ബോട്ടിന്റെ ശബ്ദം കേൾക്കുമ്പോൾ മുതലകൾ വേഗത്തിൽ നദീതീരത്തേക്ക് കയറുന്നത് കാണാം. നദിയുടെ ചില ഭാഗങ്ങളിൽ വെള്ളം കാണാൻ ആകാത്ത വിധത്തിൽ മുതലകൾ അടിഞ്ഞുകൂടി കിടക്കുന്നതും കാണാം.

ലോകത്തിലെ ഏറ്റവും അപകടകാരികളും ശക്തരുമായ വേട്ടക്കാരായാണ് മുതലകൾ അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് വർഷങ്ങളായി ജലപാതകളും നദീതീരങ്ങളും ഭരിക്കുന്ന ജീവികളാണ് ഇവ. ശക്തമായ താടിയെല്ലുകളും മൂർച്ചയുള്ള പല്ലുകളുടെ നിരകളും, ചുറ്റുപാടുമായി ഇഴുകിച്ചേരാനുള്ള അസാധാരണമായ കഴിവും എല്ലാം ഇവയെ നാം ഭയപ്പെടാനുള്ള കാരണങ്ങളാണ്. മനുഷ്യർ മാത്രമല്ല മറ്റു മൃഗങ്ങളും ഇവയെ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ പോലും ഇവയുടെ അടുത്തേക്ക് പോകുന്നത് ഒഴിവാക്കാറാണ്. എന്നാൽ, മുതലകൾ നിറഞ്ഞ നദിയിലൂടെ ഒരു ബോട്ട് നൂറുകണക്കിന് മുതലകളെ മറികടന്ന് കടന്നുപോകുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്.

വീഡിയോയിൽ സംഭവം നടന്ന സ്ഥലവും തീയതിയും വ്യക്തമല്ലെങ്കിലും ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ കാഴ്ചക്കാരെ ആശങ്കപ്പെടുത്തുന്നതാണ്. 39 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ നൂറുകണക്കിന് മുതലകൾ നിറഞ്ഞ ഒരു നദിയിലൂടെ ഒരു ബോട്ട് നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. ബോട്ടിന്റെ ശബ്ദം കേൾക്കുമ്പോൾ മുതലകൾ വേഗത്തിൽ നദീതീരത്തേക്ക് കയറുന്നത് കാണാം. നദിയുടെ ചില ഭാഗങ്ങളിൽ വെള്ളം കാണാൻ ആകാത്ത വിധത്തിൽ മുതലകൾ അടിഞ്ഞുകൂടി കിടക്കുന്നതും കാണാം.

സിസിടിവി ഇഡിയറ്റ് എന്ന അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുതലകൾ നിറഞ്ഞ ഒരു നദിയിലൂടെ ഭയാനകമായ ഒരു യാത്ര എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതേ വീഡിയോ തന്നെ ഏതാനും മാസങ്ങൾക്കു മുൻപ് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അന്നും വീഡിയോയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല.

Scroll to load tweet…

ആഫ്രിക്കയിലും, ഓസ്‌ട്രേലിയ മുതൽ അമേരിക്ക വരെയും, ഏഷ്യയിലുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൂടുതലായി മുതലകളെ കാണപ്പെടുന്നത്. വെള്ളത്തിൽ അവിശ്വസനീയമായ വേഗതയും ചടുലതയും ഇവയ്ക്കുണ്ട്.