ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള മടിയും ഭയവും വലിയ ശമ്പളം നേടുന്നതിൽ നിന്ന് തടയുന്നു. കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് കൃത്യസമയത്ത് ജോലി മാറാൻ തയ്യാറാകണം.
ശമ്പള വർദ്ധനവ് ആഗ്രഹിക്കുന്ന ജീവനക്കാർ കരിയറിൽ തീർച്ചയായും ഒഴിവാക്കേണ്ട അഞ്ച് പ്രധാന അബദ്ധങ്ങൾ വ്യക്തമാക്കി പ്രൊഫഷണൽ കരിയർ വിദഗ്ദ്ധൻ രംഗത്ത്. 15 വർഷത്തെ എക്സ്പീരിയൻസുള്ള കക്ഷിത് കുമാർ എന്ന യുവാവാണ് ഇൻസ്റ്റഗ്രാമിലൂടെ ജീവനക്കാർക്ക് മുന്നറിയിപ്പുമായി എത്തിയത്. ശമ്പളക്കുറവല്ല, മറിച്ച് പലരുടെയും കരിയർ തന്ത്രങ്ങളിലെ പിഴവുകളാണ് സാമ്പത്തിക വളർച്ചയ്ക്ക് തടസ്സമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ശമ്പള വർദ്ധനവിനായി ജീവനക്കാർ ഒഴിവാക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
ഒരേ കമ്പനിയിൽ വളരെക്കാലം തുടരുക: കമ്പനിയോടുള്ള അടിയുറച്ച വിശ്വാസവും സമർപ്പണവുമൊന്നും സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കില്ല. കമ്പനിയല്ല, മറിച്ച് മാർക്കറ്റാണ് ഒരാൾക്ക് യഥാർത്ഥ പ്രതിഫലം നൽകുന്നത്. അതിനാൽ ഒരേ സ്ഥലത്ത് വർഷങ്ങളോളം തുടരുന്നത് വലിയ ശമ്പള വർദ്ധനവിന് തടസ്സമാകും.
പുതിയ കഴിവുകൾ പഠിക്കാതിരിക്കുക: കയ്യിലുള്ള ഡിഗ്രി മാത്രം നോക്കിയല്ല ഇന്നത്തെ മാർക്കറ്റിൽ ശമ്പളം നിശ്ചയിക്കപ്പെടുന്നത്. പുതിയ കാലത്തിനനുസരിച്ചുള്ള സാങ്കേതിക വിദ്യകളും കഴിവുകളും പഠിച്ചെടുക്കുക എന്നത് കരിയർ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
ജോലി മാറാനുള്ള ഭയം: ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള മടിയും ഭയവും വലിയ ശമ്പളം നേടുന്നതിൽ നിന്ന് തടയുന്നു. കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് കൃത്യസമയത്ത് ജോലി മാറാൻ തയ്യാറാകണം.
പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് ഇല്ലാതിരിക്കുക: ഇന്നത്തെ കാലത്ത് ജോബ് പോർട്ടലുകളേക്കാൾ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് റെഫറലുകൾ വഴിയാണ്. അതിനാൽ മികച്ച പ്രൊഫഷണൽ ബന്ധങ്ങളും നെറ്റ്വർക്കിംഗും ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്.
കംഫർട്ട് സോണിൽ തുടരുക: തൊഴിലിടത്തിലെ സുരക്ഷിതത്വവും കംഫർട്ട് സോണും മാനസിക സമാധാനം നൽകുമെങ്കിലും അത് സാമ്പത്തികമായി പിന്നോട്ടടിക്കും. വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായാൽ മാത്രമേ ശമ്പളം വർദ്ധിക്കുകയുള്ളൂ.
പറഞ്ഞത് ശരിയാണ് എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.
