ബെംഗളൂരുവില്‍ താമസിക്കാന്‍ തനിക്ക് ഒരുമാസം വരുന്നത് ഒരുലക്ഷം രൂപ. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ശ്രദ്ധ സൈനി എന്ന യുവതി. ശരിക്കും ഇത്രയും ചെലവ് വരുമോ എന്ന് സോഷ്യല്‍ മീഡിയ.
ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവതി തനിക്ക് ഓരോ മാസവും വരുന്ന ചെലവുകളുടെ കണക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് ഇപ്പോൾ ആളുകളെ അമ്പരപ്പിക്കുന്നത്. നഗരത്തിൽ ഒറ്റയ്ക്ക് ജീവിക്കാനുള്ള ചെലവിനെക്കുറിച്ചാണ് യുവതി പോസ്റ്റിൽ പറയുന്നത്. ബെംഗളൂരുവിലേക്ക് താമസം മാറിയ ശേഷം ഒരു മാസത്തിനുള്ളിൽ താൻ എത്ര രൂപാ ചെലവഴിക്കുന്നുവെന്ന് അവർ തന്റെ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ശ്രദ്ധ സൈനി എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. “ആരെങ്കിലും തന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യൂ. തന്നെ കൊണ്ട് അതിന് കഴിയുന്നില്ല” എന്നാണ് അവർ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
വാടക, മെയിന്റനൻസ്, ക്ലീനിംഗ്, ഗ്രോസറി എന്നിവയുൾപ്പെടെയുള്ള തന്റെ അടിസ്ഥാന ജീവിതച്ചെലവുകൾ പ്രതിമാസം ഏകദേശം 40,000 വരുമെന്ന് സൈനി വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. ജോലി സ്ഥലത്തേക്ക് രാവിലെ ഓട്ടോയ്ക്ക് പോകാൻ ദിവസവും 50 രൂപ. വൈകുന്നേരം നടന്നാണ് തിരികെ വരുന്നത്. ഇത് പ്രതിമാസം ഏകദേശം 1,000 രൂപ വരുമെന്നും അവൾ പറയുന്നു. വാരാന്ത്യങ്ങളിലെ, ഔട്ടിംഗുകൾക്കും ഷോപ്പിംഗിനും സുഹൃത്തുക്കളെ കാണുന്നതിനും ക്യാബുകളെയാണ് താൻ ആശ്രയിക്കുന്നത്. ഇതിന് വേണ്ടി ഒരു 5000 രൂപയാണ് വേണ്ടി വരുന്നത്.
ഭക്ഷണച്ചെലവുകളാണ് പിന്നെ വരുന്ന ഒരു പ്രധാനപ്പെട്ട ചെലവ്. സൈനി പറയുന്നതനുസരിച്ച്, പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിനും സൊമാറ്റോ പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതിനുമായി മാസം ഏകദേശം 6,000 രൂപയാണ് ചെലവഴിക്കുന്നത്. കൂടാതെ, ഐക്ലൗഡ്, ആപ്പിൾ മ്യൂസിക് പോലുള്ള ഓട്ടോ-ഡെബിറ്റ് സബ്‌സ്‌ക്രിപ്‌ഷനുകളും സൈനിക്കുണ്ട്. അതിനായി, മാസം 2,000 രൂപയാണ് ചിലവാകുന്നത്. വസ്ത്രങ്ങൾ, മേക്കപ്പ്, ഷൂസ് തുടങ്ങിയവയുൾപ്പടെ ഷോപ്പിംഗിനായി എല്ലാ മാസവും ഏകദേശം 25,000 രൂപയാണ് സൈനി ചെലവഴിക്കുന്നത്. ഇതിനുപുറമെ, ഓരോ മാസവും ഏകദേശം 18,000 ഇഎംഐക്കും വേണം.
ഇങ്ങനെ എല്ലാം കൂടി ഒരുലക്ഷം രൂപ ഒരുമാസം വേണ്ടി വരും എന്നാണ് പോസ്റ്റിൽ പറയുന്നത്. ഒരുപാടൊന്നും സേവ് ചെയ്ത് വയ്ക്കാൻ തനിക്ക് കഴിയുന്നില്ല എന്നും അവൾ സമ്മതിച്ചു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. മിക്കവാറും ആളുകൾ സൈനി പറഞ്ഞതുപോലെ ബെംഗളൂരുവിൽ ജീവിക്കുന്നത് വലിയ ചെലവുള്ള കാര്യമാണ് എന്നാണ് പറഞ്ഞത്. അതേസമയം, ചെലവ് ഒന്നുകൂടി ചുരുക്കാവുന്നതാണ് എന്ന് പറഞ്ഞവരും ഉണ്ട്.


