ബോട്ടിലുണ്ടായിരുന്ന രണ്ട് പേർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിനും മുൻപ് സെക്കൻറുകളുടെ ഇടവേളയിലാണ് സംഭവം നടന്നത്. സമീപത്തുണ്ടായ മറ്റൊരു ബോട്ടിലുണ്ടായിരുന്നവരാണ് ഞെട്ടിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചത്

ന്യൂ ഹാംപ്ഷെയർ: ചെറുബോട്ടിൽ കടലിൽ ചൂണ്ടയിട്ടുകൊണ്ടിരുന്നവരെ ആക്രമിച്ച കൂറ്റൻ തിമിംഗലം. അമേരിക്കയിലെ ന്യൂ ഹാംപ്ഷെയറിലാണ് സംഭവം. 23 അടി നീളമുള്ള ചെറു ബോട്ടിന് നേരെയാണ് കൂനൻ തിമിംഗലത്തിന്റെ ആക്രമണമുണ്ടായത്. സമുദ്ര നിരപ്പിൽ ഉയർന്ന ശേഷം ചെറുബോട്ടിനെ തലകീഴായി മറിച്ചുകൊണ്ടാണ് സമുദ്രത്തിലേക്ക് തിരികെ പതിക്കുന്നത്.

ബോട്ടിലുണ്ടായിരുന്ന രണ്ട് പേർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിനും മുൻപ് സെക്കൻറുകളുടെ ഇടവേളയിലാണ് സംഭവം നടന്നത്. സമീപത്തുണ്ടായ മറ്റൊരു ബോട്ടിലുണ്ടായിരുന്നവരാണ് ഞെട്ടിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചത്. തിമിംഗലം ഉയർന്ന് പൊന്തുന്നതും തിരികെ ബോട്ടിനെ തലകീഴായി മറിച്ച് സമുദ്രത്തിലേക്ക് തിരികെ പതിക്കുന്നതും ബോട്ടിലുണ്ടായിരുന്നവർ തെറിച്ച് കടലിലേക്ക് വീഴുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ആർക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ലെന്നാണ് അമേരിക്കൻ തീരസംരക്ഷണ സേന വിശദമാക്കുന്നത്. തലകീഴായി മറിഞ്ഞ ബോട്ടിനെ സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകൾ കെട്ടിവലിച്ച് കരയ്ക്ക് എത്തിച്ചു.

Scroll to load tweet…

ബോട്ടിലുണ്ടായിരുന്നവരേയും മറ്റ് അപകടങ്ങളുണ്ടാവുന്നതിന് മുൻപ് രക്ഷിക്കാനായിരുന്നു. സമീപത്ത് മറ്റ് ബോട്ടുകളുണ്ടായിരുന്നതാണ് ബോട്ടിലുണ്ടായിരുന്നവർക്ക് രക്ഷയായത്. ജോർജ്ജ് പാക്വിറ്റ, റിലാൻഡ് കെന്നി എന്നിവരാണ് തിമിംഗലത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ ചെറുബോട്ടിലുണ്ടായിരുന്ന മത്സ്യങ്ങളെ ചെറുതായി എത്തിപ്പിടിച്ച് അകത്താക്കിയ ശേഷമായിരുന്നു തിമിംഗലം ബോട്ട് തലകീഴായി തട്ടിമറിച്ചത്.