സ്വന്തം സമ്പാദ്യം കൊണ്ട് ഏകദേശം 7 കോടി രൂപയുടെ വീട് വാങ്ങി. സന്തോഷനിമിഷം പങ്കുവച്ച് സിംഗപ്പൂരിൽ നിന്നുള്ള 26 വയസ്സുകാരിയായ ക്രിസ്. കഠിനാധ്വാനത്തിലൂടെ കൈവരിച്ച നേട്ടം, വീടിന്റെ താക്കോൽ ലഭിച്ച ദിവസമാണ് കുടുംബം പോലും ഈ വിവരം അറിഞ്ഞതെന്നും ക്രിസ്.

സ്വന്തം അധ്വാനം കൊണ്ട് വാങ്ങുന്ന വീട്, വാഹനങ്ങൾ ഒക്കെ തരുന്ന അഭിമാനം വാക്കുകൾക്ക് അതീതമാണ്. അതുപോലെ ഒരു അഭിമാന നിമിഷത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് സിം​ഗപ്പൂരിൽ നിന്നുള്ള ഒരു യുവതി. സ്വന്തം സമ്പാദ്യം കൊണ്ട് വാങ്ങിയ ഏകദേശം 1 മില്യൺ സിം​ഗപ്പൂർ ഡോളർ (ഏകദേശം 7 കോടി) വിലമതിക്കുന്ന വീടിന്റെ ഉടമയാണ് താനെന്നാണ് അഭിമാനത്തോടെ യുവതി പറയുന്നത്. ഡിസംബർ 20 -ന് പങ്കുവെച്ച ടിക് ടോക്ക് വീഡിയോയിലാണ് ക്രിസ് എന്ന യുവതി തന്റെ വീടിനെ കുറിച്ച് പറയുന്നത്. സ്വപ്നസാക്ഷാത്കാരം എന്നാണ് അവർ ഇതിനെ വിശേഷിപ്പിക്കുന്നത്.

26 വയസുകാരിയായ ക്രിസ് പറയുന്നത്, വീട് വാങ്ങാൻ പണം കണ്ടെത്താൻ തന്റെ കുടുംബത്തെ തീരെ ആശ്രയിച്ചിരുന്നില്ല എന്നാണ്. വാസ്തവത്തിൽ, അവൾ വീട് വാങ്ങുന്നുണ്ടെന്ന് അവളുടെ കുടുംബത്തിന് പോലും അറിയില്ലായിരുന്നു. ക്രിസിന് വീടിന്റെ താക്കോൽ കിട്ടിയ ദിവസം മാത്രമാണ് അവൾ കോടികളുടെ വീട് സ്വന്തമാക്കിയ കാര്യം വീട്ടുകാർ പോലും അറി‍ഞ്ഞത്. 27 വയസ് തികയുന്നതിന് മുമ്പ് എന്തെങ്കിലും ഒരു സ്വത്ത് താൻ സ്വന്തമാക്കുമെന്ന് കരുതിയിരുന്നതായും കഠിനാധ്വാനത്തിലൂടെയാണ് ഇത് സ്വന്തമാക്കിയത് എന്നും അവൾ പറയുന്നു.

നിലവിൽ, ക്രിസിന് മുഴുവൻ സമയ ജോലിയുണ്ട്, അതിനുപുറമെ ഫോട്ടോ, വീഡിയോ മേഖലകളിൽ ഫ്രീലാൻസ് ജോലിയും അവൾ ചെയ്യുന്നുണ്ട്. ദിവസത്തിൽ 12 മുതൽ 18 മണിക്കൂർ വരെ, ആഴ്ചയിൽ ഏഴു ദിവസവും താൻ ജോലി ചെയ്യുന്നു, ജിമ്മിൽ വർക്കൗട്ട് ചെയ്യുമ്പോൾ വരെ ജോലി ചെയ്തിട്ടുണ്ട് എന്നാണ് ക്രിസ് പറയുന്നത്. 14 -ാമത്തെ വയസ് മുതൽ ജോലി ചെയ്ത് തുടങ്ങിയെന്നും 19 -ാമത്തെ വയസ് മുതൽ പണം നിക്ഷേപിക്കാൻ തുടങ്ങിയെന്നും ക്രിസ് പറഞ്ഞു. പണം സമ്പാദിക്കുന്നതോടൊപ്പം തന്നെ വളരെ വളരെ ശ്രദ്ധയാടെയാണ് ക്രിസ് അത് ചെലവഴിക്കുന്നതും. താൻ വളരെ നേരത്തെ ജോലി ചെയ്ത് തുടങ്ങിയതുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് തനിക്കീ നേട്ടം സ്വന്തമാക്കാൻ സാധിച്ചത് എന്നാണ് അവൾ പറയുന്നത്.