മകൻ പൈലറ്റായ വിമാനത്തിൽ യാത്ര ചെയ്യുന്ന ഒരമ്മയുടെ വൈകാരികമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വിമാനത്തിലിരുന്ന് നിശബ്ദമായി സന്തോഷിക്കുന്ന അമ്മയുടെ വീഡിയോയും, മക്കളുടെ വിജയത്തിന് പിന്നിലെ മാതാപിതാക്കളുടെ ത്യാഗത്തെക്കുറിച്ചുള്ള അവരുടെ കുറിപ്പും കാഴ്ചക്കാരുടെ ഹൃദയം കവർന്നു.
പുതിയ തലമുറ തങ്ങളുടെ അച്ഛനമ്മമാരെ തങ്ങളുടെ ജോലി സ്ഥലവും താമസ സ്ഥലവും - പ്രത്യേകിച്ചും പ്രവാസികൾ ആണെങ്കിൽ - കൊണ്ടു വന്ന് കാണിക്കുന്നത് ഒരു പതിവായിരിക്കുന്നു. അത്തരം അസുലഭ മുഹൂർത്തങ്ങൾക്ക്, വൈകാരിക പ്രകടനങ്ങൾക്ക് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വലിയൊരു കാഴ്ചക്കാരുണ്ട്. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റി. മകൻ പറത്തുന്ന വിമാനത്തിൽ യാത്ര ചെയ്യുന്ന ഒരു അമ്മയുടെ വൈകാരികമായ വീഡിയോയായിരുന്നു അത്.
ഇന്നത്തേത് വളരെ പ്രത്യേകയുള്ള കാഴ്ചകൾ
താൻ സഞ്ചരിക്കുന്ന വിമാനത്തിന്‍റെ പൈലറ്റ് തന്‍റെ മകനാണെന്ന് നീതു ഭദാന തന്‍റെ ഇന്‍സ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. ഇന്ന് വിമാനത്തിന്‍റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ, ആ വിമാന യാത്ര വളരെ പ്രത്യേകമായി തോന്നിയെന്ന് അവർ കുറിച്ചു. വളരെ വ്യക്തിപരമായി ഒരു വിമാനയാത്രയിൽ സ്വകാര്യമായ സന്തോഷം സൂക്ഷിക്കുന്ന അഭിമാനിയായ ഒരു അമ്മയുടെ നിശബ്ദമായ സന്തോഷം വീഡിയോയിൽ കാണാം. വിമാനത്തിന്‍റെ ജനാലിലൂടെയുള്ള കാഴ്ച ഏറ്റവും മനോഹരമാക്കിയത് ആ വിമാനം പറത്തുന്നത് തന്‍റെ മകനാണെന്ന് അമ്മയുടെ തിരിച്ചറിവ് കൂടിയാണ്. അതിനായി അവരിരുവരും അനുഭവിച്ച വർഷങ്ങളുടെ യാത്ര കൂടിയാണ്. ആ അറിവാണ് ഇന്ന് സ്വകാര്യ അഹങ്കാരവും സ്വകാര്യ സന്തോഷവുമായി മാറിയത്.
സ്വപ്നങ്ങൾ നിങ്ങളുടെ ഭയത്തേക്കാൾ വലുതാകട്ടെ
“ഈ വിമാനത്തിന്‍റെ പൈലറ്റ് എന്‍റെ മകനാണ്. B-777. ഈ ജാലകത്തിലൂടെ ലോകത്തെ നോക്കുന്നത് ഇന്ന് വ്യത്യസ്തമായി തോന്നുന്നു. ഇതുപോലുള്ള നിമിഷങ്ങളിൽ, ഒരു അമ്മയുടെ ഹൃദയം ഓരോ പ്രാർത്ഥനയെയും ഓരോ ത്യാഗത്തെയും ആകാശത്തിലെത്താൻ സഹായിച്ച ഓരോ സ്വപ്നത്തെയും നിശബ്ദമായി ഓർമ്മിക്കുന്നു. ഓരോ ഭാവി പൈലറ്റിനും. നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളുടെ ഭയത്തേക്കാൾ വലുതായിരിക്കട്ടെ, നിങ്ങളുടെ യാത്ര നിങ്ങൾ സങ്കൽപ്പിച്ചതിലും ഉയർന്നതായിരിക്കട്ടെ. പറന്നുയരുക. ആകാശം ഒരിക്കലും പരിധിയായിരുന്നില്ല. ആകാശത്ത് നിന്നുള്ള ഒരു അമ്മയുടെ കാഴ്ച. ലോകം ചെറുതായി കാണപ്പെടുന്നു. സ്വപ്നങ്ങൾ അങ്ങനെയല്ല.” അവർ വൈകാരികമായി കുറിച്ചു. ആ വാക്കുകൾ മക്കളുടെ ഉയർച്ച കാണുന്ന ഒരു അമ്മയുടെ ത്യാഗസ്മരണകൾ ഉയർത്തിയ ഓർമ്മകൾ കൂടിയായിരുന്നു.
മക്കളുടെ വിജയത്തിനിടെ ആരും കാണാതെ പോകുന്ന അച്ഛനമ്മമാരുടെ സ്നേഹവും കഠിനാധ്വാനവുമുണ്ടെന്ന് വീഡിയോയ്ക്ക് താഴെ നിരവധി പേരെഴുതി. ഏതൊരു അമ്മയ്ക്കും ഇത് വളരെ അഭിമാനകരമായ നിമിഷമാണ്. നിങ്ങളുടെ മകൻ നിങ്ങളെ അഭിമാനിയാക്കി." ഒരു കാഴ്ചക്കാരൻ എഴുതി. ഒരു അമ്മയുടെ പ്രാർത്ഥനകളാണ് ഒരു കുട്ടിക്ക് ഉണ്ടാകാവുന്ന ഏറ്റവും ശക്തമായ ചിറകുകളെന്നായിരുന്നു മറ്റൊരു കുറിപ്പ്. മറ്റ് ചിലർ അമ്മയുടെ മകൻ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് പറക്കട്ടെയെന്ന് ആശംസിച്ചു.


