സംഭവത്തിന് ശേഷം ടോയ്‍ലെറ്റിൽ സമാധാനമായിട്ട് പോകാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് മിഷേൽ പറയുന്നത്. ഒരുപാട് ദിവസങ്ങൾ വേണ്ടി വന്നു ആ ഭയത്തെ മറികടക്കാൻ എന്നും. 

പാമ്പുകളെ പേടിയില്ലാത്തവരായി വളരെ ചുരുക്കം ആളുകളെ കാണൂ. എന്തിന് പാമ്പിന്റെ ചിത്രങ്ങളും വീഡിയോകളും കണ്ടാൽ വരെ പേടിക്കുന്നവർ നമുക്കിടയിൽ കാണും. അപ്രതീക്ഷിതമായി പാമ്പിനെ എവിടെയെങ്കിലും കണ്ടാൽ പേടിച്ച് വിറച്ച് പോകും എന്ന കാര്യത്തിലും സംശയമില്ല. അത് നമ്മുടെ വീടിനകത്താണ് എങ്കിലോ? അതുപോലെ കുളിമുറിക്കകത്ത് പ്രതീക്ഷിക്കാതെ പാമ്പിനെ കാണുന്ന വീഡിയോകളും ചിത്രങ്ങളും നേരത്തെയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. 

യുഎസ്സിലെ അരിസോണയിലാണ് മിഷേൽ ലെസ്‌പ്രോൺ എന്ന സ്ത്രീ തന്റെ കുളിമുറിയിൽ ഒരു പാമ്പിനെ കണ്ടത്. ഒരു അടിപൊളി വെക്കേഷൻ ഒക്കെ കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയതായിരുന്നു യുവതി. അപ്പോഴാണ് വീട്ടിലെ കുളിമുറിയിൽ അപ്രതീക്ഷിതമായി ഒരു അതിഥിയെ കണ്ടത്. ടോയ്‌ലെറ്റിൽ പാമ്പിനെ കണ്ടെത്തിയപ്പോൾ മിഷേൽ ലെസ്‌പ്രോൺ ശരിക്കും ഭയന്നു എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. 

അരിസോണ ആസ്ഥാനമായുള്ള ഫീനിക്‌സ് കമ്പനി റാറ്റിൽസ്‌നേക്ക് സൊല്യൂഷൻസ് ആണ് ഒടുവിൽ പാമ്പിനെ വിജയകരമായി അവിടെ നിന്നും നീക്കം ചെയ്തത്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. 

അതുപോലെ അസോസിയേറ്റഡ് പ്രസ്സും പാമ്പിനെ നീക്കം ചെയ്യുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്ക് വച്ചിട്ടുണ്ട്. പാമ്പ് കടിക്കാൻ ശ്രമിക്കുന്നതും ചീറ്റുന്നതും ഒക്കെ വീ‍ഡിയോയിൽ കാണാം. സംഭവത്തിന് ശേഷം ടോയ്‍ലെറ്റിൽ സമാധാനമായിട്ട് പോകാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് മിഷേൽ പറയുന്നത്. ഒരുപാട് ദിവസങ്ങൾ വേണ്ടി വന്നു ആ ഭയത്തെ മറികടക്കാൻ എന്നും. 

Scroll to load tweet…

വീഡിയോ വൈറലായതോടെ അനേകം ബന്ധുക്കളും സുഹൃത്തുക്കളുമാണ് അവൾക്ക് മെസേജ് അയക്കുന്നത്. ഇങ്ങനയൊരു സംഭവം ഓർക്കാനേ വയ്യ എന്നാണ് പലരും പറഞ്ഞത്.