മോട്ടോർസൈക്കിളിൽ വിവിധ രാജ്യങ്ങൾ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന മാർക്ക് പറയുന്നത് ഇന്ത്യയിലേക്ക് താൻ തീർച്ചയായും ഇനിയും വരും എന്നാണ്.
ഇന്ത്യയാണ് തനിക്ക് യാത്ര ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമെന്ന് ജർമ്മനിയിൽ നിന്നുള്ള വിനോദസഞ്ചാരി. മോട്ടോർ സൈക്കിളിൽ ചുറ്റിസഞ്ചരിക്കുന്ന ട്രാവൽ വ്ലോഗറായ യുവാവാണ് ഇന്ത്യയെ പുകഴ്ത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. മാർക്ക് ട്രാവൽസ് എന്നറിയപ്പെടുന്ന മാർക്കസ് ഏംഗൽ പറയുന്നത് ഇന്ത്യയിൽ യാത്ര ചെയ്തപ്പോൾ തോന്നിയ സ്വാതന്ത്ര്യം തനിക്ക് വേറെവിടെ യാത്ര ചെയ്തപ്പോഴും അനുഭവപ്പെട്ടിട്ടില്ല എന്നാണ്. 'ഇന്ത്യ, ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്, പക്ഷേ വീണ്ടും പറയുകയാണ്. ഏത് രാജ്യത്തായാലും എനിക്ക് വളരെ സ്വാതന്ത്ര്യം അനുഭവപ്പെടാറുണ്ട്. എന്നാൽ, ഇതുവരെ ഞാന്‍ പോയിട്ടുള്ള രാജ്യങ്ങളില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇന്ത്യയാണ്' എന്നാണ് മാർക്ക് പറയുന്നത്.
മോട്ടോർസൈക്കിളിൽ വിവിധ രാജ്യങ്ങൾ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന മാർക്ക് പറയുന്നത് ഇന്ത്യയിലേക്ക് താൻ തീർച്ചയായും ഇനിയും വരും എന്നാണ്. 'എനിക്ക് ഏറ്റവും ഇഷ്ടമായത് ഇവിടമാണ്, ഏറ്റവും കൂടുതൽ കാലം ഞാനുണ്ടായിരുന്നതും ഇവിടെയായിരുന്നു. എനിക്ക് അഞ്ച് വർഷത്തെ വിസയുണ്ട്, അതിനാൽത്തന്നെ എനിക്ക് ഇനിയും അവസരം കിട്ടുമ്പോഴെല്ലാം ഞാൻ തീർച്ചയായും ഇവിടെ വരും. ഉറപ്പായും ഞാൻ തിരിച്ചുവരും. എന്തൊരു യാത്രയാണിത്!' എന്നാണ് മാർക്കസ് ഏംഗൽ കുറിച്ചിരിക്കുന്നത്.
രണ്ട് ലക്ഷത്തിലധികം പേരാണ് യുവാവ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്. അനേകങ്ങൾ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള അനുഭവങ്ങളെ കുറിച്ച് മറ്റ് പലരും കമന്റിൽ കുറിച്ചിട്ടുണ്ട്. 'ഇന്ത്യ ഒരു കണ്ണാടി പോലെയാണ് , നിങ്ങൾക്ക് എന്താണോ കാണേണ്ടത് അതാണ് അവിടെ കാണുന്നത്' എന്നാണ് ഒരാൾ കുറിച്ചത്. ഇന്ത്യയിൽ യാത്ര ചെയ്യുന്നതും താമസിക്കുന്നതും ഇഷ്ടപ്പെടുന്നു എന്ന് കമന്റ് നൽകിയവരും ഒരുപാടുണ്ട്.


