ബെംഗളൂരുവിലെ ഏത് റോഡും കുഴികൾ നിറഞ്ഞതാണ് എന്നാണ് യുവാവ് പറയുന്നത്. തന്റെ കാലിലും കൈയിലും ഗുരുതരമായ പരിക്കുകളാണ് അപകടത്തിൽ പറ്റിയത് എന്നും പാണ്ഡെ വെളിപ്പെടുത്തി.

ബെംഗളൂരുവിലെ കുഴികൾ നിറഞ്ഞ റോഡുകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരുപാട് പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ വീണ്ടും ചർച്ചാവിഷയമാകുന്നത്. ആശുപത്രിയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥയാണ് ഈ വലിയ അപകടത്തിന് കാരണമായത് എന്നാണ് യുവാവ് കുറ്റപ്പെടുത്തുന്നത്. അപകടത്തിൽ പെട്ട യുവാവിന്റെ സുഹൃത്തായ ഖ്യാതി ശ്രീ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റോഡ് സുരക്ഷ, യാത്രക്കാർ ദിവസേന അഭിമുഖീകരിക്കേണ്ടി വരുന്ന അപകടസാധ്യതകൾ എന്നിവയെക്കുറിച്ചാണ് പോസ്റ്റിൽ ചോദിക്കുന്നത്.

'നിങ്ങൾക്ക് റോഡ് ശരിയാക്കാൻ കഴിയില്ലെങ്കിൽ നിരത്തിൽ ടു വീലറുകൾ നിരോധിക്കൂ' എന്നാണ് പോസ്റ്റിൽ പറയുന്നത്. അപകടത്തിൽ പരിക്കേറ്റ സൗരഭ് പാണ്ഡെ പറയുന്നത്, സ്പീഡ് ബ്രേക്കർ നിർമ്മിച്ചത് ശരിയാകാത്തതും അത് അടയാളപ്പെടുത്താത്തതുമാണ് തനിക്ക് സംഭവിച്ച അപകടത്തിന്റെ കാരണം എന്നാണ്. വീഡിയോയിൽ, പാണ്ഡെ വേദനയോടെ ബെം​ഗളൂരുവിലെ റോഡിന്റെ മോശം അവസ്ഥയെ കുറിച്ച് പറയുന്നതും കാണാം. ബെംഗളൂരുവിലെ ഏത് റോഡും കുഴികൾ നിറഞ്ഞതാണ് എന്നാണ് യുവാവ് പറയുന്നത്. തന്റെ കാലിലും കൈയിലും ഗുരുതരമായ പരിക്കുകളാണ് അപകടത്തിൽ പറ്റിയത് എന്നും പാണ്ഡെ വെളിപ്പെടുത്തി.

View post on Instagram

'ന​ഗരത്തിലെ റോഡുകൾ നന്നാക്കാൻ എന്തെങ്കിലും ചെയ്യൂ, അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു' എന്നും യുവാവ് പറയുന്നത് കേൾക്കാം. വളരെ പെട്ടെന്ന് തന്നെ സർജറി വേണ്ടി വന്ന അപകടാവസ്ഥയിലാണ് തന്റെ സുഹൃത്തിനെ ഈ റോഡിന്റെ ശോച്യാവസ്ഥ എത്തിച്ചത് എന്ന് പോസ്റ്റ് ഷെയർ ചെയ്ത യുവതി പറഞ്ഞു. മാത്രമല്ല, പാണ്ഡെയുടെ വീട്ടുകാർക്ക് അദ്ദേഹത്തെ നോക്കാനായി മറ്റൊരു നാട്ടിൽ നിന്നും ഇങ്ങോട്ട് വരേണ്ടി വന്നു. ആറ് മാസമാണ് യുവാവിന് വിശ്രമം നിർദ്ദേശിച്ചിരിക്കുന്നത്. ഒപ്പം ആറ് ലക്ഷം രൂപ ആശുപത്രി ബില്ലായി എന്നും പറയുന്നു. ബെം​ഗളൂരുവിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ സമയം അതിക്രമിച്ചതായി അനേകങ്ങളാണ് കമന്റ് നൽകിയത്.