ഒരു ജയിൽ ഇൻസ്പെക്ടറെ പോലെ വേഷം ധരിച്ച ജോലിക്കാരാണ് നിങ്ങളെ അകത്തേക്ക് സ്വാ​ഗതം ചെയ്യുന്നതും ഓർഡർ എടുക്കാൻ വരുന്നതും എല്ലാം.

നേരത്തെയൊക്കെ നല്ല ഭക്ഷണം എവിടെയാണ് എന്ന് നോക്കിയിട്ടായിരുന്നു മിക്കവാറും ആളുകൾ റെസ്റ്റോറന്റുകൾ തിരഞ്ഞെടുത്തിരുന്നതും പുറത്ത് പോയി ഭക്ഷണം കഴിച്ചിരുന്നതും. എന്നാൽ, ഇന്ന് അങ്ങനെ അല്ല. നല്ല ആംബിയൻസ് വേണം, വെറൈറ്റി വേണം, തീം നോക്കുന്നവരുണ്ട്, അതുപോലെ വെറൈറ്റി ആയിട്ടുള്ള ഡിഷും വേണം. അങ്ങനെയുള്ളവർക്ക് പറ്റിയ ഒരു റെസ്റ്റോറന്റാണ് ഈ റെസ്റ്റോറന്റ്. 

നല്ല വെറൈറ്റി ആയിട്ടുള്ള അനുഭവമായിരിക്കും നിങ്ങൾക്ക് ഇവിടെ ലഭിക്കുക. ജയിലിന്റെ തീമിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ശരിക്കും ജയിലിൽ പോയാൽ ഉള്ള അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബെം​ഗളൂരുവിലുള്ള ഈ ജയിലിന്റെ പേര് തന്നെ സെൻട്രൽ ജയിൽ റെസ്റ്റോറന്റ് എന്നാണ്. 

റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്ന നിമിഷം മുതൽ നിങ്ങൾക്ക് ഒരു ജയിലിലേക്ക് പ്രവേശിക്കുന്ന അനുഭവം ഉണ്ടാകും. മിക്ക റെസ്റ്റോറന്റുകളിലും കാണപ്പെടുന്ന വലിയ വാതിലുകളല്ല ഇവിടെ ഉള്ളത്. പകരം, ഒരു വലിയ ജയിലിൽ കാണുന്നത് പോലെയുള്ള വാതിലാണ് നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുക. ഒരു ചെറിയ വഴിയിലൂടെയാണ് നിങ്ങൾക്ക് അകത്ത് പ്രവേശിക്കാൻ സാധിക്കുക. പുറത്ത്, ഒരു കാവൽക്കാരന്റെ പ്രതിമയുണ്ട്. കണ്ടാൽ, ജയിലിന് കാവൽ നിൽക്കുന്നത് പോലെ തോന്നും. 

ഒരു ജയിൽ ഇൻസ്പെക്ടറെ പോലെ വേഷം ധരിച്ച ജോലിക്കാരാണ് നിങ്ങളെ അകത്തേക്ക് സ്വാ​ഗതം ചെയ്യുന്നതും ഓർഡർ എടുക്കാൻ വരുന്നതും എല്ലാം. മാത്രമല്ല, ടേബിളും ചെയറുമടക്കം ഇവിടെ ഉള്ള ഫർണിച്ചറുകളും ശരിക്കും ഒരു ജയിലിനെ ഓർമ്മിപ്പിക്കുന്നവയാണ്. 

ഇതുകൊണ്ടും തീർന്നില്ല. ജയിലിൽ കുറ്റവാളികളെ അണിയിക്കുന്ന കൈവിലങ്ങുകളും ഇവിടെ ഉണ്ട്. ശരിക്കും ജയിലിൽ പോയതുപോലെ തോന്നിക്കണം എന്നുണ്ടെങ്കിൽ അതും അണിയാവുന്നതാണ്. 

അതേസമയം, സാധാരണ റെസ്റ്റോറന്റിൽ നിന്നും കഴിക്കുന്നത് പോലെ കഴിക്കാൻ ഇഷ്ടമുള്ളവരാണ് എങ്കിൽ അതിനുള്ള സൗകര്യമുള്ള മുറികളും ഇവിടെ ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം