Asianet News MalayalamAsianet News Malayalam

വയസൻ സിംഹത്തെ വളഞ്ഞിട്ട് ആക്രമിച്ച് പോത്തിൻകൂട്ടം, ജീവന് വേണ്ടി സിംഹത്തിന്റെ പരാക്രമം

വീഡിയോയിൽ നിലത്ത് കിടക്കുന്ന ഏറെക്കുറെ അവശനായ ഒരു വയസൻ സിംഹത്തെ കാണാം. പോത്തിൻകൂട്ടം അതിനെ അക്രമിക്കുകയാണ്.

buffaloes attacking old lion
Author
First Published Nov 25, 2022, 3:01 PM IST

കാട്ടിലെ രാജാവാണ് സിംഹം എന്നാണല്ലോ പറയുന്നത്? ആ രാജാവ് പേടിക്കുന്ന എത്ര സന്ദർഭങ്ങളുണ്ടാവും? വളരെ കുറച്ചാവും അല്ലേ? എന്നാലും അത്തരം സന്ദർഭങ്ങളുണ്ട് എന്നതിൽ തർക്കമില്ല. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. പോത്തിൻകൂട്ടത്തെ ഭയപ്പെടുന്ന ഒരു വയസൻ സിം​ഹമാണ് വീഡിയോയിൽ. 

ഡിയോൺ കെൽബ്രിക് എന്നൊരു ഫോട്ടോ​ഗ്രാഫറാണ് ഈ രം​ഗം തന്റെ ക്യാമറയിൽ പകർത്തിയത്. വിനോദസഞ്ചാരികളുടെ കൂടെ സഫാരി നടത്തവെയാണ് ഡിയോൺ ഈ ദൃശ്യം പകർത്തിയത്. ആ ദൃശ്യം ഡിയോൺ ഇൻസ്റ്റ​ഗ്രാമിൽ പങ്കു വച്ചു. അതോടൊപ്പം പോത്തിൻകൂട്ടത്തിനോട് ജീവന് വേണ്ടി പോരാടുകയാണ് സിംഹം എന്നും കുറിച്ചിട്ടുണ്ട്. 

സിംഹം പോത്തിൻകൂട്ടത്തിൽ ഇര തേടാൻ ആ​ഗ്രഹിച്ചു, എന്നാൽ തിരിച്ചാണ് സംഭവിച്ചത്. പോത്തിൻകൂട്ടം സിംഹത്തെ ആക്രമിച്ചു. സിംഹത്തിന് പരിക്കേറ്റു എന്നും പറയുന്നുണ്ട്. വീഡിയോയുടെ കമന്റ് സെക്ഷനിൽ മൂന്ന് ദിവസത്തിന് ശേഷം പരിക്കേറ്റ സിംഹം ചത്തു എന്നും ഫോട്ടോ​ഗ്രാഫർ വ്യക്തമാക്കുന്നു. 

വീഡിയോയിൽ നിലത്ത് കിടക്കുന്ന ഏറെക്കുറെ അവശനായ ഒരു വയസൻ സിംഹത്തെ കാണാം. പോത്തിൻകൂട്ടം അതിനെ അക്രമിക്കുകയാണ്. ഇൻസ്റ്റ​ഗ്രാമിൽ നാല് മില്ല്യണിൽ കൂടുതൽ ആളുകൾ ഈ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് പലതരത്തിലുള്ള കമന്റുകൾ ഇട്ടത്. പ്രകൃതിയിൽ ഒന്നും പൂർണമല്ല, എന്നാൽ എല്ലാം പൂർണമാണ് എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ഈ വീഡിയോ കാണുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു, എന്നാൽ പ്രകൃതിയിലെ അതിജീവനം അങ്ങനെയൊക്കെ തന്നെയാണ് എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. 

നേരത്തെ ഇതുപോലെ കലിതുള്ളി വരുന്ന പോത്തിൻകൂട്ടത്തെ ഭയന്ന് മരത്തിൽ കയറി ഇരിക്കുന്ന ഒരു സിംഹത്തിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. 

Follow Us:
Download App:
  • android
  • ios