പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് 79 ദിവസത്തിനുള്ളിൽ ഡെൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. 12,000 കോടി രൂപ ചെലവിൽ നിർമ്മിച്ച റോഡ് മഴയിൽ തകർന്നതോടെ, നിർമ്മാണത്തിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്തും പരിഹസിച്ചും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട എക്സ്പ്രസ് വേയിൽ നിരവധി ഗർത്തങ്ങൾ രൂപപ്പെട്ടതോടെ ട്രോളും പരിഹാസവുമായി സമൂഹ മാധ്യമ ഉപയോക്താക്കളും ഒപ്പം കൂടി. കഴിഞ്ഞ ഏപ്രിൽ 14 -നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലി - ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. ഏകദേശം 12,000 കോടി രൂപ ചെലവഴിച്ച് പണി കഴിപ്പിച്ച എക്സ്പ്രസ് വേ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ നാഴികക്കല്ലായി കേന്ദ്ര സർക്കാർ ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് വെറും രണ്ട് മാസം കഴിഞ്ഞപ്പോൾ എക്സ്പ്രസ് വേയിൽ നിരവധി സ്ഥലങ്ങളിലാണ് ഗർത്തങ്ങൾ രൂപം കൊണ്ടത്. ഇതോടെ കേന്ദ്ര സർക്കാർ അഭിമാന പദ്ധതിയായി ഉയർത്തിക്കാണിച്ച റോഡിനെ കുറിച്ച് ട്രോളും പരിഹാസവുമായി നെറ്റിസെൺസും രംഗത്തെത്തി.
79 -ാം ദിവസം തകർന്ന എക്സ്പ്രസ്‍ വേ
ഉദ്ഘാടനം കഴിഞ്ഞ് വെറും 79 ദിവസത്തിന് ശേഷം മഴ ഒന്ന് പെയ്തപ്പോഴേക്കും എക്സ്പ്രസ് വേയിൽ അഗാതമായ ഗർത്തങ്ങൾ രൂപപ്പെട്ടു. ഹൈവേയുടെ പല ഭാഗങ്ങളിലും അപകടകരമായ കുഴികൾ രൂപപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ എക്സ്പ്രസ് വേയിലെ വലിയ കുഴികളുടെയും തകർന്ന വാഹനങ്ങളുടെയും നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വീഡിയോകളിൽ വേഗത കുറയ്ക്കാനും എക്സ്പ്രസ് വേയിലെ വലിയ ഗർത്തങ്ങൾ ഒഴിവാക്കാനും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് റോഡിൽ നിൽക്കുന്ന ചിലയാളുകളെ കാണാം. മറ്റ് ചില വീഡിയോകളിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ, കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ, കുഴികൾ മൂലം വാഹനങ്ങൾക്കുണ്ടായ പെട്ടലുകൾ എന്നിവ എടുത്തു കാണിക്കുന്നു.
'ദില്ലിയിൽ നിന്നും സ്വർഗത്തിലേക്ക് വെറും 2.5 സെക്കന്‍റ്'
വീഡിയോകൾ വളരെ പെട്ടെന്ന് തന്നെ ഓൺലൈനിൽ വൻ പ്രതിഷേധത്തിന് കാരണമായി, നിരവധി ഉപയോക്താക്കൾ നിർമ്മാണത്തിന്‍റെ ഗുണനിലവാരത്തെ ചോദ്യം ചെയ്യുകയും കേന്ദ്ര സർക്കാറിനോട് ഉത്തരവാദിത്തം ആവശ്യപ്പെടുകയും ചെയ്തു. വൈറലായ ഒരു കുറിപ്പ് ഇങ്ങനെയായിരുന്നു: "ദില്ലിയിൽ നിന്ന് സ്വർഗത്തിലേക്ക് വെറും 2.5 സെക്കൻഡ് മാത്രം." മറ്റ് ചില പ്രതികരണങ്ങൾ കൂടുതൽ രാഷ്ട്രീയപരവും വലിയ തോതിലുള്ള രോൽ പ്രകടനവും നിറഞ്ഞതായിരുന്നു. "ബന്ധപ്പെട്ട മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം," എന്നായിരുന്നു ഒരാൾ എഴുതിയത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച പാലങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു, എന്നാൽ, ഇന്ത്യക്കാർ നിർമ്മിച്ച അടിസ്ഥാന സൗകര്യങ്ങൾ മാസങ്ങൾക്കുള്ളിൽ തകർന്നുവീഴുന്നു! നമ്മൾ യഥാർത്ഥത്തിൽ അടിമത്തത്തിൽ നിന്ന് മോചിതരായിട്ടുണ്ടോ? എന്നായിരുന്നു മറ്റൊരാളുടെ സംശയം. 'അച്ഛാ ദിൻ' എന്നും 'മെയ്ഡ് ഇൻ ഇന്ത്യ'യെന്നുമുള്ള പരിഹാസങ്ങളും കാണാമായിരുന്നു.


