മുംബൈ ലോക്കൽ ട്രെയിനിൽ സഹയാത്രികന്‍റെ സീറ്റിൽ കാൽ കയറ്റിവെച്ചയാളെ മറ്റൊരാൾ മുഖത്തടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഈ പ്രവൃത്തിയെ പൗരബോധം പഠിപ്പിക്കലായി ഒരു വിഭാഗം കണ്ടപ്പോൾ, നിയമം കയ്യിലെടുക്കാൻ എന്ത് അധികാരമെന്ന് മറുവിഭാഗം ചോദിക്കുന്നു.
പൊതു സമൂഹത്തിൽ ഏങ്ങനെ പെരുമാറുന്ന കാര്യത്തിൽ ഇന്ത്യക്കാർ അല്പം പിന്നോട്ടാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ അഭിപ്രായം. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുക, തുപ്പുക, ആളുകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികൾ വിദേശ സഞ്ചാരികളും ഉന്നയിക്കാറുണ്ട്. ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ചേരി തിരിഞ്ഞ് ചർച്ച. മുംബൈയിലെ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യവെ മുന്നിലെ സീറ്റിൽ കാൽ കയറ്റിവച്ചതിനെ ചൊല്ലി ഒരു യാത്രക്കാരനെ മറ്റൊരാൾ മുഖത്തിടിക്കുന്നനായിരുന്നു വീഡിയോ. പൗരബോധമെന്ന് ചിലർ കുറിച്ചപ്പോൾ ശിക്ഷ വിധിക്കാൻ ആരാണയാൾ എന്നായിരുന്നു മറുവിഭാഗത്തിന്‍റെ ചോദ്യം.
ചോദ്യം പിന്നാലെ അടി
സീറ്റിൽ കാലുവെച്ച യാത്രക്കാരനോട് മറാത്തി സംസാരിക്കുന്ന ഒരാൾ ആക്രോശിക്കുകയും അസഭ്യം പറയുകയും പിന്നാലെ മുഖത്ത് അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. വീഡിയോയിൽ, അത് സീറ്റാണെന്നും ഫുട്റെസ്റ്റായി ഉപയോഗിച്ചതിന് മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നു. പിന്നാലെ അയാൾ യാത്രക്കാരന്‍റെ മുഖത്ത് ആഞ്ഞടിക്കുന്നതും വീഡിയോയിൽ കാണാം. അപ്രതീക്ഷിതമായി അടി കിട്ടിയ യാത്രക്കാരൻ മറ്റ് യാത്രക്കാരെ നോക്കുന്നുണ്ടെങ്കിലും സംഭവത്തിൽ ഇടപെടാൻ ആരും തയ്യാറാവുന്നില്ല. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ അടിച്ചതിനെ അഭിനന്ദിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ രണ്ട് പക്ഷം പിടിച്ചു.
രുക്ഷമായി പ്രതികരിച്ച് നെറ്റിസെൻസ്
അയാൾ തിരിച്ചടിക്കണമായിരുന്നുവെന്നാണ് ഒരു കാഴ്ചക്കാരൻ കുറിച്ചത്. അതിന് അദ്ദേഹത്തിന് കാരണമുണ്ടായിരുന്നു. ഒരാളെ അങ്ങനെ അടിക്കേണ്ട ആവശ്യമില്ലെന്നും ദുർബലർക്കും മഹാരാഷ്ട്രക്കാർ അല്ലാത്തതവർക്കും നേരേ മാത്രമെ ഇത്തരം കൈകൾ ഉയരുകയൊള്ളോയെന്നും അദ്ദേഹം ചോദിച്ചു. നല്ല വിദ്യാഭ്യാസമെന്നും എന്നാൽ ഒരു നിയമത്തിന് കീഴിൽ ഇത്തരം വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. മറാത്തികൾ സ്വയം പാലിക്കാത്ത പൗരബോധം മറ്റുള്ളവരെ പഠിപ്പിക്കുന്നതെന്തിനെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻറെ സംശയം. മറ്റേയാത്രക്കാരൻ യുപിയോ ബിഹാറിയോ ആയിരിക്കണമെന്നും മറാത്തികൾക്ക് യുപി, ബീഹാർ സംസ്ഥാനങ്ങളിലുള്ളവരെ അകാരണമായി അടിക്കുന്നത് ഇന്നൊരു ഹരമായിരിക്കുനെന്നും മറ്റൊരാൾ എഴുതി.


