ആളുകൾ കസേരയും മറ്റുമെടുത്ത് പരസ്പരം തല്ലുന്നത് കാണാം. സ്ത്രീകളും പുരുഷന്മാരും എല്ലാം കയ്യാങ്കളിയിൽ പങ്കാളികളാണ്. അതേസമയം നാട്ടുകാരിൽ ചിലരും ഇവർക്കൊപ്പം ചേർന്നതോടെ സംഗതി കൂടുതൽ വഷളായി എന്നും റിപ്പോർട്ടുകൾ പറയുന്നു.
വിവാഹവീടുകളിൽ പലതരം സംഘർഷങ്ങൾ ഉണ്ടാകുന്നത് ഒരു പുതിയ കഥയല്ല ഇന്ന്. വളരെ ചെറിയ കാര്യങ്ങളാണ് വലിയ വഴക്കുകളിലേക്കും കയ്യാങ്കളിയിലേക്കും പോകുന്നത്. അതുപോലെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഉത്തർ പ്രദേശിലെ ഒരു വിവാഹവീട്ടിലാണ് സംഭവം നടന്നത്. ഉത്തർ പ്രദേശിലെ ഝാൻസിയിൽ മെയ് 28 -നാണ് സംഭവം നടന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. സിപ്രി ബസാറിൽ നടന്ന വിവാഹ ചടങ്ങുകൾ നന്നായി പോയിക്കൊണ്ടിരിക്കുകയായിരുന്നു. ചടങ്ങുകളെല്ലാം പൂർത്തിയാക്കി ദമ്പതികൾ സ്റ്റേജിൽ ഇരിക്കുന്നു. നവദമ്പതികൾക്ക് ചൂടിൽ നിന്നും ആശ്വാസം പകരുന്നതിന് വേണ്ടി അവരുടെ സമീപത്തായി ഒരു കൂളറും വച്ചിരുന്നു.
എന്നാൽ, വരന്റെ ഭാഗത്തു നിന്നുള്ള ചിലർ കൂളറിന് മുന്നിൽ ഇരുന്നു. അതോടെ ദമ്പതികൾക്ക് തണുപ്പ് കിട്ടില്ല എന്ന അവസ്ഥയായി. പിന്നാലെ വധുവിന്റെ വീട്ടുകാർ അവരോട് അവിടെ നിന്നും മാറാൻ ആവശ്യപ്പെട്ടു. എന്നാൽ, വരന്റെ ഭാഗത്ത് നിന്നുള്ളവർ അതിന് തയ്യാറായില്ല. ഇതോടെയാണ് വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത് എന്നാണ് ഇന്ത്യാ ടുഡേ എഴുതുന്നത്.
വീഡിയോയിൽ ആളുകൾ കസേരയും മറ്റുമെടുത്ത് പരസ്പരം തല്ലുന്നത് കാണാം. സ്ത്രീകളും പുരുഷന്മാരും എല്ലാം കയ്യാങ്കളിയിൽ പങ്കാളികളാണ്. അതേസമയം നാട്ടുകാരിൽ ചിലരും ഇവർക്കൊപ്പം ചേർന്നതോടെ സംഗതി കൂടുതൽ വഷളായി എന്നും റിപ്പോർട്ടുകൾ പറയുന്നു.
കയ്യാങ്കളി രൂക്ഷമായതോടെ അതിഥികളിൽ പലരും ഭക്ഷണം പോലും ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നത്രെ. പൊലീസ് എത്തിയപ്പോഴേക്കും വഴക്ക് അവസാനിച്ചിരുന്നു. അതേസമയം, വധുവിന്റെ കുടുംബം അടുത്ത ദിവസം എസ്‌എസ്‌പിയുടെ ഓഫീസിൽ വീഡിയോ തെളിവായി സമർപ്പിച്ചുകൊണ്ട് ഔദ്യോഗികമായി പരാതി നൽകി. പൊലീസിന് മുമ്പ് നൽകിയ പരാതി അവഗണിച്ചതായും അവർ ആരോപിച്ചു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണ് എന്ന് സർക്കിൾ ഓഫീസർ രാംവീർ സിംഗ് പറഞ്ഞു.


