കനത്ത മഴയെ തുടർന്ന് മുംബൈയിലെ ജനവാസ മേഖലയ്ക്ക് സമീപം കണ്ടെത്തിയ കൂറ്റൻ മുതലയെ വന്യജീവി രക്ഷാപ്രവർത്തകർ പിടികൂടി. നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന് പിന്നാലെ, മഴക്കാലത്ത് ജലാശയങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി.
കനത്ത മഴ പെയ്തൊഴിഞ്ഞതിന് പിന്നാലെ മുംബൈയിലെ ജനവാസ മേഖലയ്ക്ക് സമീപം കൂറ്റൻ മുതലയെ കണ്ടെത്തിയത് ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. നഗരത്തിലെ ഒരു തടാകത്തോട് ചേർന്ന പ്രദേശത്താണ് മുതലയെ നാട്ടുകാർ ആദ്യം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ വന്യജീവി രക്ഷാപ്രവർത്തകരും, വനം വകുപ്പ് ഉദ്യോഗസ്ഥരും, പ്രദേശവാസികളായ യുവാക്കളും ചേർന്ന് നടത്തിയ ദൗത്യത്തിനൊടുവിൽ മുതലയെ സുരക്ഷിതമായി പിടികൂടി, വിട്ടയച്ചു.
സാഹസീകമായ രക്ഷാപ്രവർത്തനം
റിപ്പോർട്ടുകൾ പ്രകാരം, ജനവാസ മേഖലയ്ക്ക് വളരെ അടുത്തായി മുതലയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലായി. ചിലർ സംഭവത്തിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സ്ഥലത്തേക്ക് കൂടുതൽ ആളുകളെത്തി. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയും പ്രദേശത്ത് ആളുകൾ ആളുകളെത്താതിരിക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച ശേഷം പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ മുതലയെ നിയന്ത്രണത്തിലാക്കി സുരക്ഷിതമായി മാറ്റുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങളും പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
കൂടുതൽ ശ്രദ്ധവേണം
മഴക്കാലത്ത് തടാകങ്ങൾ, നദികൾ, ചതുപ്പുനിലങ്ങൾ എന്നിവിടങ്ങളിലെ ജലനിരപ്പിൽ ക്രമാധീതമായ ഉയർച്ചയുണ്ടാകുമ്പോൾ വന്യജീവികൾ ജനവാസ മേഖലകളിലേക്ക് കയറുന്ന സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ കൂടുതലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ വന്യജീവികളെ കണ്ടാൽ സ്വമേധയാ പിടികൂടാനോ സമീപിക്കാനോ ശ്രമിക്കാതെ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്നും അവർ നിർദേശിക്കുന്നു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ നിരീക്ഷണം ശക്തമാക്കിയതായും സമീപത്തുള്ള ജലാശയങ്ങളുടെ പരിസരത്ത് താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.


