ഇന്ത്യയിൽ താമസിക്കുന്ന ഡോമിനിക എന്ന പോളിഷ് യുവതി ഷെയര്‍ ചെയ്ത അനുഭവം ശ്രദ്ധേയമാകുന്നു. ഒരു മെഡിക്കൽ ഷോപ്പിൽ മറന്നുവെച്ച മരുന്നുകൾ നാല് ദിവസത്തിന് ശേഷം തിരികെ ലഭിച്ച ഹൃദയസ്പർശിയായ അനുഭവമാണ് ഡോമിനിക പറയുന്നത്. 

ഇന്ത്യയിൽ താമസിക്കുന്ന ഡോമിനിക പടാലസ് കൽറ എന്ന പോളിഷ് യുവതിയുടെ ഹൃദ്യമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താൻ മെഡിക്കൽ ഷോപ്പിൽ മറന്നുവെച്ച മരുന്നുകൾ നാല് ദിവസത്തിന് ശേഷവും അവിടെ സുരക്ഷിതമായി സൂക്ഷിച്ചുവെച്ചതിന്റെ ഹൃദയസ്പർശിയായ അനുഭവമാണ് ഡോമിനിക്ക പങ്കുവെച്ചിരിക്കുന്നത്. ഈ സംഭവം തന്നെ സന്തോഷിപ്പിച്ചതായും അതിശയിപ്പിച്ചതായും ഡോമിനിക ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്നുകൾ വാങ്ങിയെങ്കിലും അത് ബാഗിൽ വെക്കാൻ താൻ മറന്നുപോയതായി ഡോമിനിക പറയുന്നു. നാല് ദിവസത്തിന് ശേഷമാണ് അവർ കടയിലേക്ക് തിരിച്ചെത്തിയത്. '4 ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഒരു കെമിസ്റ്റിൽ നിന്ന് കുറച്ച് മരുന്നുകൾ വാങ്ങി, പക്ഷേ അത് ബാഗിൽ വെക്കാൻ മറന്ന് അവിടെത്തന്നെ വച്ചു. 4 ദിവസത്തിന് ശേഷം അവ ഇപ്പോഴും അവിടെയുണ്ടോ എന്ന് നോക്കാനായി ഞാൻ പോവുകയാണ്. ഇത് അവരുടെ തെറ്റല്ല, ഞങ്ങളാണത് എടുക്കാൻ മറന്നത്. അതിനാൽ അവ അവിടെയുണ്ടോ എന്ന് നോക്കാം' വീഡിയോയിൽ ഡോമിനിക്ക പറയുന്നത് കേൾക്കാം.

തുടർന്ന് അവർ കടയിൽ കയറി മരുന്നുകളെക്കുറിച്ച് ചോദിക്കുന്നത് വീഡിയോയിൽ കാണാം. 'നിങ്ങൾ പാക്ക് ചെയ്ത ഒരു പേപ്പർ ബാഗ്...' എന്ന് അവർ ചോദിച്ചപ്പോൾ തന്നെ, 'അതെ, അതെ, അതെ' എന്ന് കടയുടമ മറുപടി നൽകി. പിന്നാലെ പാക്കറ്റ് അവർക്ക് നൽകി. പാക്കറ്റ് ലഭിച്ച ശേഷം അവർ നന്ദി പറഞ്ഞ് അതീവ സന്തോഷത്തോടെ കടയിൽ നിന്ന് ഇറങ്ങുന്നതും കാണാം.

കടയ്ക്ക് പുറത്തിറങ്ങിയ ഡോമിനിക, മരുന്നുകൾ തനിക്കായി സുരക്ഷിതമായി സൂക്ഷിച്ചുവെച്ചതിൽ താൻ അത്ഭുതപ്പെട്ടതായി പറഞ്ഞു. 'എനിക്ക് എന്റെ മരുന്നുകൾ കിട്ടി. 4 ദിവസമായി അവ അവിടെ എനിക്കായി കാത്തിരിക്കുകയായിരുന്നു. ഇത് എന്നെ സംബന്ധിച്ച് വളരെ ഞെട്ടിക്കുന്നതാണ്. ഇന്ത്യ വളരെ വലിയൊരു രാജ്യമാണ്, ഇത്രയധികം ജനസംഖ്യയുമുണ്ട്, എന്നിട്ടും 4 ദിവസത്തിന് ശേഷം ഞാൻ അവിടെ ചെന്നപ്പോൾ ഇവ അവിടെ കാത്തിരിപ്പുണ്ടായിരുന്നു, വാവ്' അവർ പറഞ്ഞു.

View post on Instagram

'ഇതിനാലാണ് ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നത്. ഞാൻ കുറച്ച് മരുന്നുകൾ വാങ്ങി, അത് ബാഗിൽ വെക്കാൻ മറന്ന് അവിടെ തന്നെ വച്ചിട്ട് പോന്നു. ഞാൻ നഗരത്തിൽ ഇല്ലാതിരുന്നതിനാൽ 4 ദിവസത്തിന് ശേഷമാണ് അത് വാങ്ങാൻ പോയത്, ഇത് സംഭവിക്കുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിച്ചില്ല. എന്റെ മരുന്നുകൾ ഒരു വശത്ത് മാറ്റിവെച്ച് എനിക്കായി കാത്തിരിക്കുകയായിരുന്നു അവർ. ഇത്രയും വലിയ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് ഇപ്പോഴും ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നു എന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു' എന്ന ക്യാപ്ഷനോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.