പിതാവിന്റെ മരണശേഷം 75 വയസ്സുള്ള അമ്മയെ ഒപ്പം കൂട്ടി 10 വർഷത്തിനിടെ 15 രാജ്യങ്ങൾ സന്ദർശിച്ച മകന്റെ കഥ.
ഇന്നത്തെ തിരക്കേറിയ ജീവിതത്തതിനിടെ ഒരു അവധി കിട്ടിയാൽ യാത്രകളെ കുറിച്ച് ചിന്തിക്കുന്നവർ നിരവധിയുണ്ട്. ഒറ്റയ്ക്കോ സുഹൃത്തുക്കൾക്കൊപ്പമോ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരായിരിക്കും ഏറെയും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്. എന്നാൽ, 10 വർഷത്തിനിടെ 15 രാജ്യങ്ങൾ സന്ദർശിച്ച ഒരു യുവാവിന്റെ യാത്രകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, 75 വയസുള്ള അമ്മയെ ഒപ്പം കൂട്ടിയാണ് 45കാരനായ മകൻ ലോകം ചുറ്റുന്നത്.
ലോകേഷ് ധർമ്മാനി എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ 15 ലധികം രാജ്യങ്ങളിലൂടെയുള്ള അവരുടെ ഒരു ദശാബ്ദക്കാലത്തെ യാത്രകളാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘എന്റെ അമ്മയും ഞാനും കഴിഞ്ഞ 10 വർഷമായി യാത്ര ചെയ്യുന്നു. ഒരുമിച്ച് ഞങ്ങൾ 12 മുതൽ 15 വരെ രാജ്യങ്ങളും എണ്ണമറ്റ നഗരങ്ങളും സഞ്ചരിച്ചിട്ടുണ്ടാകും’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 45 വയസ്സുള്ള ഒരു അവിവാഹിതനാണ് താനെന്ന് ലോകേഷ് വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. 10 വർഷം മുമ്പ് തന്റെ പിതാവിന്റെ മരണശേഷം അമ്മയെ കൂടെക്കൂട്ടിയാണ് യാത്രകൾ നടത്തുന്നതെന്ന് ലോകേഷ് പറയുന്നു.
സഞ്ചാരികൾ എന്ന നിലയിൽ താനും അമ്മയും തമ്മിലുള്ള വ്യത്യാസങ്ങൾ ലോകേഷ് എടുത്തുപറയുന്നുണ്ട്. താൻ ഒരു അന്തർമുഖനാണെന്നും അമ്മ തുറന്ന മനസ്സുള്ള ആളാണെന്നും ലോകേഷ് പറഞ്ഞു. ഭക്ഷണത്തിൽ പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടമാണ്. എന്നാൽ, അമ്മ ഇന്ത്യൻ പാചകരീതികളിൽ ഉറച്ചുനിൽക്കും. തനിക്ക് നടക്കാനാണ് ഇഷ്ടമെങ്കിൽ അമ്മയ്ക്ക് സവാരി വേണം. ആദ്യ യാത്രകൾ എല്ലാം സ്വന്തം രീതികൾ അനുസരിച്ചായിരുന്നു. അമ്മയെ നിർത്താതെ നടക്കാൻ പ്രേരിപ്പിക്കുകയും പുതിയ ഭക്ഷണം പരീക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. താമസിയാതെ തന്നെ അമ്മയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണമെന്ന് മനസ്സിലാക്കിയെന്നും കാരണം ഒരുമിച്ച് യാത്ര ചെയ്യുന്നത് അമ്മയുടെ അവധിക്കാലമാണെന്ന് തിരിച്ചറിഞ്ഞെന്നും ലോകഷ് കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇരുവരുടെയും യാത്രാ വീഡിയോ കണ്ടത്. നിരവധിയാളുകൾ ഇരുവരെയും അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.


