റഷ്യൻ യുവതിയും യുകെ സ്വദേശിയും തെരുവുകച്ചവടക്കാരനോട് വിലപേശി 800 രൂപയുടെ സൺഗ്ലാസ് 100 രൂപയ്ക്ക് വാങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാവപ്പെട്ട കച്ചവടക്കാരനോട് ഇങ്ങനെ വില കുറപ്പിച്ചത് ശരിയായില്ലെന്ന് സോഷ്യൽ മീഡിയ.
ഇന്ത്യയിൽ വിലപേശി സാധനം വാങ്ങുന്നത് ഒരു പുത്തരിയല്ല. ഇന്ത്യയിലെത്തുന്ന വിദേശികളും പലപ്പോഴും തെരുവുകച്ചവടക്കാരുടെ അടുത്തുനിന്നുമടക്കം സാധനങ്ങൾ വിലപേശി വാങ്ങാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു റഷ്യക്കാരിയും യുകെയിൽ നിന്നുള്ള യുവാവുമാണ് തെരുവുകച്ചവടക്കാരനോട് സാധനങ്ങൾക്ക് വിലപേശുന്നത്. റഷ്യൻ കണ്ടന്റ് ക്രിയേറ്ററായ അമിനയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവൾക്കൊപ്പമുള്ളത് യുകെയിൽ നിന്നുള്ള അലക്സ് എന്ന യുവാവാണ്.
വീഡിയോയിൽ, ഒരു കച്ചവടക്കാരൻ ഇരുവരെയും സമീപിച്ച് ഒരു ജോഡി സൺഗ്ലാസ് വിൽക്കാൻ ശ്രമിക്കുന്നത് കാണാം. അദ്ദേഹം തുടക്കത്തിൽ സൺഗ്ലാസിന് പറയുന്ന വില 800 രൂപയാണ്. അത് ഇരുവരെയും അത്ഭുതപ്പെടുത്തുന്നു. അത്രയും രൂപ തരാനാവില്ലെന്നും 100 നൽകാമെന്നുമാണ് അലക്സ് മറുപടി നൽകുന്നത്. അതിനുശേഷം സംഭാഷണത്തിൽ വലിയ താല്പര്യം കാണിക്കാതെ അവിടെ നിന്നും ഇരുവരും മടങ്ങാൻ നോക്കുന്നതാണ് കാണുന്നത്.
എന്നാൽ, കച്ചവടക്കാരൻ അവരോടൊപ്പം നടക്കുന്നതാണ് പിന്നെ കാണുന്നത്. ഓരോ ചുവടിനൊപ്പവും അദ്ദേഹം സൺഗ്ലാസിന്റെ വില ക്രമേണ കുറയ്ക്കുന്നതും കാണാം. തുക 600 രൂപയിൽ നിന്ന് 500 രൂപ ആയും പിന്നീടത് 400, 300, 200 എന്നിങ്ങനെയും ഏറ്റവും ഒടുവിൽ 150 ആയും കുറയുകയാണ്. സൺഗ്ലാസുകൾ 100 രൂപയ്ക്ക് വിൽക്കാൻ അദ്ദേഹം ഒടുവിൽ അദ്ദേഹം സമ്മതിക്കുന്നു. താൻ 100 രൂപ എന്ന് പറഞ്ഞത് അയാൾ തങ്ങളെ വെറുതെ വിടുമല്ലോ എന്ന് കരുതിയാണ് അല്ലാതെ സൺഗ്ലാസ് 100 രൂപയ്ക്ക് വാങ്ങാനാല്ല എന്നും പിന്നീട് അലക്സ് വിശദീകരിച്ചു. അതേസമയം, നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്.
ഇന്ത്യയിൽ നടക്കുന്ന കൊള്ളയായിട്ടാണ് ഇവർ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു പാവപ്പെട്ട കച്ചവടക്കാരനോട് ഇത്രയധികം വില കുറപ്പിച്ച് സാധനം വാങ്ങിയത് ശരിയായില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
