കൊൽക്കത്തയിൽ ദേവി കാളിയുടെ രൂപം അവതരിപ്പിച്ച നൃത്തപരിപാടി വസ്ത്രധാരണത്തിന്‍റെയും നൃത്തച്ചുവടുകളുടെയും പേരിൽ വിവാദത്തിലായി. സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമായതോടെ, പരിപാടി സംഘടിപ്പിച്ച കലാസംഘം ഖേദം പ്രകടിപ്പിക്കുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

കൊൽക്കത്തയിൽ ദേവി കാളിയുടെ രൂപം അവതരിപ്പിച്ച നൃത്താവതരണത്തെച്ചൊല്ലി വിവാദം ശക്തമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് കൊൽക്കത്തയിലെ കലാസംഘം. കാളിയുടെ വസ്ത്രധാരണവും ചില നൃത്തചലനങ്ങളും അപമാനകരമാണെന്ന വിമർശനം സമൂഹ മാധ്യമങ്ങളിൽ ശക്തമായതിനെ തുടർന്നാണ് നൃത്താവതരണം നടത്തിയ കലാസംഘത്തിലെ കലാകാരന്മാരും സംഘാടകരും ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

നൃത്തപരിപാടിയിലെ കാളി വേഷം

ആഗസ്റ്റ് 8 -ന് കൊൽക്കത്തയിലെ താല പാർക്ക് മേഖലയിലെ മോഹിത് മഞ്ച ഓഡിറ്റോറിയത്തിൽ ‘മഹാവിദ്യ’ എന്ന പേരിൽ നടന്ന നൃത്തനാടകത്തിനിടെ സഭ്യമല്ലാത്ത രീതിയിൽ നൃത്തം ചെയ്തെന്നാണ് ആരോപണം. 'നിത്യ–ഫാക്കൽറ്റി ഓഫ് സൈറ്റ്' എന്ന നൃത്തസംഘമാണ് പരിപാടി സംഘടിപ്പിച്ചത്. കാളിയുൾപ്പെടെയുള്ള ദേവതകളുടെ രൂപങ്ങൾ നൃത്തത്തിലൂടെ അവതരിപ്പിക്കുന്നതായിരുന്നു പരിപാടി. അവതരണ സമയത്ത് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നൃത്തത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെയാണ് വിമർശനം ശക്തമായത്.

Scroll to load tweet…

വിരുദ്ധാഭിപ്രായങ്ങളുമായി നെറ്റിസെൺസ്

പ്രധാനമായും നർത്തകന്‍റെ വേഷവും ചില ചലനങ്ങളുമാണ് വിമർശനത്തിന് ഇടയാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദേവതയുടെ രൂപത്തെ അവതരിപ്പിക്കുമ്പോൾ മാന്യതയും മതവികാരങ്ങളും പരിഗണിക്കേണ്ടിയിരുന്നുവെന്നും നെറ്റിസെൺസ് ചൂണ്ടിക്കാട്ടി. അതേസമയം, കാളിയുടെയും മറ്റ് ദേവകാ രൂപങ്ങളുടെയും പരമ്പരാഗത ഐക്കണോഗ്രഫിയിൽ ശരീരാവരണം വളരെ പരിമിതമായ രീതിയിലുള്ള ചിത്രീകരണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, അതിനാൽ അവതരണത്തെ മുഴുവൻ അശ്ലീലമായി കാണാനാകില്ലെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. ഇതിനായി അവർ ക്ഷേത്രങ്ങളിലെ ശില്പങ്ങളുടെ വസ്ത്രാവതരണത്തെ ചൂണ്ടിക്കാണിച്ചു.

വിശദീകരണവുമായി സംഘാടക‍ർ

വിവാദത്തിന് പിന്നാലെ സംഘാടകർ പുറത്തിറക്കിയ വിശദീകരണത്തിൽ അവതരണം പ്രതീക്ഷിച്ച രീതിയിൽ നടന്നില്ലെന്ന് സമ്മതിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വേഷവും കൊറിയോഗ്രഫിയും കലാകാരന്‍റെ വ്യക്തിഗത തീരുമാനങ്ങളായിരുന്നുവെന്നും റിഹേഴ്സൽ സമയത്ത് അന്തിമ വേഷം ധരിച്ചിരുന്നില്ലെന്നും സംഘാടകർ വ്യക്തമാക്കി. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ വേഷവിധാനവും സ്റ്റേജ് അവതരണവും മുൻകൂട്ടി പരിശോധിക്കുമെന്നും സംഘാടകർ അറിയിച്ചു.