മിക്ക കുട്ടികളെക്കാളും നന്നായിട്ടാണ് ആ നായ പെരുമാറിയിരിക്കുന്നത് എന്നും വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. വീഡിയോയിൽ നായ സാകൂതം ചുറ്റും വീക്ഷിക്കുന്നത് കാണാം.
അരുമമൃഗങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ഏറെപ്പേരും. അത്തരത്തിലുള്ള അനേകം വീഡിയോകൾ മിക്കവാറും നമ്മുടെ സോഷ്യൽ മീഡിയയിലൂടെ നാം കാണുന്നുണ്ടാകും. അങ്ങനെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്നത്.
ഒരു വിമാനത്തിൽ വളരെ ശാന്തനായി ഇരുന്ന് യാത്ര ചെയ്യുന്ന ഒരു നായയാണ് വീഡിയോയിൽ കാണുന്നത്. ആ വിമാനത്തിലെ മറ്റേതൊരു യാത്രക്കാരനെയും പോലെയാണ് ഈ നായയും ഇരിക്കുന്നത്. വളരെ ശാന്തനായ സൗമ്യനായ ഒരു യാത്രക്കാരനെ പോലെ.
ആ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ തന്നെയാണ് ഈ മനോഹര നിമിഷം വീഡിയോയിൽ പകർത്തിയിരിക്കുന്നത്. നായയുടെ തലയുടെ പിൻഭാഗമാണ് വീഡിയോയിൽ ആദ്യം തന്നെ കാണുന്നത്. ക്യാമറ അടുക്കുന്തോറും നായയുടെ ദൃശ്യങ്ങൾ കൂടുതൽ വ്യക്തമാകുന്നു. അതിന്റെ ഉടമയാണ് എന്ന് കരുതുന്ന ഒരു സ്ത്രീയുടെ അരികിലായി അവൻ ശാന്തനായി ഇരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
തന്റെ ശാന്തമായ പെരുമാറ്റത്തിലൂടെ വിമാനത്തിലെ യാത്രക്കാരുടെയും സോഷ്യൽ മീഡിയയിലൂടെ നെറ്റിസൺസിന്റെയും ഹൃദയം തന്നെ നായ കവർന്നിരിക്കയാണ്. 2019 -ലാണ് ഈ വീഡിയോ ആദ്യമായി വൈറലായി മാറിയത്. ചൈന സതേൺ എയർലൈൻസിന്റെ വിമാനത്തിൽ നിന്നുമാണ് വീഡിയോ പകർത്തിയിരുന്നത്. ബെയ്ജിംഗിൽ നിന്ന് ടോക്കിയോയിലേക്കുള്ള ഒരു വിമാനത്തിൽ നിന്നുള്ളതാണ് ഈ രംഗം എന്നും വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരുന്നു.
മിക്ക കുട്ടികളെക്കാളും നന്നായിട്ടാണ് ആ നായ പെരുമാറിയിരിക്കുന്നത് എന്നും വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. വീഡിയോയിൽ നായ സാകൂതം ചുറ്റും വീക്ഷിക്കുന്നത് കാണാം. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. മനുഷ്യരേക്കാൾ നന്നായിട്ടാണ് ആ നായ പെരുമാറിയിരിക്കുന്നത് എന്നാണ് വീഡിയോയുടെ കമന്റിൽ മിക്കവരും പറഞ്ഞിരിക്കുന്നത്.


