കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ദീർഘദൂര യാത്രികർക്കായി പുതിയ പാക്കേജുകൾ പുറത്തിറക്കി. 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ദീർഘദൂര യാത്രികർക്കായി പുതിയ പാക്കേജുകൾ പുറത്തിറക്കി. ഇക്കോ ടൂറിസം സെന്ററായ പൊലിയം തുരുത്ത്, പാലക്കാട് അട്ടപ്പാടി മേഖലയിലെ ഓക്‌സി വാലി എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയ ട്രിപ്പുകൾ. പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ, കോട്ടയം, തൃശൂർ നാലമ്പല തീർഥാടനങ്ങളും ജൂലൈ മാസ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

100 ഏക്കർ സ്ഥലത്ത് ഒന്നിച്ചു വിരിഞ്ഞ ആമ്പൽപ്പൂക്കൾ ആസ്വദിക്കാനായി ചാർട്ട് ചെയ്ത മലരിക്കൽ യാത്ര ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന് ആരംഭിക്കും. ഹിൽപാലസ് മ്യൂസിയം, കൊച്ചരീക്കൽ ഗുഹാ ക്ഷേത്രം, അരീക്കൽ വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിരക്ക് 890 രൂപ. ഇല്ലിക്കൽ കല്ല് -ഇലവീഴാപൂഞ്ചിറ യാത്രയും അന്നേദിവസം ഉണ്ടായിരിക്കും. രാവിലെ അഞ്ചിന് ആരംഭിച്ച രാത്രി 10 മണിക്ക് അവസാനിക്കുന്ന യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്.

ജൂലൈ ആറ്, 20 ദിവസങ്ങളിലെ വാഗമൺ യാത്രയ്ക്ക് 1020 രൂപയാണ് നിരക്ക്. ബസ് യാത്ര ചാർജിന് ഒപ്പം ഉച്ചഭക്ഷണം കൂടി പാക്കേജിൽ ഉൾപ്പെടും. ജൂലൈ 10, 18, 30 ദിവസങ്ങളിൽ ഗവി യാത്ര ചാർട്ട് ചെയ്തിട്ടുണ്ട്. 1750 രൂപയാണ് നിരക്ക്. പാക്കേജിൽ അടവി കുട്ടവഞ്ചി സവാരി, എല്ലാ പ്രവേശന ഫീസുകളും, ഗൈഡ് ഫീ, ഗവി ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടും. ജൂലൈ 12ന് മൂന്നാർ, പൊന്മുടി, മലരിക്കൽ യാത്രകളാണുള്ളത്. ഒരു ദിവസത്തെ താമസം, ജീപ്പ് സഫാരി, ഉച്ചഭക്ഷണം ഉൾപ്പടെ 2380 രൂപയാണ് നിരക്ക്.

ജൂലൈ 13ന് മംഗോ മെഡോസ്, കന്യാകുമാരി എന്നിങ്ങനെ രണ്ട് യാത്രകൾ ഉണ്ടായിരിക്കും. മാംഗോ മെഡോസ് പ്രവേശനഫീ, രണ്ട് നേരത്തെ ഭക്ഷണം ഉൾപ്പെടെ 1790 രൂപയാണ് നിരക്ക്. കന്യാകുമാരി യാത്ര രാവിലെ 4.30ന് ആരംഭിക്കും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം സന്ദർശിച്ചശേഷം കന്യാകുമാരിലെത്തി സൂര്യാസ്തമയശേഷം മടങ്ങുന്ന യാത്രയ്ക്ക് 800 രൂപയാണ് നിരക്ക്. കാസർഗോഡ് ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം പൊലിയം തുരുത്ത് ഇക്കോ സെന്ററും സന്ദർശിക്കുന്ന യാത്ര ജൂലൈ 16 ന് വൈകിട്ട് ഏഴിന് കൊല്ലത്തു നിന്നും ആരംഭിക്കും. പ്രവേശന ഫീസുകൾ ഒരു ദിവസത്തെ ഭക്ഷണം എന്നിവ ഉൾപ്പടെ 3860 രൂപയാണ് നിരക്ക്.

പഞ്ചപാണ്ഡവരാൽ പ്രതിഷ്ഠിതമായ അഞ്ച് മഹാവിഷ്ണു ക്ഷേത്രങ്ങളും ആറന്മുള വള്ളസദ്യയും ഉൾപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ ജൂലൈ 17, 28 എന്നീ ദിവസങ്ങളിൽ ഉണ്ടായിരിക്കും. 910 രൂപയാണ് നിരക്ക്. കർക്കിടക മാസത്തിൽ നാലമ്പല ദർശന യാത്രകൾ ഉണ്ടാകും. ജൂലൈ 19, 20, 26, 27, 31 ദിവസങ്ങളിൽ കോട്ടയം നാലമ്പല യാത്രകളും ജൂലൈ 25 ന് തൃശൂർ നാലമ്പല യാത്രയും ഒരുക്കിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി മേഖലയിൽ സ്ഥിതിചെയ്യുന്ന ഓക്‌സിവാലി യാത്ര ജൂലൈ 23ന് ആരംഭിക്കും. ഒരു ദിവസത്തെ ത്രീസ്റ്റാർ ഭക്ഷണം, താമസം എന്നിവ ഉൾപ്പെടെ 4480 രൂപയാണ് നിരക്ക്. ഫോൺ: 9747969768, 9995554409.