലും ഫയലുകളിലും മാത്രമായി ഒതുങ്ങുന്നു. പൊതു അവബോധത്തിലൂടെ ഇതിനൊരു മാറ്റം വരുത്താൻ വേണ്ടിയാണ് ഈ യുവാവിന്‍റെ വലിയ പ്രയത്നം. മുൻപും ഒരിക്കൽ ഹസ്സൻ ഭാരത് യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ അത് തന്‍റെ പെട്രോളിൽ ഓടുന്ന മുച്ചക്ര വാഹനത്തിലായിരുന്നു. അന്ന് പതിനെട്ടു സംസ്ഥാനങ്ങൾ താണ്ടിയ ഹസ്സന് മനസ്സിലാക്കാൻ സാധിച്ചത് മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പൊതു ഗതാഗത സംവിധാനങ്ങളിലും വീൽ ചെയർ ഉപയോഗിക്കുന്നവർക്ക് റാംപുകൾ ഇല്ലെന്നതാണ്. എല്ലായിടത്തും നടന്ന് കയറാന്‍ മാത്രം സാധിക്കുന്ന പടിക്കെട്ടുകളാണ് ഉള്ളത്. 

"ഭാരതത്തിൽ പല തീയേറ്ററുകളും ഹോട്ടലുകളും മാളുകളുമൊന്നും ഇപ്പോഴും വീല്‍ചെയര്‍ സൗഹൃദമല്ല. ചിലയിടത്ത് സ്ഥിതികള്‍ മാറുന്നുണ്ട്, പ്രത്യേകിച്ച് കേരളത്തിൽ. ഇതൊരു ശുഭ സൂചകമാണ്. സാധാരണക്കാർക്ക് സഞ്ചരിക്കാൻ പറ്റുന്നിടത്ത് റാംപുകൾ ഇല്ലെന്ന ഒറ്റ കാരണത്താൽ വീൽ ചെയറുകളിൽ ഇരുന്ന് തങ്ങളുടെ നിസ്സഹായാവസ്ഥ ഓർത്ത് സ്വയം പരിതപിക്കേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് ഓർത്തിട്ടുണ്ടോ ? വളരെ വേദനാജനകമാണത്," ഹസ്സൻ പറയുന്നു.

"റാംപുകൾ വളരെ അത്യാവശ്യമാണ്. കാരണം പടിക്കെട്ടുകൾ നിർമിക്കുന്ന കൂട്ടത്തിൽ റാംപുകൾ കൂടി നിർമ്മിച്ചാൽ ഗർഭിണികൾക്കും പ്രായാധിക്യമുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഒരു പോലെ ഉപയോഗപ്രദമാകും. പടിക്കെട്ടുകളിൽ കൂടി ഒരു നിശ്ചിത ജനവിഭാഗത്തിന് മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളു. ഇതിനാലാണ് ഞാൻ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്," എന്ന് ഹസ്സൻ കൂട്ടിച്ചേര്‍ത്തു.

ഹസ്സന്‍റെ തന്‍റെ യാത്രയ്ക്കായി തെരഞ്ഞെടുത്ത വാഹനത്തിനും പ്രത്യേകതകളേറെയുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന, ഒരേ സമയം വീൽ ചെയറായും സ്കൂട്ടറായും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണിത്. ചെന്നൈയിലെ മദ്രാസ് ഐ ഐ ടി യിലെ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ആവിഷ്ക്കാരമാണ് ഈ വാഹനം. വീൽ ചെയറും വാഹനത്തിന്‍റെ മോട്ടോറും ബാറ്ററിയുമൊക്കെ ഇരു വിഭാഗമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. വീൽ ചെയറിന്‍റെ ഭാഗം മോട്ടോർ വിഭാഗത്ത് നിന്നും അനായാസം ഇളക്കി മാറ്റാൻ കഴിയുന്നതാണ്. ഒറ്റ ചാർജിൽ 40 ഓളം കിലോമീറ്റർ സഞ്ചരിക്കാനാവും. ഏകദേശം ഒരു ലക്ഷം രൂപ മാത്രമാണ് വാഹനത്തിനായി ചെലവായതെന്നും മാസ തവണകളായി തുക അടയ്ക്കുവാനുള്ള വ്യവസ്ഥയുണ്ടെന്നും ഹസ്സൻ പറയുന്നു.

"രാജ്യത്ത് ഏകദേശം 2.8 കോടി ജനവിഭാഗം ഭിന്നശേഷിക്കാരാണ് ഉള്ളത്. ഞങ്ങളെ അവഗണിച്ചുകൊണ്ട് എങ്ങനെയാണ് നവഭാരതം നിർമ്മിക്കുന്നത്? അത് അസാധ്യമാണ്. ഭാരത സർക്കാർ 2015 ൽ ആരംഭിച്ച ആക്സസിബിൽ ഇന്ത്യ ക്യാംപയിൻ ഇപ്പോൾ ഭാരതത്തിൽ നടന്ന് കൊണ്ടിരിക്കുകയാണ്. എന്‍റെ ഭാരത് യാത്രയ്ക്ക് ശേഷം ഈ ക്യാംപയിൻ ഭാരതത്തിന് പുറത്തും വ്യാപിപ്പിക്കാൻ ഞാൻ ശ്രമിക്കും," ഹസ്സൻ പറയുന്നു. ചെറിയ തോതിൽ വ്‌ളോഗർ കൂടിയാണ് ഹസ്സൻ. യാത്രാ വിവരണങ്ങൾ വ്‌ളോഗുകളായി യൂട്യൂബിലും ഇൻസ്റാഗ്രാമിലുമൊക്കെ പങ്കുവയ്ക്കാറുണ്ട്. 
 

Follow Us:
Download App:
  • android
  • ios