സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ, യുവാവ് സമോസകൾക്ക് മുകളിൽ ബ്രഷ് ഉപയോഗിച്ച് ബ്രൗൺ നിറം പൂശുന്നത് ആശങ്കയ്ക്ക് വഴിവെച്ചു. ഇത് ആകർഷകമാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ നിറമാണെന്ന് ചിലർ വാദിക്കുമ്പോൾ, സമോസ ചാറ്റിനായി ഉപയോഗിക്കുന്ന ചട്ണിയാണിതെന്ന് മറ്റുചിലർ പറയുന്നു. ഈ സംഭവം തെരുവ് ഭക്ഷണത്തിന്‍റെ ഗുണനിലവാര പരിശോധനയുടെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ന്ത്യൻ തെരുവ് ഭക്ഷണങ്ങളിൽ (Street Food) ഏറ്റവും ജനപ്രിയമായ പലഹാരങ്ങളിൽ ഒന്നാണ് സമോസ. ചൂടുള്ള ചായയ്ക്കൊപ്പം എണ്ണയിൽ പൊരിച്ച് മൊരിഞ്ഞ ഒരു സമോസ കൂടി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സമോസ പ്രേമികളെ ആശങ്കയിലാഴ്ത്തി. തയ്യാറാക്കി വച്ചിരിക്കുന്ന സമോസകൾക്ക് മുകളിൽ ഒരു യുവാവ് ബ്രഷ് ഉപയോഗിച്ച് ബ്രൗൺ നിറം പൂശുന്നതായിരുന്നു വീഡിയോ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.

'സമ്മൂസയ്ക്ക് പെയിന്‍റ് അടിക്കുന്നോ?'

ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോയിൽ, ഒരു വലിയ പാത്രത്തിൽ വച്ചിരിക്കുന്ന സമോസകളിൽ നിന്നും ഒരോന്നോരോന്ന് എടുത്ത് അതിന് മേലെ യുവാവ് ഒരു ബ്രഷ് ഉപയോഗിച്ച് ബ്രൗൺ നിറം പൂശുന്നത് കാണാം. ഒറ്റനോട്ടത്തിൽ സമോസയ്ക്ക് ആകർഷകമായ നിറം നൽകാൻ വേണ്ടി കൃത്രിമ നിറങ്ങൾ (Food color) ചേർക്കുകയാണെന്നേ ആർക്കും തോന്നൂ. വീഡിയോ പുറത്തുവന്നതോടെ ഭക്ഷണത്തിൽ ഇത്തരത്തിൽ മാരകമായ രാസവസ്തുക്കൾ കലർത്തുന്നതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു.

Scroll to load tweet…

'പെയിന്‍റ് അല്ല ചട്ണിയെന്ന് ഒരു വിഭാഗം'

എന്നാൽ, സമൂഹ മാധ്യമ ഉപയോക്താക്കൾ എല്ലാവരും ഇത് യഥാർത്ഥത്തിൽ കൃത്രിമ നിറം ചേർക്കുന്നതാണെന്ന് വിശ്വസിക്കാൻ തയ്യാറായിട്ടില്ല. പിന്നാലെ വീഡിയോയുടെ സത്യാവസ്ഥയെക്കുറിച്ച് വലിയ രീതിയിലുള്ള തർക്കങ്ങളും ചർച്ചകളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. ചിലർ ചൂണ്ടിക്കാണിക്കുന്നത് ഇത് സമോസയ്ക്ക് മുകളിൽ മധുരമുള്ള ചട്ണി (Meethi Chutney) അല്ലെങ്കിൽ തക്കാളി സോസ് തേച്ചുപിടിപ്പിക്കുന്നതാണെന്നാണ്. സാധാരണയായി സമോസ ചാറ്റ് (Samosa Chaat) തയ്യാറാക്കുമ്പോഴോ, അല്ലെങ്കിൽ സമോസയുടെ ഉൾവശം കൂടുതൽ സ്വാദിഷ്ടമാക്കാൻ വേണ്ടിയോ ഇത്തരത്തിൽ ചട്ണി ഉപയോഗിക്കാറുണ്ടെന്നും ഇവർ വാദിക്കുന്നു. പെട്ടെന്ന് ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതാണെന്നാണ് ഇവരുടെ വാദം.

'മായം തന്നെ മായം'

എന്നാൽ മറ്റ് ചിലർ ഇതിനെ ശക്തമായി എതിർത്തു. ഉത്സവ സീസണുകളിലും മറ്റും വിപണിയിൽ ലഭിക്കുന്ന പലഹാരങ്ങൾക്ക് കൂടുതൽ ഭംഗി നൽകാൻ ചില കച്ചവടക്കാർ ഇത്തരത്തിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കാറുണ്ടെന്നും, ഇത് കഴിക്കുന്നവരുടെ ആരോഗ്യത്തിന് തികച്ചും ഹാനികരമാണെന്നും ഇവർ വാദിച്ചു. ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗിക്കുന്ന ഇത്തരം നിറങ്ങൾ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് വരെ കാരണമായേക്കാമെന്നും സർക്കാർ പരിശോധനകൾ ശക്തമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം എവിടെ എത്തിനിൽക്കുന്നു എന്ന് നോക്കൂവെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. അതേസമയം വീഡിയോ എവിടെ എപ്പോൾ ചിത്രീകരിച്ചുവെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അതേസമയം ഭക്ഷണത്തിന്‍റെ ഗുണനിലവാര പരിശോധനകൾ കർശനമാക്കമമെന്ന് മിക്കയാളുകളും ആവശ്യപ്പെട്ടു.