Asianet News MalayalamAsianet News Malayalam

രാവിലെ പാടത്തെത്തിയ കർഷകർ കണ്ടത് പന്ത്രണ്ടടി നീളമുള്ള മുതലയെ, പേടിച്ചോടി

​ഗ്രാമത്തിൽ നിർത്താതെ പെയ്ത മഴയെ തുടർന്നാണ് ഇവിടെ 12 അടി നീളമുള്ള ഈ മുതല എത്തിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

12 foot crocodile spotted in field in up Chandauli
Author
First Published Aug 26, 2024, 2:44 PM IST | Last Updated Aug 26, 2024, 2:44 PM IST

രാവിലെ വയലിലേക്ക് പുറപ്പെട്ട കർഷകർ അപ്രതീക്ഷിതമായി വന്ന അതിഥിയെ കണ്ട് ഞെട്ടി. അതൊരു മുതലയായിരുന്നു. സംഭവം നടന്നത് ചന്ദൗലിയിലെ വിജയ്പൂർവ ഗ്രാമത്തിൽ. വയലിൽ മുതലയെ കണ്ട കർഷകർ പേടിച്ച് ഒച്ചയെടുത്തുവെന്നും ഓടി മാറിയെന്നും റിപ്പോർട്ടുകൾ പറയുന്നു. 

വയലിൽ മുതലയെ കണ്ടെത്തിയ കാര്യം എന്തായാലും ഉടൻ തന്നെ ഇവർ വനം വകുപ്പിനെ അറിയിക്കാനും മറന്നില്ല. മുതലയുള്ള കാര്യം അറിഞ്ഞതോടെ മുതലയെ കാണാനായി ​ഗ്രാമവാസികളും വയലിലേക്കെത്തി. ജനവാസമേഖലയിൽ പാടത്തിനിടയിൽ ചെളിയിൽ മുതല കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. 

​ഗ്രാമത്തിൽ നിർത്താതെ പെയ്ത മഴയെ തുടർന്നാണ് ഇവിടെ 12 അടി നീളമുള്ള ഈ മുതല എത്തിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കർമനാസ നദിയിലെ ലത്തീഫ് ഷാ ഡാമിൽ നിന്നായിരിക്കണം മുതല എത്തിയത് എന്നാണ് കരുതുന്നത്. മഴയെ തുടർന്ന് പലപ്പോഴും ജനവാസമേഖലകളിൽ തന്നെ മുതലകൾ പ്രത്യക്ഷപ്പെടാറുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. മുതലയെ കണ്ട വിവരം ജനങ്ങൾ അറിയിച്ചതിനെ തുടർന്ന് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി. 

ഉദ്യോ​ഗസ്ഥരെത്തുമ്പോഴേക്കും തന്നെ ആൾക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു. മുതലയെ പിടികൂടുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ഏറെനേരം നീണ്ടുനിന്ന അധ്വാനത്തിനൊടുവിലാണ് ഉദ്യോ​ഗസ്ഥർക്ക് മുതലയെ പിടികൂടാനായത് എന്നും റിപ്പോർട്ടുകൾ പറയുന്നു. പിന്നീട്, പിടികൂടിയ മുതലയെ ചന്ദ്രപ്രഭ നദിയില് വിടുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പാടത്തുള്ള മുതലയേയും അതിനെ കാണാൻ തടിച്ചുകൂടിയവരേയും ഒക്കെ വീഡിയോയിൽ കാണാം. 

Latest Videos
Follow Us:
Download App:
  • android
  • ios