തായ്‌ലൻഡിലെ ഒരു ബാറിൽ 1.7 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാൻ കഴിയാതിരുന്ന 18-കാരിയുടെ തല ജീവനക്കാർ മുണ്ഡനം ചെയ്തതായി ആരോപണം. ബില്ലിലെ ഒരു ഭാഗം കുറയ്ക്കുന്നതിനായി 'ഹെയർ പർച്ചേസ് കോൺട്രാക്ട്' എന്ന പേരിൽ കരാറിൽ ഒപ്പിടുവിച്ച ശേഷമായിരുന്നു ഈ നടപടി. സംഭവം വിവാദമായതോടെ യുവതിയുടെ സമ്മതത്തെക്കുറിച്ചും ബാറിന്റെ നടപടിയെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്.

കദേശം 1.7 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാത്തതിനെ തുടർന്ന് 18 -കാരിയായ യുവതിയുടെ തല ബാർ ജീവനക്കാർ മുണ്ഡനം ചെയ്തതായി ആരോപണം. തായ്‌ലൻഡിലെ ബാങ്കോക്കിലെ പിങ്ക്ലാവോ മേഖലയിലുള്ള ഒരു ഹോസ്റ്റ് ബാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഓഗസ്റ്റ് 25 -ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്.

ബാറിലെ ബില്ല് 1.7 ലക്ഷം രൂപ!

വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് യുവതി ബാറിലെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷണത്തിനും 200 -ലേറെ പാനീയങ്ങൾക്കുമായി യുവതി ഓർഡർ നൽകിയതോടെ ബിൽ ഏകദേശം 60,000 തായ് ബാത്തായി ഉയർന്നു. ഇത് ഏകദേശം 1.7 ലക്ഷം ഇന്ത്യൻ രൂപയോളം വരും. എന്നാൽ, ബിൽ അടയ്ക്കാതെ യുവതി പുറത്തുപോകാൻ ശ്രമിച്ചതോടെ ബാർ ജീവനക്കാർ ഇവരെ തടഞ്ഞ് വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Scroll to load tweet…

Scroll to load tweet…

‘ഹെയർ പർച്ചേസ് കോൺട്രാക്ട്’

തുടർന്ന് പൊലീസിനെ വിളിക്കുന്നതിന് പകരം ബാർ ജീവനക്കാർ യുവതിയെ കൊണ്ട് ‘ഹെയർ പർച്ചേസ് കോൺട്രാക്ട്’ എന്ന പേരിലുള്ളൊരു കരാറിൽ ഒപ്പിടുവിച്ചെന്നാണ് ഉയരുന്ന ആരോപണം. യുവതിയുടെ മുടിക്ക് ഏകദേശം 3,000 ബാത്ത് വില നിശ്ചയിച്ച് ആ തുക ബില്ലിൽ നിന്ന് കുറയ്ക്കുകയായിരുന്നു. പിന്നാലെ ബാർ ജീവനക്കാരൻ ഇലക്ട്രിക് റേസർ ഉപയോഗിച്ച് യുവതിയുടെ മുടി പൂർണമായും വടിച്ചുമാറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മുടി ജീവനക്കാരിലൊരാൾക്ക് കൈമാറി. പിന്നീട് ഇത് സംഭാവന ചെയ്തതായും ബാർ ജീവനക്കാർ അവകാശപ്പെട്ടു. എന്നാൽ, മുടി എവിടേക്കാണ് സംഭാവന ചെയ്തതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

Scroll to load tweet…

സമഗ്രാന്വേഷണം വേണം

അതേസമയം യുവതി യഥാർഥത്തിൽ സമ്മതിച്ചാണോ കരാറിൽ ഒപ്പിട്ടതെന്ന കാര്യം സമൂഹ മാധ്യമങ്ങളിൽ വിവാദമായി. തനിക്ക് അമിത സമ്മർദമുണ്ടായിരുന്നെന്നും ജീവനക്കാർ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പിന്നീട് അധികൃതരോട് പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. കുടുംബവും യുവതിയുടെ സമ്മതത്തെ ചോദ്യം ചെയ്തു. എന്നാൽ, അക്രമമൊന്നും ഉണ്ടായിട്ടില്ലെന്നും യുവതിയും അമ്മയും ഈ ക്രമീകരണത്തിന് സമ്മതിച്ചിരുന്നുവെന്നും ബാർ മാനേജർ ആവർത്തിച്ചു. പിന്നീട് സംഭവം അതിരുകടന്നതായി സമ്മതിച്ച മാനേജർ ക്ഷമാപണം നടത്തിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സംഭവം വിവാദമായതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം യുവതി എന്തിനാണ് വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചതെന്നും മറ്റ് ചിലർ ചോദിച്ചു.