ഇന്ത്യ ജയിക്കുന്നത് പ്രധാനമായും രണ്ട് പേരുടെ മികവിലാണ്, സഞ്ജു സാംസണും ജസ്പ്രീത് ബുംറയും. ഇവർ രണ്ടുപേരും വലിയ ഇംപാക്ട് ആണ് ഉണ്ടാക്കുന്നത്.
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങാനിരിക്കെ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് മുന്‍ പാക് താരം മുഹമ്മദ് ആമിര്‍. ഇന്ത്യ നേടിയ ജയങ്ങളൊന്നും ടീം വര്‍ക്ക് കൊണ്ടല്ലെന്നും വെറും രണ്ട് കളിക്കാരെ മാത്രം ആശ്രയിച്ചാണ് ഇന്ത്യ ഫൈനൽ വരെ എത്തിയതെന്നും ആമിർ പറഞ്ഞു.
ഇന്ത്യ ജയിക്കുന്നത് പ്രധാനമായും രണ്ട് പേരുടെ മികവിലാണ്, സഞ്ജു സാംസണും ജസ്പ്രീത് ബുംറയും. ഇവർ രണ്ടുപേരും വലിയ ഇംപാക്ട് ആണ് ഉണ്ടാക്കുന്നത്. എന്നാൽ ന്യൂസിലൻഡ് അങ്ങനെയല്ല, അവർ ഒരു ടീമായിട്ടാണ് കളിക്കുന്നത്. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവർ നടത്തിയ പ്രകടനം അതിന്റെ തെളിവാണെന്നും ആമിർ പറഞ്ഞു.
നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ സാഹചര്യം ന്യൂസിലൻഡിന് അനുകൂലമായിരിക്കുമെന്നാണ് ആമിറിന്റെ വിലയിരുത്തൽ. ബുംറ ഒഴികെ മറ്റ് ഇന്ത്യൻ ബൗളർമാർ ഫോമിലല്ലെന്ന് ആമിർ കുറ്റപ്പെടുത്തി. വരുൺ ചക്രവർത്തിയും ഹാർദിക് പാണ്ഡ്യയും നിലവിൽ റൺസ് നിയന്ത്രിക്കാൻ പ്രയാസപ്പെടുകയാണെന്നും ആമിര്‍ കൂട്ടിച്ചേർത്തു. ജേക്കബ് ഡഫി ഉൾപ്പെടെയുള്ള കിവി ബൗളർമാർ മികച്ച ഫോമിലാണെന്നും, മിച്ചൽ സാന്റ്നർ ഫൈനലിൽ നിർണ്ണായക താരമാകുമെന്നും ആമിർ പ്രവചിച്ചു.
ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡാണ് ഇന്ന് കിരീടം നേടിയാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. സ്വന്തം മണ്ണിൽ കിരീടം നേടുന്ന ആദ്യ ആതിഥേയ രാജ്യമെന്ന ബഹുമതിയും ഇന്ത്യയെ കാത്തിരിക്കുന്നു. ഹാർദിക് പാണ്ഡ്യ ഫൈനലിൽ ഫോമിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും ആമിർ പ്രത്യാശ പ്രകടിപ്പിച്ചു. എന്നിരുന്നാലും, മൊത്തത്തിലുള്ള ബൗളിംഗ് കരുത്തിൽ ന്യൂസിലൻഡ് ഇന്ത്യയേക്കാൾ മുന്നിലാണെന്നാണ് ആമിർ പറഞ്ഞു.
