സോഷ്യൽ മീഡിയ റീൽസിനായി ലഖ്‌നൗവിൽ 14-കാരൻറെ അഭ്യാസപ്രകടനം. ഥാർ ഉപയോഗിച്ച് പൊലീസ് ബാരിക്കേഡ് തകർത്തു. ഒടുവില്‍ വീഡിയോ വൈറലായതോടെ, മാപ്പപേക്ഷിച്ച് പിതാവ്.

സോഷ്യൽ മീഡിയയിൽ വൈറലാകാൻ കൗമാരക്കാർ കാട്ടിക്കൂട്ടുന്ന അപകടകരമായ അഭ്യാസങ്ങൾ അതിരുകടക്കുന്നുവെന്ന വിമർശനം ശക്തമാണ്. ഇപ്പോഴിതാ ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ 14 വയസ്സുകാരൻ മഹീന്ദ്ര ഥാർ ഉപയോഗിച്ച് നടത്തിയ നടുക്കുന്ന അഭ്യാസപ്രകടനങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലഖ്‌നൗവിലെ ഗോമ്തി നഗർ എക്സ്റ്റൻഷനിലുള്ള ജി -20 റോഡിലാണ് സംഭവം നടന്നത്. റീൽസ് ചിത്രീകരിക്കുന്നതിനായി കുട്ടി തന്റെ മഹീന്ദ്ര ഥാർ ഉപയോഗിച്ച് പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് ബോധപൂർവ്വം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ വാതിൽ തുറന്ന് പുറത്തെ ഫുട്ബോർഡിൽ തൂങ്ങിനിന്ന് ഒരു ഗാനത്തിനൊപ്പം കുട്ടി അഭ്യാസങ്ങൾ കാട്ടി. അൽപ്പദൂരം പിന്നിട്ട ശേഷം ചലിച്ചുകൊണ്ടിരുന്ന കാറിൽ നിന്ന് കുട്ടി പുറത്തേക്ക് ചാടിയിറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് വാഹനം മറൈൻ ഡ്രൈവ് ഭാഗത്തേക്ക് നീങ്ങി.

പൊതുമുതൽ നശിപ്പിക്കുക മാത്രമല്ല, റോഡിലെ കാൽനടയാത്രക്കാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും ജീവന് വലിയ ഭീഷണി ഉയർത്തുന്നതായിരുന്നു കുട്ടിയുടെ ഈ പ്രവൃത്തികൾ. വീഡിയോയുടെ കൃത്യമായ തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇത് പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ ലഖ്‌നൗ പൊലീസ് കുട്ടിയുടെ പിതാവായ ധ്രുവ് നാരായൺ ശുക്ലയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മകന്റെ പ്രവൃത്തിയിൽ താൻ അങ്ങേയറ്റം ലജ്ജിക്കുന്നുവെന്നും ഇനി ഇത്തരമൊന്ന് ആവർത്തിക്കില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.

Scroll to load tweet…

"മാതാപിതാക്കൾ മക്കളുടെ ഓരോ നീക്കവും കൃത്യമായി നിരീക്ഷിക്കണം. നമ്മുടെ കണ്ണ് വെട്ടിച്ച് ഇത്തരം അപകടകരമായ കാര്യങ്ങളിൽ അവർ ഏർപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇത്തരം അഭ്യാസങ്ങൾ വലിയ ദുരന്തങ്ങളിലേക്കോ പരിക്കുകളിലേക്കോ നയിക്കാം" എന്ന് അദ്ദേഹം മറ്റു രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ മാപ്പപേക്ഷ വീഡിയോ ലഖ്‌നൗ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.