തനിക്ക് എവിടേക്കും പോകാൻ നല്ല ആത്മവിശ്വാസമുണ്ടെന്നും അതുകൊണ്ടാണ് ഈ പ്രായത്തിലും യാത്രകൾ തുടരുന്നതെന്നും മുത്തശ്ശി പറയുന്നു. മുത്തശ്ശിയുടെ ഈ ചുറുചുറുക്ക് കണ്ട് 'നിങ്ങളെ കണ്ടാൽ 22 വയസ്സേ തോന്നുള്ളൂ' എന്ന് മെഹർ സ്നേഹത്തോടെ പറയുന്നുണ്ട്.
വയസ് കേവലം ഒരു നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് ഗുരുഗ്രാമിൽ നിന്നുള്ള 81 -കാരിയായ ഒരു മുത്തശ്ശി. യാത്രകളും ബിസിനസ്സും സോഷ്യൽ ലൈഫുമൊക്കെയായി ഇപ്പോഴും സജീവമാണവർ. ഗുർഗാവ് ആസ്ഥാനമായുള്ള സംരംഭക മെഹർ തോറാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ മുത്തശ്ശിയെ പരിചയപ്പെടുത്തിയത്. വീഡിയോയിൽ മുത്തശ്ശിയോട് മെഹർ വിശേഷങ്ങൾ തിരക്കുന്നുണ്ട്. ഇപ്പോഴും യാത്രകളൊക്കെ തുടരുന്നുണ്ടോ എന്ന ചോദ്യത്തിന്, 'അതെ, ഞാൻ അലാസ്കയിലേക്ക് ഒരു ക്രൂസ് യാത്ര പോയിരുന്നു. അത് വല്ലാതെ ആസ്വദിച്ചു' എന്നാണ് മുത്തശ്ശി മറുപടി നൽകിയത്.
തനിക്ക് എവിടേക്കും പോകാൻ നല്ല ആത്മവിശ്വാസമുണ്ടെന്നും അതുകൊണ്ടാണ് ഈ പ്രായത്തിലും യാത്രകൾ തുടരുന്നതെന്നും മുത്തശ്ശി പറയുന്നു. മുത്തശ്ശിയുടെ ഈ ചുറുചുറുക്ക് കണ്ട് 'നിങ്ങളെ കണ്ടാൽ 22 വയസ്സേ തോന്നുള്ളൂ' എന്ന് മെഹർ സ്നേഹത്തോടെ പറയുന്നുണ്ട്. യുവതലമുറയ്ക്ക് നൽകാൻ എന്താണ് ഉപദേശമെന്ന ചോദ്യത്തിന് മുത്തശ്ശി നൽകിയ മറുപടി ഇതാണ്; ജീവിതം പൂർണ്ണമായി ആസ്വദിക്കുക. കഠിനാധ്വാനം ചെയ്യുക. നല്ല ഭക്ഷണം കഴിക്കുക. അതോടൊപ്പം സ്വന്തം ആരോഗ്യവും കാര്യങ്ങളും ശ്രദ്ധിക്കുക.
മുത്തശ്ശിയെ 'The OG Sherni' (ഒറിജിനൽ സിങ്കപ്പെണ്ണ്) എന്നാണ് മെഹർ വിശേഷിപ്പിച്ചത്. ഒറ്റയ്ക്ക് താമസിച്ച്, ലോകം ചുറ്റിസഞ്ചരിച്ച്, ചുറുചുറുക്കോടെ ജീവിക്കുന്ന മുത്തശ്ശി തന്നേക്കാൾ ആക്ടീവാണ് എന്നാണ് മെഹർ കുറിപ്പിൽ പറയുന്നത്. സമൂഹം നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രായപരിധികളുടെ ചട്ടക്കൂടുകളിൽ ഒതുങ്ങിക്കൂടാതെ ജീവിതം ആസ്വദിക്കുന്ന വ്യക്തിയാണ് മുത്തശ്ശി.
വളരെ പെട്ടെന്നാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധനേടിയത്. 'പ്രായം വെറുമൊരു നമ്പർ മാത്രമാണ്', 'ഈ പ്രായത്തിലും ജീവിതം പൂർണ്ണമായി ആസ്വദിക്കുന്ന ഇവരെ കാണുന്നത് വലിയൊരു പ്രചോദനമാണ്' എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
