‘കഴിഞ്ഞ ആറ് വർഷത്തോളമായി ഞാൻ മറ്റൊരാളുടെ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് ജോലി ചെയ്തത്. എന്നാൽ സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് അറിയണമായിരുന്നു. പ്രായം കൂടുന്തോറും ഉത്തരവാദിത്തങ്ങളും വർദ്ധിക്കും; പിന്നീട് ഇത്തരമൊരു മാറ്റത്തിലേക്ക് കാലെടുത്തുവെക്കുക എന്നത് ഏറെ പ്രയാസകരമായിരിക്കും.’

സാധാരണ തുടർന്നുവരുന്ന കരിയർ പാതകളിൽ നിന്ന് മാറി, സ്വന്തം വഴി കണ്ടെത്താനായി ബിഗ് ടെക് കമ്പനിയിലെ ലക്ഷങ്ങൾ ശമ്പളമുള്ള പ്രൊഡക്റ്റ് മാനേജർ പദവി രാജിവെച്ച് ഇന്ത്യൻ യുവാവ്. പ്രമുഖ ആഗോള ടെക് കമ്പനിയിൽ പ്രൊഡക്റ്റ് മാനേജറായി ജോലി ചെയ്തിരുന്ന തേജ എന്ന യുവാവാണ് തന്റെ ജീവിതത്തിലെ നിർണായകമായ ഈ മാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

കഴിഞ്ഞ ജൂലൈ 31 ആയിരുന്നു കമ്പനിയിലെ തന്റെ അവസാന പ്രവൃത്തിദിനമെന്നും ജോലി ഉപേക്ഷിച്ച് ഒരു മാസം പിന്നിടുമ്പോൾ കരിയറിലെ ഈ വലിയ മാറ്റത്തെക്കുറിച്ച് തുറന്നുപറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ തേജ വ്യക്തമാക്കുന്നു. ഉയർന്ന ശമ്പളവും സുരക്ഷിതത്വവുമുള്ള ജോലി ഉപേക്ഷിക്കാനുണ്ടായ പ്രധാന കാരണങ്ങളെക്കുറിച്ച് തേജ കുറിച്ചത് ഇങ്ങനെയാണ്: 'കഴിഞ്ഞ ആറ് വർഷത്തോളമായി ഞാൻ മറ്റൊരാളുടെ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് ജോലി ചെയ്തത്. എന്നാൽ സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് അറിയണമായിരുന്നു. പ്രായം കൂടുന്തോറും ഉത്തരവാദിത്തങ്ങളും വർദ്ധിക്കും; പിന്നീട് ഇത്തരമൊരു മാറ്റത്തിലേക്ക് കാലെടുത്തുവെക്കുക എന്നത് ഏറെ പ്രയാസകരമായിരിക്കും. ഇപ്പോഴല്ലെങ്കിൽ ഇനിയൊരിക്കലും അതിന് സാധിച്ചെന്ന് വരില്ല.

എഐയും മാറുന്ന തൊഴിൽ സംസ്കാരവും ദ്രുതഗതിയിലുള്ള മാറ്റങ്ങളും തന്റെ തീരുമാനത്തെ സ്വാധീനിച്ചതായി തേജ ചൂണ്ടിക്കാട്ടുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് വരുമാനമാർഗ്ഗങ്ങൾ കണ്ടെത്താൻ ഒരുപാട് സാധ്യതകൾ നിലവിലുണ്ടെന്നും, ആ മാറ്റങ്ങളെ പുറത്തുനിന്ന് നോക്കിക്കാണുന്നതിനേക്കാൾ അതിന്റെ ഭാഗമായി മാറുക എന്നതാണ് തനിക്കിഷ്ടമെന്നും തേജ കൂട്ടിച്ചേർത്തു. ഇനി മുന്നോട്ടുള്ള യാത്ര ഏത് ദിശയിലേക്കാണെന്ന് കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലെന്നും, ഈ പുതിയ കരിയർ മാറ്റത്തിന്റെ ഓരോ ഘട്ടങ്ങളും സോഷ്യൽ മീഡിയയിലൂടെ രേഖപ്പെടുത്തുമെന്നും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

View post on Instagram

ധീരമായ ഈ തീരുമാനത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ ആശംസകളുമായി രംഗത്തെത്തുന്നത്. കരിയറിലെ സുരക്ഷിതത്വത്തേക്കാൾ സ്വന്തം സ്വപ്നങ്ങൾക്കും സ്വാതന്ത്ര്യത്തിനും മുൻഗണന നൽകിയ തേജയുടെ ചിന്താഗതി വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.