കൈയേറ്റ ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ബ്രാഞ്ച് കെട്ടിടത്തിന്റെ മുൻഭാഗവും പടിക്കെട്ടും പൊളിച്ചുമാറ്റുകയായിരുന്നു. ഇതോടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള മാർഗം ഇല്ലാതായി.
ബാങ്ക് പ്രവർത്തിക്കുന്ന ഒന്നാം നിലയിൽ എത്തിച്ചേരാനായി കോണി കയറിപ്പോകുന്ന ഉപഭോക്താക്കളുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ശാഖയിലെത്തിച്ചേരാനാണ് ഉപഭോക്താക്കൾക്കും ജീവനക്കാർക്കും കോണി ഉപയോഗിക്കേണ്ടി വന്നത്. കയ്യേറ്റ വിരുദ്ധ നടപടിയുടെ ഭാഗമായി ബാങ്കിന്റെ മുൻഭാഗം തകർത്തതോടെയാണ് ഈ അവസ്ഥ വന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കയ്യേറ്റ വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി, ചരമ്പ മാർക്കറ്റ് മുതൽ ഭദ്രക് റെയിൽവേ സ്റ്റേഷൻ വരെയുള്ള അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയതായി ഒഡീഷ ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി നിരവധി കടകളും വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിച്ചുമാറ്റി. എസ്‌ബിഐ ബ്രാഞ്ച് കെട്ടിടത്തിന്റെ ഒരു ഭാഗവും അവയിൽ ഉൾപ്പെടുന്നു. കൈയേറ്റ ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ബ്രാഞ്ച് കെട്ടിടത്തിന്റെ മുൻഭാഗവും പടിക്കെട്ടും പൊളിച്ചുമാറ്റുകയായിരുന്നു. ഇതോടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള മാർഗം ഇല്ലാതായി. അതോടെ കോണി ഉപയോഗിക്കുകയല്ലാതെ മറ്റ് വഴിയില്ലാതെയായി. ജീവനക്കാരും ഇതുപോലെ കോണി കയറിയാണ് ബാങ്കിൽ പ്രവേശിച്ചത് എന്നാണ് കരുതുന്നത്. കൈയേറ്റത്തെക്കുറിച്ച് ബാങ്കിനെയും വീട്ടുടമസ്ഥനെയും നേരത്തെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
കെട്ടിടത്തിന്റെ മുൻഭാഗം തകർത്തതോടെ ആളുകൾക്ക് ബാങ്കിൽ എത്തിച്ചേരുന്നതിനായി ഒരു കോണി സ്ഥാപിക്കുകയായിരുന്നു. ആളുകൾ കോണി കയറുന്നതും ഉദ്യോഗസ്ഥർ അവരെ സഹായിക്കുന്നതുമായ രംഗങ്ങൾ വീഡിയോയിൽ കാണാം. ഒന്നാം നിലയിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. 'ഇന്ത്യ തുടക്കക്കാർക്കുള്ളതല്ല' എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്. അതേസമയം, വീഡിയോ വൈറലായതോടെ കെട്ടിടം ഉടമ ഇവിടെ ഒരു സ്റ്റീൽ സ്റ്റെയർകേസ് സ്ഥാപിച്ചു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.


