ഇന്ത്യയിൽ താമസിക്കുന്ന കാറ്റി ശർമ്മ എന്ന അമേരിക്കൻ യുവതി പങ്കുവച്ച അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കയിലെ ശാന്തമായ ഷോപ്പിംഗിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ ബഹളം നിറഞ്ഞതും വിലപേശലുകൾ സാധാരണവുമായ മാർക്കറ്റുകളെക്കുറിച്ചാണ് യുവതി പറയുന്നത്.
തിരക്കേറിയ തെരുവുകൾ, വളരെ കളർഫുള്ളായ കാഴ്ചകൾ, വിലപേശലുകൾ. ഇന്ത്യയിലെ മാർക്കറ്റുകൾ ഒരിക്കലും മറ്റ് സ്ഥലങ്ങളിലെ മാർക്കറ്റുകൾ പോലെയല്ല, വളരെ വ്യത്യസ്തമാണത്. പലപ്പോഴും വിദേശത്ത് നിന്നെത്തുന്നവരെ ഇത് അമ്പരപ്പിക്കാറുണ്ട്. ഇന്ത്യയിൽ താമസിക്കുന്ന കാറ്റി ശർമ്മ എന്ന അമേരിക്കൻ യുവതി പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. കഠിനമായ ചൂടിലും താൻ നടത്തിയ ഷോപ്പിംഗ് അനുഭവങ്ങളെ അമേരിക്കയിലെ രീതികളുമായി താരതമ്യം ചെയ്യുകയാണ് കാറ്റി. അമേരിക്കയിലെ ഷോപ്പിംഗ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ മാർക്കറ്റുകൾ വളരെ ബഹളം നിറഞ്ഞതാണ് എന്നാണ് കാറ്റി പറയുന്നത്.
'ഇന്ത്യൻ മാർക്കറ്റുകൾ സാമൂഹികമായ കൂടിച്ചേരലുകൾ പോലെയാണ്. ഇവിടെ വിലപേശൽ സർവസാധാരണമാണ്, എന്നാൽ അമേരിക്കയിൽ വില കൃത്യമായി നിശ്ചയിച്ചിട്ടുള്ളതാണ്. അമേരിക്കയിലെ സ്റ്റോറുകൾ എസി സൗകര്യങ്ങളുള്ളതും ശാന്തവുമാണെങ്കിൽ, ഇന്ത്യയിൽ അത് തുറന്ന സ്ഥലത്തുള്ള ഉത്സവ പ്രതീതി നൽകുന്നവയാണ്' എന്നാണ് കാറ്റി വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്.
40 ഡിഗ്രി ചൂടിൽ നടത്തിയ ഷോപ്പിംഗിനിടെ താൻ രണ്ട് ടവ്വലുകൾക്കായി 800 രൂപ നൽകിയെന്നാണ് കാറ്റി പറയുന്നത്. എന്നാൽ, കാറ്റി ഇനിയും വിലപേശൽ പഠിക്കാനുണ്ട് എന്നും അതിന് അത്രയൊന്നും വിലയില്ലെന്നുമാണ് നെറ്റിസൺസ് പ്രതികരിക്കുന്നത്. അത് 'ടൂറിസ്റ്റ് പ്രൈസ്' ആണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഷോപ്പിംഗിന് ശേഷം 90 രൂപയ്ക്ക് കഴിച്ച പനീർ ബ്രെഡ് പക്കോഡയാണ് തന്റെ ക്ഷീണം മാറ്റിയതെന്നും കാറ്റി വീഡിയോയിൽ പറയുന്നു.
ഇന്ത്യയിൽ പഴങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും വസ്ത്രങ്ങൾക്കുമായി പ്രത്യേകം വിൽപനക്കാർ ഉണ്ട്, അമേരിക്കയിൽ എല്ലാം ലേബൽ ചെയ്തതും ബ്രാൻഡഡും ഒരുപോലെയിരിക്കുന്നതും ആയിരിക്കും, ഇന്ത്യയിൽ നിറങ്ങളും മണവും ശബ്ദവും കൊണ്ട് നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളെയെല്ലാം തൊട്ടുണർത്തുന്ന അനുഭവം കിട്ടും എന്നും കാറ്റി പറയുന്നു. 'ഇന്ത്യൻ മാർക്കറ്റുകൾ വെറുമൊരു ഷോപ്പിംഗ് സ്ഥലമല്ല, അതൊരു വികാരമാണ്' എന്നാണ് നെറ്റിസൺസ് വീഡിയയോട് പ്രതികരിക്കുന്നത്.



