സ്ലീപ്പർ ക്ലാസ് മുതൽ എസി കോച്ചുകൾ വരെയുള്ള എല്ലാ യാത്രക്കാർക്കും ഭക്ഷണം സൗജന്യമാണ്.
കാഴ്ചകളൊക്കെ കണ്ട് ട്രെയിനിൽ ഒരു അടിച്ചുപൊളി യാത്ര ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഈ യാത്രയിൽ സൗജന്യമായി ഭക്ഷണം കൂടി ലഭിച്ചാലോ? വിശ്വാസം വരുന്നില്ലല്ലേ, വിശ്വസിച്ചേ മതിയാകൂ, യാത്രക്കാർക്ക് പൂർണ്ണമായും സൗജന്യമായി ഭക്ഷണം നൽകുന്ന ഒരു പ്രത്യേക ട്രെയിനുണ്ട് ഇന്ത്യയില്‍. ഏകദേശം 29 വർഷമായി ഇത് തുടരുന്നുമുണ്ട്.
മഹാരാഷ്ട്രയിലെ നന്ദേഡിനും പഞ്ചാബിലെ അമൃത്സറിനും ഇടയിൽ സർവീസ് നടത്തുന്ന സച്ച്ഖണ്ഡ് എക്സ്പ്രസിലാണ് യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം നൽകിവരുന്നത്. അമൃത്സറിലെ ശ്രീ ഹർമന്ദർ സാഹിബ് ഗുരുദ്വാരയിൽ നിന്ന് നന്ദേഡിലെ ശ്രീ ഹുസൂർ സാഹിബ് ഗുരുദ്വാര വരെയുള്ള രണ്ട് പ്രമുഖ മതകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ ആണിത്.
2,000 കിലോമീറ്റർ യാത്രയിലുടനീളം യാത്രക്കാർക്ക് ഭക്ഷണം സൗജന്യമാണ്. ഇങ്ങനെയുള്ള ഇന്ത്യയിലെ ഒരോയൊരു ട്രെയിനും സച്ച്ഖഡ് എക്സ്പ്രസ് ആണ്. 39 സ്റ്റേഷനുകളിലായി 33 മണിക്കൂർ നീണ്ട യാത്രയാണിത്. ന്യൂഡൽഹി, ഭോപ്പാൽ, പർഭാനി, ജൽന, ഔറംഗാബാദ് തുടങ്ങി ആറ് പ്രധാന സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുമ്പോഴാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.
ലളിതവും പോഷകസമൃദ്ധവുമായ കാദി-ചാവൽ, ചോലെ, ദാൽ, ഖിച്ച്ഡി, വിവിധ പച്ചക്കറി കറികൾ തുടങ്ങിയ ഭക്ഷണങ്ങളാണ് നൽകുന്നത്. ഭക്ഷണം കഴിക്കാനായി യാത്രക്കാർ സ്വന്തമായി പ്ലേറ്റുകൾ കരുതണമെന്നും നിർദ്ദേശമുണ്ട്. സ്ലീപ്പർ ക്ലാസ് മുതൽ എസി കോച്ചുകൾ വരെയുള്ള എല്ലാ യാത്രക്കാർക്കും ജാതി, മത ഭേദമന്യേ ഭക്ഷണം സൗജന്യമായി ലഭ്യമാണ്. ഏകദേശം 2,000 പേർക്ക് പ്രതിദിനം ഈ ട്രെയിനിൽ നിന്നും സൗജന്യ ഭക്ഷണം ലഭിക്കുന്നുണ്ട്.


