അമേരിക്കയിൽ താമസിക്കുന്ന സോണൽ ചൗധരി എന്ന യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിലെയും അമേരിക്കയിലെയും സർക്കാർ സ്കൂളുകൾ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നതാണ് വീഡിയോ. 

അമേരിക്കയിലെ കണക്റ്റിക്കട്ടിൽ താമസിക്കുന്ന സോണൽ ചൗധരി എന്ന യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയിലെയും അമേരിക്കയിലെയും സർക്കാർ സ്കൂളുകൾ തമ്മിലുള്ള വ്യത്യാസമാണ് അവർ ഈ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടുന്നത്. വീഡിയോ ഇതിനോടകം ഒരു കോടിയിലധികം ആളുകളാണ് കണ്ടത്. തന്റെ മകൻ പഠിക്കുന്ന അമേരിക്കൻ സർക്കാർ സ്കൂളിനെ മുൻനിർത്തിയാണ് സോണൽ ഈ വിവരങ്ങൾ പങ്കുവെച്ചത്.

Add Asianetnews as a Preferred SourcegooglePreferred

അമേരിക്കയിലെ 90 ശതമാനം കുട്ടികളും സർക്കാർ സ്കൂളുകളിലാണ് പഠിക്കുന്നത്. യാതൊരുവിധ ഫീസുകളും അവിടെ ഈടാക്കുന്നില്ല. പുസ്തകങ്ങൾ വാങ്ങേണ്ടതില്ല, യൂണിഫോം നിർബന്ധമില്ല, സ്കൂൾ ബസ് യാത്രയും തികച്ചും സൗജന്യമാണ്. ഒരു വമ്പൻ സ്വകാര്യ വിദ്യാലയത്തിൽ ലഭിക്കുന്ന എല്ലാ ആധുനിക സൗകര്യങ്ങളും ഈ സർക്കാർ വിദ്യാലയങ്ങളിലും ലഭ്യമാണ്. ഒരു ക്ലാസ്സിൽ പരമാവധി 20 കുട്ടികൾ മാത്രമേയുള്ളൂ. ഇത് ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ നൽകാനും അധിക സഹായം ആവശ്യമുള്ള കുട്ടികളെ സഹായിക്കാനും അധ്യാപകരെ സഹായിക്കുന്നു.

ഇന്ത്യയിലെ കുട്ടികൾക്ക് നല്ല കഴിവുണ്ടെങ്കിലും അത് പരിപോഷിപ്പിക്കാൻ ആവശ്യമായ ഒരു സാഹചര്യം ഇന്ത്യയിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ലഭിക്കുന്നില്ലെന്നാണ് സോണൽ പറയുന്നത്. 'ഒരു രാജ്യത്തിന്റെ നട്ടെല്ലാണ് പൊതുവിദ്യാഭ്യാസ രംഗം. അമേരിക്കയിൽ സ‍ർക്കാർ സ്കൂളുകൾ പ്രീമിയം സൗകര്യങ്ങൾ എല്ലാവർക്കും സൗജന്യമായി നൽകുന്നു. എന്നാൽ ഇന്ത്യയിൽ ഭരണപരമായ പോരായ്മകൾ കാരണം ദശലക്ഷക്കണക്കിന് മിടുക്കരായ കുട്ടികൾക്ക് അർഹമായ അവസരങ്ങൾ നഷ്ടപ്പെടുന്നു. നമുക്ക് പ്രതിഭയുണ്ട്, പക്ഷേ ആ പ്രതിഭയ്ക്ക് അനുയോജ്യമായ രീതിയിൽ നമ്മുടെ സിസ്റ്റം മാറേണ്ടതുണ്ട്' അവർ കുറിച്ചു.

അഴിമതിയില്ലാത്ത ഒരു സിസ്റ്റം ഉണ്ടെങ്കിൽ കാര്യങ്ങൾ എത്രത്തോളം മെച്ചപ്പെടുമെന്നും, നല്ല വിദ്യാഭ്യാസം എന്നത് പണക്കാരുടെ മക്കൾക്ക് മാത്രമുള്ള ഒന്നല്ലെന്നും അവർ പറഞ്ഞു. വീഡിയോ വൈറലായതോടെ സമ്മിശ്രമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 'മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി എന്തുതന്നെയായാലും എല്ലാ കുട്ടികൾക്കും തുല്യമായ അവസരങ്ങൾ ലഭിക്കണം. ഇതൊരു യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ജനസംഖ്യാ വ്യത്യാസം ചിലർ ചൂണ്ടിക്കാട്ടി. 'അമേരിക്കയിൽ 7.3 കോടി കുട്ടികളുള്ളപ്പോൾ ഇന്ത്യയിൽ 48 കോടിയോളം കുട്ടികളുണ്ട്. ഇത്രയും വലിയൊരു വിഭാഗത്തിന് ഇതേ നിലവാരത്തിൽ സൗകര്യങ്ങൾ ഒരുക്കുന്നത് വെല്ലുവിളിയാണ്' എന്നാണ് മറ്റ് ചിലർ പറഞ്ഞത്.