ഹരിഹർ ഫോർട്ടിലെ അപകടകരമായ തിരക്ക് കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മുംബൈ: ഇന്ത്യയിലെ ഏറ്റവും അപകടകരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ഹരിഹർ ഫോർട്ട്. നിരവധിയാളുകളാണ് ട്രെക്കിംഗിനായി ഹരിഹർ ഫോർട്ടിലേയ്ക്ക് എത്താറുള്ളത്. ഇപ്പോൾ ഇതാ വാരാന്ത്യത്തിൽ ഹരിഹർ ഫോർട്ടിലെ തിക്കും തിരക്കും കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലയിരിക്കുകയാണ്. ഭയാനകമായ ദൃശ്യങ്ങളുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ ഇപ്പോൾ തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
വോക് എമിനെന്റ് എന്ന ഉപയോക്താവാണ് എക്സിൽ ഹരിഹർ ഫോർട്ടിലെ വീഡിയോ പങ്കുവെച്ചത്. 'അടുത്ത വലിയ ദുരന്തം കാത്തിരിക്കുന്നു? വാരാന്ത്യങ്ങളില്‍ ഹരിഹര്‍ ഫോര്‍ട്ടിലെ തിരക്ക് ഒരു മരണക്കെണിയാണ്. ഇത് തടയുകയോ നിയന്ത്രിക്കുകയോ ചെയ്തേ മതിയാകൂ. അല്ലാത്തപക്ഷം തിക്കിലും തിരക്കിലും പെട്ട് ആര്‍ക്കെങ്കിലും ബാലൻസ് നഷ്ടമായാൽ അത് വലിയ ആഘാതം സൃഷ്ടിക്കുകയും നൂറുകണക്കിന് ആളുകൾ മരിക്കുകയും ചെയ്യും' എന്ന അടിക്കുറിപ്പോടെയാണ് ഉപയോക്താവ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ സഹ്യാദ്രി നിരകളിൽ സ്ഥിതി ചെയ്യുന്ന ഹരിഹർ ഫോർട്ട് ‘ഹർഷഗഡ്’ എന്നും അറിയപ്പെടുന്നു. സാഹസികരെയും പ്രകൃതിസ്‌നേഹികളെയും ഒരുപോലെ ആകർഷിക്കുന്ന ഒരു കുന്നിൻ കോട്ടയാണിത്. അത്യന്തം അപകടകരമായ ട്രെക്കിംഗാണ് ഹരിഹർ ഫോർട്ടിലേത്. ഏകദേശം 80 ഡിഗ്രി കോണിൽ കൊത്തിയെടുത്ത കല്ല് പടികളാണ് ഇവിടുത്തെ പ്രധാന സവിശേഷത. 3,676 അടി ഉയരമുള്ള ഈ കോട്ട ഏറ്റവും പരിചയസമ്പന്നരായ ട്രെക്കർമാർക്ക് പോലും വെല്ലുവിളി ഉയർത്തുന്നതാണ്. ട്രെക്കിംഗ് പൂർത്തിയാക്കി മുകളിലെത്തിയാൽ ത്രയംബകേശ്വർ പർവതനിരകളുടെയും അഞ്ജനേരി കോട്ടയുടെയും പച്ചപ്പ് നിറഞ്ഞ താഴ്‌വരകളുടെയും അതിശയിപ്പിക്കുന്ന കാഴ്ചകളാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.


