പുതിയതായി ജോലിക്ക് ചേർന്ന മകൾക്ക് സർപ്രൈസ് നൽകാൻ ഓഫീസിന് മുന്നിലെത്തിയ ഒരച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മകള്‍ക്ക് നല്‍കിയ ചോക്ലേറ്റിനൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു. അതിങ്ങനെ…
സോഷ്യൽ മീഡിയയിൽ തികച്ചും അപരിചിതരായ ചിലർ പങ്കുവയ്ക്കുന്ന ചില വീഡിയോ കാണുമ്പോൾ അറിയാതെ നമ്മുടെയും കണ്ണുകൾ നിറഞ്ഞു പോകാറില്ലേ? അങ്ങനെ ഒരു വീഡിയോയാണ് ഇതും. ഒരു അച്ഛനും മകളുമാണ് ഈ വീഡിയോയിൽ ഉള്ളത്. അച്ഛനമ്മമാർക്ക് മക്കൾ എത്രത്തോളം പ്രിയപ്പെട്ടതാണ്, അവരെപ്പോഴും അവർക്ക് കുഞ്ഞുങ്ങൾ തന്നെയാണ് എന്നതെല്ലാം തെളിയിക്കുന്നതാണ് ഈ വീഡിയോ. തന്റെ മകൾ ജോലി ചെയ്യുന്ന ഓഫീസിന് മുന്നിലെത്തി അവൾക്ക് സർപ്രൈസ് നൽകുന്ന ഒരച്ഛനെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
കാവ്യ എന്ന യുവതിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ഒരാഴ്ച മുമ്പാണ് താൻ ഇവിടെ ജോലിക്ക് ജോയിൻ ചെയ്തത്. ഇന്ന് അച്ഛൻ എന്നെ ഓഫീസിൽ കാണാൻ വന്നു' എന്നും പറഞ്ഞാണ് കാവ്യ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കാവ്യ ഓഫീസിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അച്ഛൻ വിളിച്ച് വിൻഡോയിൽ കൂടി നോക്കാൻ പറയുന്നത്. കാവ്യ നോക്കുമ്പോൾ കെട്ടിടത്തിന് താഴെ അച്ഛൻ നിൽക്കുന്നതാണ് കാണുന്നത്. കയ്യിൽ ഒരു ബൊക്കയും ഉണ്ട്.
കാവ്യ പെട്ടെന്ന് തന്നെ താഴേക്ക് പോകുന്നു. അച്ഛൻ അവളെ ബൊക്കെയുമായി സ്വീകരിക്കുന്നു. ഒപ്പം ഒരു ചോക്ലേറ്റും അതിനൊപ്പം ഒരു കുറിപ്പും നൽകുന്നുണ്ട്. അതിൽ പറയുന്നത്, 'ഞാൻ ഇവിടെ ഓഫീസ് പരിശോധിക്കാൻ വന്നതല്ല. എന്റെ മകൾ അവളുടെ കരിയർ കെട്ടിപ്പടുക്കാൻ തുടങ്ങുന്ന ആ ഇടം എനിക്കൊന്ന് കാണണം, അതിനാണ് ഞാൻ വന്നത്' എന്നാണ്. ഇരുവരും കൂടി സെൽഫി എടുക്കുന്നതും വീഡിയോയിൽ കാണാം.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ശരിക്കും കണ്ണ് നിറഞ്ഞുപോയി എന്ന് ആളുകൾ കമന്റ് നൽകിയിട്ടുണ്ട്. ഇങ്ങനെ ഒരു അച്ഛനെ കിട്ടാൻ ഭാഗ്യം വേണം എന്നും ആളുകൾ കമന്റ് നൽകുന്നു.
