അത്ഭുതം മറച്ചുവയ്ക്കാനാവാതെ അമേരിക്കൻ യാത്രികൻ, ചൈനയിലെ പാർക്കിംഗ് സിസ്റ്റം കണ്ട് ഞെട്ടി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നു. പണമടച്ചില്ലെങ്കില്‍ കാറുമായി അവിടെ നിന്നും പോകാനേ സാധിക്കാത്ത തരത്തിലുള്ളതാണ് ഈ പാര്‍ക്കിംഗ്. 

സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി വികസനത്തിന് പുത്തൻ വഴികൾ തേടുകയാണ് ലോകം. കാലപ്പഴക്കം വന്ന പലതും ദൈനംദിന ജീവിതത്തിൽ നിന്നും അപ്രത്യക്ഷമാകുന്നു. നഗര വികസനം ഉൾപ്പെടെ പല കാര്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ചൈന. ചൈനയിലെ ഒരു ഹൈടെക് പാർക്കിംഗ് സംവിധാനം ചൂണ്ടിക്കാട്ടി അതിശയം പ്രകടിപ്പിക്കുകയാണ് ഒരു അമേരിക്കൻ യാത്രികൻ. പണം അടക്കാത്തപക്ഷം കാർ അക്ഷരാർത്ഥത്തിൽ കുടുങ്ങിപ്പോകും. കണ്ടന്റ് ക്രിയേറ്ററായ ക്രിസ്റ്റ്യൻ ഗ്രോസിയാണ് സുഷൗവിലുള്ള ഈ പാർക്കിംഗ് സംവിധാനം പരിചയപ്പെടുത്തുന്നത്. പരമ്പരാഗത മീറ്ററുകൾക്ക് പകരം ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പണം ഇടപാടുകളെ മാത്രമാണ് ഈ സംവിധാനത്തിൽ ആശ്രയിക്കുന്നത്.

പണം അടച്ചു കഴിയുമ്പോൾ മുതൽ ഓരോ പാർക്കിംഗ് സ്ഥലത്തും തറയിൽ സ്ഥാപിച്ചിട്ടുള്ള ചെറിയ പരന്ന പാനൽ നിരപ്പായി കിടക്കും. എന്നാൽ, അനുവദിച്ച സമയം കഴിഞ്ഞാൽ അധിക തുക അടച്ചിട്ടില്ലെങ്കിൽ ഈ പാനൽ ഉയർന്ന് വന്ന് കാറിന് ആ സ്ഥലം വിട്ട് പോകാൻ കഴിയാത്ത രീതിയിൽ തടസ്സം സൃഷ്ടിക്കും. പാനൽ ഉയർന്ന നിലയിൽ ആയിരിക്കുമ്പോൾ വാഹനം ഓടിച്ച് പോകാൻ ശ്രമിച്ചാൽ വാഹനത്തിന് കേടുപാടുകൾ സംഭവിക്കും. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ പാർക്കിംഗ് സംവിധാനം ഗ്രോസിക്ക് തികച്ചും ഒരു അത്ഭുതമായിരുന്നു.

View post on Instagram

ചൈനയിൽ പണം ഉപയോഗിക്കാതെ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള ജീവിത രീതികളെക്കുറിച്ചും ഗ്രോസി ചൂണ്ടിക്കാട്ടി. പാർക്കിംഗ് മുതൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിന് വരെ കയ്യിൽ പണം കൊണ്ടുനടക്കേണ്ട ആവശ്യമില്ല. പല റെസ്റ്റോറന്റുകളിലും മേശപ്പുറത്തുള്ള ക്യുആർ കോഡുകൾ ഉപയോഗിച്ച് മെനു നോക്കാനും ഡിജിറ്റലായി പണമടക്കാനും കഴിയും. യു.എസ്സിലോ യൂറോപ്പിലോ താൻ ശീലിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇതെന്നും ഗ്രോസി പറയുന്നു. എന്തായാലും ചൈനയുടെ ഈ വികസന മാതൃകയെ 'നെക്സ്റ്റ് ലെവൽ' എന്നാണ് സാമൂഹിക മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.