തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ അതിശക്തമായ കാറ്റ് വൻ നാശനഷ്ടമുണ്ടാക്കി. ടൊർണാഡോയെന്ന് സംശയിച്ച ഈ പ്രതിഭാസം വീടുകൾക്കും ഒരു തീം പാർക്കിനും ടോൾ പ്ലാസയ്ക്കും കേടുപാടുകൾ വരുത്തി. എന്നാൽ ഇത് ചുഴലിക്കാറ്റല്ലെന്നും ക്യുമുലോനിംബസ് മേഘങ്ങൾ മൂലമുണ്ടായ ശക്തമായ വായുപ്രവാഹമാണെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയുടെ ചില ഭാഗങ്ങളിൽ ഇന്നലെ (21.6.2026) വൈകീട്ട് അതിശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. ഇതേതുടർന്ന് വീടുകൾ, നിരവധി തട്ടുകടകളും ചെറിയ കടകളും, ഒരു ടോൾ പ്ലാസ, ഒരു സ്വകാര്യ തീം പാർക്ക് എന്നിവിടങ്ങളിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്. തൂത്തുക്കുടിയിൽ ആഞ്ഞടിച്ചത് ചുഴലിക്കാറ്റല്ലെന്നും മറിച്ച് ഒരു ക്യുമുലോനിംബസ് മേഘവ്യവസ്ഥയുമായി ബന്ധപ്പെട്ട ശക്തമായ ഇടിമിന്നൽ ആയിരുന്നുവെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.
തൂത്തുക്കുടിയിൽ ശക്തമായി ചുഴലിക്കാറ്റ്
തൂത്തുക്കുടി വിമാനത്താവള പ്രദേശത്തിന് സമീപത്ത് നിന്നും പ്രദേശവാസികൾ പകർത്തിയ വീഡിയോകളിൽ പൊടിപടലങ്ങളും അവശിഷ്ടങ്ങളും അതിവേഗം ഒരു ചുഴലിക്കാറ്റിന്‍റെ രൂപത്തിൽ ശക്തിയായി മുകളിലേക്ക് ഉയരുന്നത് കാണാം. ഭ്രമണം ചെയ്യുന്ന ഒരു ഫണൽ പോലെ രൂപം പ്രാപിച്ച ശക്തമായ ചുഴലിക്കാറ്റ് വസ്തുക്കളെ വായുവിലേക്ക് ഉയർത്തി. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോകളിൽ തമിഴ്നാടിന്‍റെ ചരിത്രത്തിലെ ആദ്യത്തെ ടോർണാഡോ എന്നാണ് വിശേഷിപ്പിച്ചത്.
വലിയ നാശനഷ്ടം
തൂത്തുക്കുടി - തിരുനെൽവേലി ഹൈവേയിൽ തൂത്തുക്കുടി നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള വാഗൈകുളം, മുടിവൈത്തനേന്ദൽ ഗ്രാമങ്ങളിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടം രേഖപ്പെടുത്തിയത്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു, വൈദ്യുതി തൂണുകൾ ഒടിഞ്ഞു. മേൽക്കൂര ഷീറ്റുകൾ പറന്ന് പോയി. 200 ഓളം വീടുകളുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിൽ വലിയ നാശനഷ്ടമുണ്ടാക്കിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ചുഴലിക്കാറ്റിന് പിന്നാലെ ഫാനുകൾ, മേൽക്കൂര സാമഗ്രികൾ, മറ്റ് വസ്തുക്കൾ എന്നിവ വായുവിലേക്ക് ഉയർന്ന് വളരെ ദൂരത്തേക്ക് പറന്നതായും, അവശിഷ്ടങ്ങൾ പലതും വൈദ്യുതി ലൈനുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നതായും പ്രാദേശികവാസികൾ പറയുന്നു.
വാഗൈകുളം ടോൾ പ്ലാസയ്ക്ക് സമീപമുള്ള ഒരു സ്വകാര്യ തീം പാർക്കിന് വ്യാപകമായ നാശനഷ്ടമുണ്ടായി, കാറ്റിൽ വിനോദ കേന്ദ്രങ്ങൾ നശിച്ചു. പ്രദേശത്ത് വാഹന ഗതാഗവും തടസപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രഥമിക നിഗമനം. പ്രശ്ന ബാധിത റെസിഡൻഷ്യൽ ഏരിയയിൽ മാത്രം ഏകദേശം 2 കോടി രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചെന്നും തീം പാർക്കിലും ടോൾ പ്ലാസയിലും ഉണ്ടായ നാശനഷ്ടങ്ങൾ മൊത്തം 5 കോടി മുതൽ 6 കോടി രൂപ വരെയാകാമെന്നും റിപ്പോർട്ടുകൾ പറയുന്നു. രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. മരണമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. തുറന്ന മൈതാനത്ത് ക്രിക്കറ്റ് കളിച്ചിരുന്നവർ, ശക്തമായ കാറ്റ് തങ്ങളെ നിലത്ത് നിന്ന് ഉയർത്താൻ ശ്രമിച്ചെന്ന് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
'ചുഴലിക്കാറ്റല്ല, വെറും വായുപ്രവാഹം'
അതേസമയം ഈ പ്രതിഭാസത്തെ ഒരു ചുഴലിക്കാറ്റായി വിശേഷിപ്പിക്കാൻ കഴിയില്ലെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3.1 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കിഴക്ക്-പടിഞ്ഞാറ് ന്യൂനമർദം കാരണം തെക്കൻ തമിഴ്‌നാട്ടിൽ ശക്തമായ ഇടിമിന്നൽ ഉണ്ടായതായി കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഈ സംവിധാനം ശക്തമായ പ്രാദേശിക കാറ്റും പൊടിപടലങ്ങളും സഹിതം മുകളിലേക്ക് നീങ്ങുന്ന ശക്തമായ വായുപ്രവാഹങ്ങൾ സൃഷ്ടിച്ചതാണ്. വിമാനത്താവളത്തിന് സമീപം നിരീക്ഷിക്കപ്പെട്ട ഫണൽ പോലുള്ള രൂപം, ഒരു ക്യുമുലോനിംബസ് മേഘത്തിനടിയിലെ മുകളിലേക്കുള്ള ശക്തമായ ഒരു വായുപ്രവാഹമാകാമെന്നും വിദഗ്ദ്ധർ പറയുന്നു. ഇത് പൊടിയും അവശിഷ്ടങ്ങളും അടങ്ങിയ വായുവിനെ ലംബമായി മുകളിലേക്ക് ഉയർത്തുന്നു. ഇതാണ് ചുഴലിക്കാറ്റായി മാറിയതെന്നും മുന്നറിയിപ്പിൽ പറയുന്നു. "തെക്കുപടിഞ്ഞാറൻ മൺസൂൺ സമയത്ത് തൂത്തുക്കുടിയിൽ ടൊർണാഡോകൾ വളരെ അസാധാരണമാണ്, കാരണം സാധാരണയായി ടൊർണാഡോ രൂപപ്പെടുന്നതിന് ആവശ്യമായ അന്തരീക്ഷ സാഹചര്യങ്ങൾ - ശക്തമായ മർദ്ദ വ്യതിയാനങ്ങൾ, ഗണ്യമായ താഴ്ന്ന നിലയിലുള്ള കാറ്റ് ഷിയർ, സംഘടിത കൊടുങ്കാറ്റ്-സ്കെയിൽ ഭ്രമണം - സാധാരണയായി കാണില്ല," കാലാവസ്ഥാ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഒപ്പം തൂത്തുക്കുടിയിൽ ഒരു യഥാർത്ഥ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.


