രാവിലെയാണ് ആളുകൾ കൂടുതലായും ചായ കുടിക്കാൻ വേണ്ടി എത്തുന്നത് എന്നാണ് ശുഭം പറയുന്നത്. എന്നാൽ, വൈകുന്നേരം അത്ര തിരക്കില്ല. അത് തനിക്ക് വിശ്രമിക്കാൻ കുറച്ച് സമയം അനുവദിച്ചു എന്നും ശുഭം പറയുന്നു.
ലോകത്തിലെ തന്നെ ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്ന സംഗമമായി മഹാകുംഭമേള മാറുകയാണ്. ലോകത്തിന്റെ പല ഭാഗത്ത് നിന്നായി പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. ഇവിടെ ചെറിയ ചെറിയ കച്ചവടം നടത്തുന്നവർ വരെ വലിയ പൈസയാണ് ദിവസവും ഉണ്ടാക്കുന്നത്. ഇപ്പോഴിതാ, ചായ വിറ്റ് ദിവസം 5000 രൂപ താൻ ലാഭം നേടിയതായി ഒരു യുവാവ് അവകാശപ്പെടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഒരു പരീക്ഷണം എന്നോണമാണ് കണ്ടന്റ് ക്രിയേറ്റർ കൂടിയായ ശുഭം പ്രജാപത് ഒരു ദിവസം കുംഭമേളയിൽ ചായ വിൽക്കാൻ തീരുമാനിച്ചത്. അങ്ങനെ ഒരു ദിവസം ചായ വിറ്റ് ശുഭം ലാഭം നേടിയത് 5,000 രൂപയാണ്. ശുഭം നടത്തിയ വെളിപ്പെടുത്തൽ നെറ്റിസൺസിനെ ശരിക്കും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.
'കുംഭമേളയിൽ ചായ വിൽക്കുന്നു' എന്ന കാപ്ഷനോട് കൂടിയാണ് ശുഭം വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ചെറിയ കട പോലെ സജ്ജീകരിച്ച ശേഷം അവിടെ ചായയവും വെള്ളവും വിൽക്കുന്ന ശുഭത്തിനെയാണ് വീഡിയോയിൽ കാണുന്നത്. രാവിലെയാണ് ആളുകൾ കൂടുതലായും ചായ കുടിക്കാൻ വേണ്ടി എത്തുന്നത് എന്നാണ് ശുഭം പറയുന്നത്. എന്നാൽ, വൈകുന്നേരം അത്ര തിരക്കില്ല. അത് തനിക്ക് വിശ്രമിക്കാൻ കുറച്ച് സമയം അനുവദിച്ചു എന്നും ശുഭം പറയുന്നു.
അവസാനം, ചായ വില്പന അവസാനിപ്പിച്ച ശേഷം ശുഭം പറയുന്നത് ആ ദിവസം താൻ 7000 രൂപയ്ക്ക് ചായ വിറ്റു, തന്റെ ലാഭം 5000 രൂപയാണ് എന്നാണ്. എന്തായാലും, ചായ പോലെ തന്നെ ശുഭം പങ്കുവച്ച വീഡിയോയും ശ്രദ്ധ നേടി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരു ദിവസം 5000 രൂപ നേടിയെങ്കിൽ ഇതുപോലെ ചായവിറ്റാൽ മാസം ഒന്നരലക്ഷം രൂപയെങ്കിലും നേടാമല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്.
